മമ്മൂക്കയുടെ മുഖം കണ്ടപ്പോഴെ ലാലിന്റെ കണ്ണ് നിറഞ്ഞു, രണ്ട് ആളുകൾക്കും ഒരേ മനസ്; 43 വർഷത്തെ സ്നേഹവും സൗഹൃദവും!
മലയാള സിനിമയോട് ചേർത്ത് നാൽപ്പത് വർഷത്തിൽ ഏറെയായി കേൾക്കുന്ന രണ്ട് പേരുകളാണ് മമ്മൂട്ടി, മോഹൻലാൽ എന്നത്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ രണ്ട് ആളുകൾ. ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരുടെ ലിസ്റ്റെടുത്താൽ ആദ്യ പത്തിൽ ഇടം പിടിക്കാൻ യോഗ്യതയുള്ളവർ. സിനിമയ്ക്ക് അകത്തും പുറത്തും വൈരാഗ്യമോ വിദ്വേഷമോ അസൂയയോ ഇല്ലാതെ ഈ രണ്ട് മഹാത്ഭുതങ്ങളും എങ്ങനെയാണ് സൗഹൃദം കാത്തുസൂക്ഷിക്കുന്നതെന്നത് മറ്റ് ഭാഷകളിലുള്ള സിനിമാ താരങ്ങളേയും ആരാധകരേയും പോലും അതിശയിപ്പിക്കുന്ന ഒന്നാണ്.
സൂപ്പർ താരങ്ങളായ ഇരുവരും ചേർന്ന് 54 ഓളം സിനിമകളാണ് ഇതുവരെ മലയാളത്തിൽ ചെയ്തത്. ലോക സിനിമയിൽ ഇങ്ങനൊരു കൂട്ടുകെട്ടിൽ മറ്റാരും ഇത്രയേറെ സിനിമകൾ ചെയ്തിട്ടുണ്ടാവില്ല. അന്നും ഇന്നും സഹപ്രവർത്തകർ എന്നതിലുപരി സഹോദര ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്.

മോഹൻലാലിന്റെ പ്രിയപ്പെട്ട ഇച്ചാക്കയാണ് മമ്മൂട്ടി. ആ വിളിക്ക് 43 വർഷത്തിന്റെ അടുപ്പവുമുണ്ട്. പ്രിയപ്പെട്ട മമ്മൂക്കയുടെ രോഗത്തെ പറ്റിയുള്ള വാർത്ത എല്ലാ സിനിമാപ്രേമികളേയും എന്നപോലെ അദ്ദേഹത്തിന്റെ സ്വന്തം ലാലിനേയും സങ്കടപ്പെടുത്തിയിരുന്നു. അതുകൊണ്ട് കൂടിയാണ് ആരാധകരെപ്പോലെ അദ്ദേഹവും തന്റെ ഇച്ചാക്കയ്ക്ക് വേണ്ടി തന്റെ ഇഷ്ട ദൈവങ്ങളോട് മനസുരുകി പ്രാർത്ഥിച്ചതും.
മെഗാസ്റ്റാറിന്റെ പിറന്നാൾ ദിനത്തിൽ മറ്റൊരു വീഡിയോ കൂടി സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്. ഇന്ന് സംപ്രേഷണം ചെയ്യാൻ പോകുന്ന ബിഗ് ബോസ് വീക്കെന്റ് എപ്പിസോഡിൽ മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് ഷോ ആങ്കർ ചെയ്യാനായി എത്തിയപ്പോൾ മോഹൻലാൽ ധരിച്ച ഷർട്ടിൽ മമ്മൂട്ടിയുടെ വിവിധ ഫോട്ടോകളാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. ലാലേട്ടൻ ഇൻ മമ്മൂക്ക മോഡ് എന്ന ടൈറ്റിലിലാണ് ഏഷ്യാനെറ്റ് വീഡിയോ പുറത്തുവിട്ടത്.
മലയാളിക്ക് ഇത് ഒരു അത്ഭുതമല്ല. ലാലും മമ്മൂട്ടിയും കരിയർ തുടങ്ങിയ കാലം മുതൽ അവരുടെ പേരിൽ ഇവിടെ ഫാൻ ഫൈറ്റുകൾ കൊടുമ്പിരി കൊള്ളുമ്പോഴും തങ്ങളിലൊരാളുടെ പരാജയത്തിലൂടെ മറ്റൊരാൾക്ക് ഒന്നുകൂടി ഉയരാം എന്നത് നിലനിൽക്കുമ്പോഴും ഇരുവരും തമ്മിൽ നല്ല സൗഹൃദം ഉണ്ടായിരുന്നു.
ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ മോഹൻലാൽ അതിഥിയായി എത്തിയപ്പോൾ മമ്മൂട്ടി ചോദിച്ച ചോദ്യവും ലാൽ നൽകിയ മറുപടിയുമാണ് ചർച്ചയാകുന്നത്. ഒരുപാട് ചോദ്യങ്ങൾ ഞാൻ നിങ്ങളോടും നിങ്ങൾ എന്നോടും പല പ്രാവശ്യം ചോദിക്കുകയും പരസ്പരം മറുപടികൾ പറയുകയും ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുള്ളവരാണ്. പക്ഷെ ഇന്ന് വളരെ പൊതുവായ ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുകയാണ്.

