'കല്യാണത്തലേന്ന് കളറായി...'; ഭാഗ്യയെ അനുഗ്രഹിക്കാൻ മലയാളത്തിന്റെ ബിഗ് 'എമ്മുകൾ' കുടുംബസമേതം എത്തിയപ്പോൾ!
ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് നടൻ സുരേഷ് ഗോപിയും കുടുംബവും കടന്നുപോയികൊണ്ടിരിക്കുന്നത്. കാരണം സുരേഷ് ഗോപിയുടെ നാല് മക്കളിൽ ഒരാൾ വിവാഹിതയായി കുടുംബജീവിതത്തിലേക്ക് കടക്കാൻ പോവുകയാണ്. അത് മറ്റാരുമല്ല സുരേഷ് ഗോപി-രാധിക ദമ്പതികളുടെ രണ്ട് പെൺമക്കളിൽ മൂത്തവളായ ഭാഗ്യയാണ് സുമംഗലിയാകാൻ പോകുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കല്യാണമേളവും അതുമായി ബന്ധപ്പെട്ട ചടങ്ങുകളുമാണ് സുരേഷ് ഗോപിയുടെ വീട്ടിൽ നടക്കുന്നത്.
ഇതിനോടകം നിരവധി സെലിബ്രിറ്റികൾ ഭാഗ്യയുടെ സംഗീത്, ഹൽദി ചടങ്ങുകളിൽ പങ്കെടുത്ത് കഴിഞ്ഞു. കഴിഞ്ഞ ദിവസം ഭാഗ്യയ്ക്ക് ആശംസകൾ നേരാൻ സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ ദിലീപും കാവ്യ മാധവനും എത്തിയിരുന്നു. തൊണ്ണൂറുകളിൽ തനിക്കൊപ്പം സിനിമകളിൽ അഭിനയിച്ചിരുന്ന നായികമാരെ അടക്കം സുരേഷ് ഗോപി വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്.

അവരിൽ പലരും നാളെ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഗുരുവായൂരിൽ എത്തി കഴിഞ്ഞു. കല്യാണത്തലേന്നും നിരവധി പരിപാടികൾ സുരേഷ് ഗോപിയും കുടുംബവും മകൾക്കായി ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ പ്രിയപ്പെട്ട സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനും അവളെ അനുഗ്രഹിക്കാനും മലയാള സിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹൻലാലും എത്തി ചേർന്നിരിക്കുകയാണ്.
കുടുംബസമേതമാണ് രണ്ടുപേരും എത്തിയത്. മമ്മൂട്ടിയും മോഹൻലാൽ അടക്കം വമ്പൻ താരനിര സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് തലേന്നുള്ള പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. മലയാള സിനിമയിലെ മൂന്നാമന്റെ മകളുടെ വിവാഹത്തിൽ അവർ മൂന്നുപേരും കുടുംബസമേതം ഒത്തുക്കൂടിയപ്പോൾ എന്നൊക്കെ തലക്കെട്ട് നൽകിയാണ് ഭാഗ്യയ്ക്കൊപ്പം നിൽക്കുന്ന താരരാജക്കന്മാരുടെ ഫോട്ടോകൾ പ്രചരിക്കുന്നത്.
വെളുത്ത മുണ്ടും ഷർട്ടുമാണ് മമ്മൂട്ടിയുടെ വേഷം. കരിനീല നിറത്തിലുള്ള സിപിംൾ സാരിയാണ് മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് ധരിച്ചിരുന്നത്. മെറൂൺ നിറത്തിലുള്ള കുർത്തയും കസവും മുണ്ടും ധരിച്ച് നാടൻ ലുക്കിലാണ് മോഹൻലാൽ എത്തിയത്. നീല നിറത്തിലുള്ള കുർത്തയായിരുന്നു സുചിത്രയുടെ വേഷം.
മമ്മൂട്ടി മോഹൻലാൽ കുടുംബത്തോടൊപ്പം സുരേഷ് ഗോപിയേയും ഭാര്യ രാധികയേയും മക്കളായ ഗോകുൽ, മാധവ്, ഭാവ്നി എന്നിവരെയും കാണാം. എല്ലാവരും കസവ് വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ഗോപി, മമ്മൂട്ടി, മോഹൻലാൽ കുടുംബത്തെ ഒറ്റ ഫ്രെയിമിൽ ആരാധകർക്ക് കാണാൻ സാധിക്കുന്നത്.

കല്യാണത്തലേന്ന് ഗുരുവായൂരിൽ എന്ന തലക്കെട്ടോടെ സൂപ്പർതാരങ്ങളുടെ കുടുംബഫോട്ടോ അതിവേഗത്തിൽ സോഷ്യൽമീഡിയയിൽ വൈറലായി. മാവേലിക്കര സ്വദേശിയാണ് ഭാഗ്യയുടെ വരൻ ശ്രേയസ്. ബിസിനസ് പ്രൊഫഷണലാണ്. കഴിഞ്ഞ വർഷം വളരെ ലളിതമായ രീതിയിൽ സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. വിദേശപഠനം കഴിഞ്ഞ് നാട്ടിലെത്തിയ സമയത്താണ് ഭാഗ്യയുടെ വിവാഹം.
വിവാഹശേഷം ജനുവരി 20ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രൗഢഗംഭീര വിവാഹപാർട്ടി സുരേഷ് ഗോപി പ്ലാൻ ചെയ്യുന്നുണ്ട്. ഗുരുവായൂരിൽ വെച്ചാണ് താലികെട്ട്. ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുത്ത് അനുഗ്രഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള രാഷ്ട്രീയ പ്രമുഖരും എത്തിച്ചേരുമെന്നാണ് റിപ്പോർട്ട്.
മകളുടെ വിവാഹം സുരേഷ് ഗോപിയുടെ ഏറെ നാളുകളായുള്ള സ്വപ്നമാണ്. ലക്ഷ്മ എന്ന മൂത്ത മകളെ നഷ്ടപ്പെട്ടശേഷം പെൺമക്കളെന്നാൽ ജീവനാണ് സുരേഷ് ഗോപിക്ക്. ലക്ഷ്മി ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അവൾ വിവാഹിതയായി എനിക്കൊരു പേരക്കുട്ടിയെ കിട്ടുമായിരുന്നുവെന്ന് പലപ്പോഴും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്.
മകളുടെ വിവാഹത്തിന് മുന്നോട് തൃശൂർ ലുർദ് പള്ളിയിലെ മാതാവിന് അഞ്ച് പവനിൽ തീർത്ത സ്വർണ്ണ കിരീടം സുരേഷ് ഗോപി സമർപ്പിച്ചിരുന്നു. ഏറെ നാളുകളായുള്ള നേർച്ചയാണ് സുരേഷ് ഗോപി നിറവേറ്റിയത്. മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളും ക്ഷണനവും മാസങ്ങൾക്ക് മുമ്പ് തന്നെ സുരേഷ് ഗോപി ആരംഭിച്ചിരുന്നു. ഭാഗ്യയെ നാളെ വിവാഹ വേഷത്തിൽ കാണാനാണ് ആരാധകരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications