മമ്മൂട്ടിയെയും മോഹന്‍ലാലിനെയും 'വരുത്തി' ദുല്‍ഖറിന്റെ മാസ്! ക്ലൈമാക്‌സ് മിന്നിച്ച് യമണ്ടന്‍ പ്രേമകഥ!
ഒന്നര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച മലയാള ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സാധാരണ ചെയ്തിരുന്ന കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കോമഡി എന്റര്‍ടെയിനറുമായിട്ടായിരുന്നു താരപുത്രന്റെ വരവ്. അവധിക്കാലം ലക്ഷ്യമാക്കി ഏപ്രില്‍ 25 ന് തിയറ്ററുകളിലേക്ക് എത്തിയ ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
ആദ്യ ഷോ കഴിഞ്ഞതിനൊപ്പം തന്നെ സിനിമയെ കുറിച്ചുള്ള നല്ല പ്രതികരണങ്ങള്‍ വന്ന് തുടങ്ങി. പോസീറ്റിവ് റിവ്യൂ വന്നതോടെ പിന്നീടുള്ള ഷോ നല്ല തിരക്കോടെയായിരുന്നു ആരംഭിച്ചത്. ഇതെല്ലാം ബോക്‌സോഫീസിലും വലിയ അനുഗ്രഹമായി. ആദ്യം മുതല്‍ അവസാനം വരെ സിനിമ കണ്ടിട്ടും യമണ്ടന്‍ പ്രേമകഥയുടെ ക്ലൈമാക്‌സിനായിരുന്നു ഏറ്റവുമധികം കൈയടി ലഭിച്ചത്. ഒരേ സമയം മലയാളത്തിന്റെ രണ്ട് താരരാജാക്കന്മാരെ സിനിമയിലെത്തിച്ചാണ് ദുല്‍ഖറിന്റെ മാസ് എന്‍ട്രി അവസാനിക്കുന്നത്.

ചിരിപ്പിക്കാനെത്തിയതാണ്
ഇക്കൊല്ലത്തെ അവധിക്കാലം കുടുംബ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള വിരുന്നുമായിട്ടാണ് ഒരു യമണ്ടന്‍ പ്രേമകഥ വന്നത്. ദുല്‍ഖര്‍ നായകനാവുമ്പോള്‍ സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, അശോകന്‍, ഗ്രിഗറി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ബൈജു, ബിബിന്‍ ജോര്‍ജ്, തുടങ്ങി ചിത്രത്തിലെ താരങ്ങളെല്ലാം മുന്‍നിര കോമഡി താരങ്ങളാണ്. കൗണ്ടര്‍ കോമഡികളുടെ കാര്യത്തില്‍ എല്ലാവരും ഒന്നിനൊന്ന് മുന്നിട്ട് നില്‍ക്കുന്നവരുമാണ്. സലീം കുമാര്‍ അടക്കം എല്ലാവരും തമാശ കൊണ്ട് ചിത്രത്തെ വിജയത്തിലേക്ക് എത്തിച്ചു.

യമണ്ടന്‍ പ്രേമകഥ മിന്നിക്കുന്നു
ബോളിവുഡിലും തെലുങ്ക് സിനിമയിലും അരങ്ങേറ്റം നടത്തിയതോടെ ദുല്‍ഖറിന്റെ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ നവാഗതനായ വിസി നൗഫലിന്റെ സംവിധാനത്തില്‍ ഒരു യമണ്ടന്‍ പ്രേമകഥ തിയറ്ററുകളിലേക്ക് എത്തി. ആദ്യദിനം ഗംഭീര പ്രകടനം നടത്തിയ സിനിമയ്ക്ക് ബോക്‌സോഫീസില്‍ അതിശയിപ്പിക്കുന്ന തുടക്കമാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിലെ പല സെന്ററുകളിലും റിലീസ് ദിവസം ഹൗസ്ഫുള്‍ ഷോ ആയിരുന്നു.

സൂപ്പര്‍ താരങ്ങളെയും സിനിമയില്‍ എത്തിച്ചു..
മലയാളത്തിന്റെ രണ്ട് സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും റഫറന്‍സ് പലരും സിനിമയില്‍ പരീക്ഷിക്കാറുണ്ട്. ഇതിന് വമ്പന്‍ കൈയടി ലഭിക്കും എന്നുള്ളതാണ് കാര്യം. യമണ്ടന്‍ പ്രേമകഥയില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. സിനിമയുടെ തുടക്കം മുതല്‍ ദുല്‍ഖറിന്റെ കഥാപാത്രത്തെ ലല്ലു എന്ന് വിളിക്കുന്നുണ്ടെങ്കിലും ഒര്‍ജിനല്‍ പേര് പറയുന്നത് ക്ലൈമാക്‌സിലാണ്. അവിടെയാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരുപോലെ കൊണ്ട് വന്ന് ദുല്‍ഖര്‍ ഞെട്ടിച്ചിരിക്കുന്നത്. ഇതേ കാര്യം ചൂണ്ടി കാണിച്ച് ട്രോളുകളും സജീവമാണ്.

രാജമാണിക്യം റഫറന്‍സ്
റിലീസിന് മുന്‍പ് തന്നെ ചിത്രത്തില്‍ മമ്മൂട്ടിയുടെ റഫറന്‍സ് ഉണ്ടാവുമെന്ന് തിരക്കഥാകൃത്തുകളില്‍ ഒരാളായ ബിബിന്‍ ജോര്‍ജ് സൂചിപ്പിച്ചിരുന്നു. അതും മമ്മൂട്ടിയുടെ ഹിറ്റ് സിനിമയായ രാജമാണിക്യം റഫറന്‍സ് ഉണ്ടാവുമെന്നായിരുന്നു. ഈ സീന്‍ എല്ലാവരും ഓര്‍ത്തുവെച്ചോ എന്നും പറഞ്ഞ് രാജമാണിക്യത്തിന്റെ ചിത്രവും ബിബിന്‍ പുറത്ത് വിട്ടിരുന്നു. ദുല്‍ഖറിന്റെ സിനിമയില്‍ മമ്മൂട്ടിയുടെ സാന്നിധ്യമാണ് പലരും പ്രതീക്ഷിച്ചതെങ്കിലും മോഹന്‍ലാലിനെയും കൊണ്ട് വന്നിരിക്കുകയാണ്.

താരരാജാക്കന്മാരോടാണ് മത്സരം
ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥ വരുന്നതിന് തൊട്ട് മുന്‍പായി മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളാണ് റിലീസിനെത്തിയത്. മമ്മൂട്ടിയുടെ മധുരരാജയും മോഹന്‍ലാലിന്റെ ലൂസിഫറും ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഇതിനകം ബോക്‌സോഫീസില്‍ വമ്പന്‍ കളക്ഷന്‍ വാരിക്കൂട്ടിയ ഇരുചിത്രങ്ങളോടുമാണ് ദുല്‍ഖറിന് മത്സരിക്കാനുള്ളത്. കേരളത്തില്‍ 150 ഓളം തിയറ്ററുകളാണ് റിലീസ് ദിവസം ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് ലഭിച്ചിരിക്കുന്നത്. പിവിആര്‍ ഓബ്രോണ്‍ മാളില്‍ (സിനിമാക്‌സ്) ഇന്നണ് സിനിമയുടെ പ്രദര്‍ശനം ആരംഭിക്കുന്നത്.


Click it and Unblock the Notifications