ഓരേ രംഗത്ത് പരസ്പരം മത്സര ബുദ്ധിയോടെ പ്രവർത്തിക്കുന്ന രണ്ട് ആളുകൾ തമ്മിലുള്ള സൗഹൃദ ബന്ധത്തിന് എത്രത്തോളം ആഴവും ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടാകും?. നമ്മളെ ഉദാഹരണമായി കാണരുത് എന്നതായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. പരസ്പരം ഉള്ള വ്യക്തി ബന്ധവും ആത്മാർത്ഥതയും എന്താണെന്നതാണ് ഇതിന്റെ ബന്ധം. മമ്മൂട്ടിക്കയെ എനിക്ക് വർഷങ്ങളായി അറിയാം. 54 ഓളം സിനിമകൾ ഒരുമിച്ച് ചെയ്തു.
മറ്റൊരു ഭാഷയിലും ആരും ഇത്രത്തോളം സിനിമ ഒരുമിച്ച് ചെയ്തിട്ടില്ല. എംജിആർ-ശിവാജി ഗണേശൻ, അമിതാഭ് ബച്ചൻ-ധർമ്മേന്ദ്ര, സത്യൻ-പ്രേം നസീർ എന്നിങ്ങനെ രണ്ടുപേർ എല്ലാ സമയത്തും ഉണ്ടായിട്ടുണ്ട്. പക്ഷെ ഞങ്ങൾ മാത്രമെ ഒരുമിച്ച് ഇത്രത്തോളം സിനിമ ചെയ്തിട്ടുള്ളു. മലയാളത്തിൽ ജോലി ചെയ്തതുകൊണ്ടും കേരളത്തിൽ ജനിച്ചതുകൊണ്ടും മാത്രം സംഭവിച്ചതാണെന്ന് വിശ്വസിക്കുന്നു. പരസ്പരം റെസ്പെക്ട് ചെയ്യുക എന്നതാണ് ബേസിക്ക് കാര്യം.
രണ്ട് മനുഷ്യരാണ്. ദൈവം സൃഷ്ടിച്ച രണ്ട് ജീവനാണ്. അദ്ദേഹം എന്റെ സുഹൃത്താകുമ്പോൾ അദ്ദേഹം ചെയ്ത എല്ലാ പ്രവൃത്തികളേയും ഞാൻ അംഗീകരിക്കേണ്ടതാണ്. പ്രൊഫഷണലി ഒരു ഈഗോയും എന്റെ ഭാഗത്ത് നിന്ന് അദ്ദേഹത്തിനോട് ഉണ്ടായിട്ടില്ലെന്നുമാണ് മോഹൻലാൽ നൽകിയ മറുപടി. മമ്മൂക്കയുടെ മുഖം കണ്ടപ്പോഴെ ലാലിന്റെ കണ്ണ് നിറഞ്ഞുവെന്നും രണ്ട് ആളുകൾക്കും ഒരേ മനസാണെന്നത് വ്യക്തമാകുന്ന വീഡിയോ ആണെന്നുമെല്ലാമാണ് കമന്റുകൾ.


Click it and Unblock the Notifications











