മമ്മൂട്ടി ക്ലാസായപ്പോൾ മോഹന്‍ലാല്‍ മാസ് കാണിച്ചു! 24 വര്‍ഷം മുന്‍പ് മലയാളത്തിൽ നടന്ന ചരിത്രമിങ്ങനെ..
മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമ ഏതൊക്കെയാണെന്ന് ചോദിച്ചാല്‍ ആദ്യം പറയുന്നത് സ്ഫടികം ആയിരിക്കും. ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സ്ഫടികം 1995 മാര്‍ച്ച് മുപ്പതിനായിരുന്നു റിലീസിനെത്തുന്നത്. ഭദ്രന്‍ തിരക്കഥ എഴുതിയ സിനിമയ്ക്ക് രാജേന്ദ്രബാബുവായിരുന്നു സംഭാഷണം ഒരുക്കിയത്. ആ വര്‍ഷം ഏറ്റവുമധികം സാമ്പത്തിക ലാഭം കിട്ടിയ സിനിമയും സ്ഫടികമായിരുന്നു.
അന്നത്തെ കാലത്ത് അഞ്ച് കോടിയോളം രൂപ സിനിമ സ്വന്തമാക്കിയെന്നാണ് വിക്കി പീഡിയയില്‍ പറയുന്ന കണക്കുകളില്‍ കാണിക്കുന്നത്. വീണ്ടുമൊരു മാര്‍ച്ച് 30 വരുമ്പോള്‍ സ്ഫടികം റിലീസിനെത്തിയിട്ട് 24 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇന്ന് സോഷ്യല്‍ മീഡിയ നിറയെ മോഹന്‍ലാലിന്റെ ആട് തോമയെ കുറിച്ചുള്ള വിശേഷങ്ങളാണ്. എന്നാല്‍ സ്ഫടികത്തിലൂടെ മോഹന്‍ലാല്‍ മാസ് കാണിച്ചപ്പോള്‍ മമ്മൂട്ടിയുടെ ക്ലാസ് പടം കൂടി ആ സമയത്ത് റിലീസിനെത്തിയിരുന്നു.

സ്ഫടികം റിലീസിനെത്തിയത് മാര്‍ച്ച് 30 നാണെങ്കില്‍ മമ്മൂട്ടി നായകനായി അഭിനയിച്ച മഴയത്തും മുന്‍പേ റിലീസ് ചെയ്തത് മാര്‍ച്ച് 31 നായിരുന്നു. കമല്‍ സംവിധാനം ചെയ്ത ചിത്രത്തിന് ശ്രീനിവാസനായിരുന്നു തിരക്കഥ ഒരുക്കിയത്. മമ്മൂട്ടിയ്‌ക്കൊപ്പം ശോഭന, ശ്രീനിവാസന്‍, ആനി എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്.
മമ്മൂട്ടി ആദ്യമായി പാടി അഭിനയിച്ച സിനിമയാണെന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ടായിരുന്നു. 24 വര്‍ഷങ്ങള്‍ കഴിഞ്ഞാലും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ക്ക് ഇന്നും ആരാധകരുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയ നിറയെ സ്ഫടികത്തിനെ കുറിച്ചും മഴയത്തും മുന്‍പേ എന്ന ചിത്രത്തെ കുറിച്ചുമുള്ള വിവരണങ്ങളാണ്.


Click it and Unblock the Notifications