ഇത് ആരുടെ ഐഡിയ ആണ്? വേണ്ടായിരുന്നു, സ്വയം ചെയ്താൽ പോരായിരുന്നോ?; മമിതയോട് ആരാധകർ
മലയാള സിനിമാ ലോകത്തെ പുത്തൻ താരോദയമായി മാറിയിരിക്കുകയാണ് മമിത ബൈജു. യുവനായികമാരുടെ ഒരു നിര തന്നെയുണ്ടെങ്കിലും ഇവർ ശ്രദ്ധിക്കപ്പെടാൻ പറ്റിയത് അനശ്വര രാജൻ, മമിത ബൈജു എന്നിവർക്കാണ്. സാനിയ ഇയപ്പൻ, പ്രിയ വാര്യർ, ദേവിക സഞ്ജയ് തുടങ്ങിയ നടിമാരെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെങ്കിലും നായിക നിരയിലേക്ക് സ്ഥാനം ലഭിച്ചത് മമിതയ്ക്കും അനശ്വരയ്ക്കുമാണ്. പ്രത്യേകിച്ചും പ്രേമലുവിന്റെ വിജയത്തിന് ശേഷം മമിതയ്ക്ക് തമിഴകത്തും തെലുങ്കിലും വൻ ആരാധക വൃന്ദമാണ്.
സൂപ്പർ ശരണ്യയാണ് മമിതയ്ക്ക് കരിയറിൽ വഴിത്തിരിവായ സിനിമ. പ്രേമലു കൂടി ഹിറ്റായതോടെ മമിത മുൻനിര നായികാ സ്ഥാനത്തേക്ക് എത്തി. സോഷ്യൽ മീഡിയയിൽ മമിതയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിക്കൊണ്ടിരിക്കുകയാണ്. വനിത ഫിലിം അവാർഡ്സിൽ നിന്നുള്ള മമിതയുടെ ദൃശ്യങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. പ്രേമലുവിലെ ഗാനത്തിന് ചുവട് വെക്കുന്ന മമിതയെയാണ് വീഡിയോയിൽ കാണുന്നത്.

മികച്ച രീതിയിൽ ഡാൻസ് ചെയ്തെങ്കിലും പലർക്കും ഈ പെർഫോമൻസ് ഇഷ്‌ടപ്പെട്ടിട്ടില്ല. ഇവർ ഇതിന് കാരണമായി പറയുന്നത് മമിതയുടെ കോസ്റ്റ്യൂമാണ്. കോസ്റ്റ്യൂമും ഹെയർസ്റ്റെെലും മമിതയ്ക്ക് ചേരുന്നില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഈ കോസ്റ്റ്യൂം വേണ്ടായിരുന്നു, ബോറായിരുന്നു, മോശം കോസ്റ്റ്യൂം സെലക്ഷൻ എന്നിങ്ങനെയാണ് കമന്റുകൾ.
'കോസ്റ്റ്യൂം ഡിസൈൻ, ഹെയർ സ്റ്റെെൽ ഇത് വേണ്ടായിരുന്നു, കൊറിയോഗ്രാഫറുടെ ഐഡിയ ആണോ ഇത്. തനിക്ക് തന്നെ കോസ്റ്റ്യൂം സെലക്ഷൻ ചെയ്താൽ മതിയായിരുന്നു. തനിക്ക് അവരേക്കാൾ കോസ്റ്റ്യൂം സെൻസും മേക്കപ്പ് സെൻസും ഉണ്ട്,' എന്നാണ് ഒരാളുടെ കമന്റ്. പൊതുവെ സോഷ്യൽ മീഡിയ ട്രോളുകൾ മമിതയ്ക്ക് അധികം വന്നിട്ടില്ല. വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുന്ന നടിയാണ് മമിത.

അടുത്തിടെ സംവിധായകൻ ബാലയെക്കുറിച്ച് മമിത നടത്തിയ പരാമർശം ചർച്ചയായി. വണങ്കാൻ എന്ന തമിഴ് സിനിമയുടെ സെറ്റിൽ വെച്ച് ബാല തന്നോട് ദേഷ്യപ്പെട്ടെന്നും തല്ലിയെന്നും മമിത തുറന്ന് പറഞ്ഞു. ഈ സിനിമയിൽ നിന്ന് മമിത പിന്മാറുകയാണുണ്ടായത്. ഇതിന് കാരണം ബാലയുടെ പെരുമാറ്റമാണെന്ന് സോഷ്യൽ മീഡിയയിൽ വ്യാഖ്യാനം വന്നു.
ഇതോടെ വിശദീകരണവുമായി മമിത രംഗത്ത് വന്നു. തന്റെ പരാമർശം വളച്ചൊടിച്ചതാണെന്നും ബാല തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും മമിത പറഞ്ഞു. മറ്റ് സിനിമകളുടെ കമ്മിറ്റ്മെന്റ് കാരണമാണ് വണങ്കാനിൽ നിന്നും പിന്മാറേണ്ടി വന്നതെന്നും മമിത വ്യക്തമാക്കി. പ്രേമലു മലയാളത്തിലേത് പോലെ തമിഴിലും തെലുങ്കിലും വൻ ഹിറ്റായിരുന്നു. മമിതയെ തേടി ഈ ഇൻഡസ്ട്രികളിൽ നിന്നും മികച്ച അവസരങ്ങൾ വരുന്നുണ്ടെന്നാണ് സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മമിതയ്ക്ക് വോട്ടില്ലാത്തത് കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ട് പാഴാക്കരുത് എന്ന സന്ദേശം പ്രചരിപ്പിക്കുന്ന സ്വീപ് യൂത്ത് ഐക്കണായിരുന്നു മമിത. പക്ഷെ തെരഞ്ഞെടുപ്പിൽ മമിതയ്ക്ക് വോട്ടില്ല. വോട്ടർ പട്ടികയിൽ മമിതയുടെ പേരില്ലാത്തതാണ് കാരണം. മമിതയുടെ കന്നി വോട്ടായിരുന്നു.


Click it and Unblock the Notifications