ഇനി നസ്ലിന്റെ നായികയാകാനാകില്ല? നയൻതാരയ്ക്ക് തെലുങ്കിൽ സംഭവിച്ചത് മമിതയ്ക്കും? ചർച്ച
തെന്നിന്ത്യൻ സിനിമാ രംഗത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ നിരവധി പുതുമുഖ നടിമാർ വന്നിട്ടുണ്ട്. എന്നാൽ ഇവരിൽ കുറച്ച് പേർക്ക് മാത്രമേ ജനപ്രീതി നേടാനായുള്ളൂ. ഇതിൽ ഒരാളാണ് മമിത ബെെജു. പ്രേമലുവിന്റെ വിജയത്തോടെ മമിത മുൻനിര നായിക നടിയായി മാറി. തെന്നിന്ത്യയിലെ താരമായി മമിത മാറുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. മമിതയുടെ പുതിയ സിനിമകളിൽ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്. വിജയ്ക്കൊപ്പമെത്തുന്ന ജന നായകൻ എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിനൊപ്പം സൂര്യ, ധനുഷ് എന്നിവരുടെ സിനിമകളിലും മമിത അഭിനയിക്കുന്നെന്നാണ് റിപ്പോർട്ടുകൾ.
പോർ തൊഴിൽ എന്ന തമിഴ് സിനിമയുടെ സംവിധായകൻ വിഘ്നേശ് രാജയുടെ അടുത്ത സിനിമയിൽ ധനുഷാണ് നായകനെന്നും മമിതയെ നായികയായി പരിഗണിച്ചെന്നും റിപ്പോർട്ടുകളുണ്ട്. സംവിധായകൻ വെങ്കി അത്ലുരിയും സൂര്യയും ഒന്നിക്കുന്ന അടുത്ത സിനിമയിൽ മമിതയെ നായികയാകും. ഈ സിനിമകൾ വന്നാൽ തമിഴ് സിനിമാ രംഗത്ത് നിലയുറപ്പിക്കാൻ പോകുന്ന അടുത്ത മലയാളി നടിയായിരിക്കും മമിത ബെെജു. നയൻതാര, അമല പോൾ തുടങ്ങിയവരുടെ വിജയഗാഥ മമിത ബെെജുവിനും ആവർത്തിക്കാൻ പറ്റുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് മറ്റൊരു തരത്തിൽ ചർച്ച നടക്കുന്നുണ്ട്. സൂര്യ ഇന്ന് പ്രായമായ താരമാണ്. 49 കാരനാണ് സൂര്യ.വിജയുടെ പ്രായം 50 ഉം. യുവ നടിയായ മമിത ഇവരുടെ നായികയായാൽ സ്റ്റീരിയോ ടെെപ്പ് ചെയ്യപ്പെടുമെന്നാണ് വാദം.
'സൂര്യ സാറും മമിതയും ജോഡികൾ ആയി വന്നാൽ അത് ഏറ്റവും ദോഷം ചെയ്യാൻ പോവുന്നത് മമിതക്കു തന്നെ ആവും. കാരണം ഒരു തവണ ഒരു സീനിയർ ഹീറോയുടെ നായിക ആയാൽ യങ് ഹീറോസ് ഒന്നും പിന്നെ അവരെ തങ്ങളുടെ നായിക ആക്കില്ല. അങ്ങനെ വളരെ പെട്ടെന്നു തന്നെ ഫീൽഡ് ഔട്ട് ആവുകയോ അല്ലെങ്കിൽ ഫീൽഡിൽ പിടിച്ചു നിൽക്കാൻ മുത്തച്ഛന്റെ പ്രായം ഉള്ള നടന്മാരുടെ നായികാ ആവുകയോ ചെയ്യണം. ഇനി ഇപ്പോ പെങ്ങൾ റോൾ, വളർത്തു മകൾ റോൾ ഒക്കെ ആണേൽ നല്ലതു ആവും.സൂര്യ സാറിന്റെ നായിക ആയി വന്നാൽ പിന്നെ നസ്ലൻ ഒന്നും നായിക ആയി അടുപ്പിക്കില്ല,' ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നതിങ്ങനെ.

ഈ വാദത്തിന് ഉദാഹരണമായി തെലുങ്ക് സിനിമാ രംഗത്ത് നയൻതാര, തൃഷ എന്നീ നടിമാർക്ക് ഇപ്പോൾ ലഭിക്കുന്ന റോളുകൾ ചൂണ്ടിക്കാട്ടി. ചിരഞ്ജീവി, ബാലകൃഷ്ണ എന്നീ നടിമാരുടെ നായികയായി മാത്രമേ തെലുങ്ക് സിനിമകളിൽ വർഷങ്ങളായി നയൻതാരയെ കാണാറുള്ളൂ. തൃഷ വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്ന തെലുങ്ക് ചിത്രം വിശ്വംഭരയിൽ ചിരഞ്ജീവിയാണ് നായകൻ. നയൻതാരയും ചിരഞ്ജീവിയും ഗോഡ്ഫാദറിന് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന തെലുങ്ക് ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു.
ചിരഞ്ജീവിക്കും ബാലകൃഷ്ണയ്ക്കുമൊപ്പം നായികയായി എത്തിയാൽ തെലുങ്കിലെ യുവ താരങ്ങൾക്കാെപ്പം അവസരം ലഭിക്കുക സാധ്യമല്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം തെലുങ്കിലെ യഥാസ്ഥിതിക, സ്റ്റീരീയോ ടെെപ്പ് സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് തമിഴ് സിനിമാ ലോകം. അതിനാൽ മമിതയുടെ ഗ്രാഫും ഇങ്ങനെയാകുമെന്ന് പറയാൻ പറ്റില്ല.


Click it and Unblock the Notifications











