മാമാങ്കം നായിക പ്രാചിയുടെ കാലില്‍ ചവിട്ടി മമ്മൂട്ടി! നിമിഷനേരം കൊണ്ട് തെറ്റ് തിരുത്തി മെഗാസ്റ്റാറും
മമ്മൂട്ടി ചിത്രമായ മാമാങ്കം ബിഗ് റിലീസിനൊരുങ്ങുകയാണ്. ഡിസംബര്‍ പന്ത്രണ്ടിന് മലയാളമടക്കം നാല് ഭാഷകളിലായി തിയറ്ററുകളിലേക്ക് എത്തുന്ന സിനിമയുടെ പ്രമോഷന്‍ വലിയ രീതിയില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാമാങ്കത്തിലെ മുന്‍നിര താരങ്ങളെല്ലാവരും മുംബൈയില്‍ എത്തിയിരുന്നു. പ്രമോഷനൊപ്പം മാമാങ്കത്തിന്റെ ഹിന്ദി ട്രെയിലര്‍ ലോഞ്ചും ഇവിടെ വെച്ച് നടന്നിരുന്നു.
മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, പ്രാചി തെഹ്ലന്‍, സുദേവ് നായര്‍, ഇനിയ, മാസ്റ്റര്‍ അച്യുതന്‍, എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. മാമാങ്കത്തെ കുറിച്ചുള്ള രസകരമായ പല വെളിപ്പെടുത്തലുകളും ഇവിടെ വെച്ച് താരങ്ങള്‍ പറഞ്ഞിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നു. എന്നാല്‍ മമ്മൂട്ടിയുടെ മറ്റൊരു രസകരമായ പ്രവര്‍ത്തിയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ട്രെയിലര്‍ ലോഞ്ചിന് ശേഷം മാധ്യമ പ്രവര്‍ത്തകരോടും മറ്റുമായി സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്തിരുന്നു. താരങ്ങളെല്ലാം കസേരകളിലായി നിരന്നാണ് ഇരുന്നിരുന്നത്. വേദിയില്‍ അടുത്തിരുന്ന നായിക പ്രാചിയുടെ കാലില്‍ അറിയാതെ മമ്മൂട്ടി തട്ടി പോയി. ഉടനെ മമ്മൂട്ടി പ്രാചിയുടെ കാലില്‍ തൊട്ട് വന്ദിച്ച് ക്ഷമാപണം നടത്തിയിരിക്കുകയാണ്. ഇതിന്റെ വീഡിയോസ് ആണ് പുറത്ത് വന്നത്. ചെറിയൊരു തെറ്റിന് വരെ മെഗാസ്റ്റാര്‍ കാണിച്ച മാതൃക പ്രശംസിനിയമെന്നാണ് ആരാധകര്‍ പറയുന്നത്.

നിമിഷ നേരം കൊണ്ട് തന്നെ ഈ വീഡിയോ മമ്മൂട്ടി ഫാന്‍സ് ക്ലബ്ബുകാര്‍ ഏറ്റെടുത്തു. മാമാങ്കത്തിന് ആശംസ അറിയിക്കുന്നതിനൊപ്പം എല്ലാവര്‍ക്കും പറയാനുള്ളത് ഇക്കാര്യമായിരുന്നു. ചിലര്‍ തുറപ്പുഗുലാനിലെ മമ്മൂട്ടിയെ കുറിച്ചായിരുന്നു പറഞ്ഞത്. അപ്പന്റെ ആഗ്രഹപ്രകാരം ഡാന്‍സ് പഠിക്കാന്‍ പോയ ഗുലാന്‍ മറ്റ് കുട്ടികളെ ചവിട്ടി കാലൊടിക്കുന്ന രസകരമായ നിമിഷം പലര്‍ക്കും ഓര്‍മ്മ വരും. മാമാങ്കത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ക്കൊപ്പം തെലങ്കാനയില്‍ വനിത മൃഗഡോകറിനെ പീഡിപ്പിച്ച് കൊന്ന സംഭവത്തെ കുറിച്ചും മെഗാസ്റ്റാര്‍ പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി വിലയിരുത്തപ്പെട്ടിരിക്കുന്ന മാമാങ്കം ഡിസംബര്‍ പന്ത്രണ്ടിനാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. മലയാളം ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മുതല്‍ മുടക്കുള്ള സിനിമ കൂടിയാണിത്. അമ്പത് കോടി രൂപയോളം മുതല്‍ മുടക്ക് ആവശ്യമായി വന്ന മാമാങ്കം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് കേരളത്തിലും വിദേശത്തുമടക്കം വലിയ റിലീസ് ആണ് ഒരുക്കിയിരിക്കുന്നത്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലും മാമാങ്കം ഒന്നിച്ച് റിലീസ് ചെയ്യും. ചെന്നൈയില്‍ വെച്ചായിരുന്നു ആദ്യ പ്രമോഷന്‍ പരിപാടി. പിന്നീട് ഹൈദരാബാദില്‍ നിന്നും തെലുങ്ക് വേര്‍ഷനും മുംബൈയില്‍ നിന്ന് ഹിന്ദി വേര്‍ഷന്റെ പ്രമോഷനും താരങ്ങള്‍ പങ്കെടുത്തിരുന്നു. ആഗോളതലത്തില്‍ സര്‍വ്വകാല റെക്കോര്‍ഡുകളെല്ലാം മാമാങ്കം ഒറ്റ വരവോട് കൂടി തന്നെ തകര്‍ക്കുമെന്നാണ് കരുതുന്നത്. വര്‍ഷങ്ങളായി മലയാള സിനിമാപ്രേമികളുടെ പ്രതീക്ഷയാണ് മാമാങ്കം.


Click it and Unblock the Notifications