ആരോടും പറയില്ലെങ്കിൽ ഒരു സ്വകാര്യം പറയാം, ഉറപ്പായിട്ടും പറയരുതേ... മമ്മൂട്ടിയ്ക്ക് ഒരു വയസ്സ് കൂടി!!
മമ്മൂട്ടിയുടെ പ്രായം വളരെ പരസ്യമാണ്... അതിന് കാരണം ഈ സൌന്ദര്യമാണ്. എങ്ങിനെ അറുപതുകളിലും ഈ നാൽപതിൻറെ ചെറുപ്പം നിലനിർത്തുന്നു എന്ന രഹസ്യമാണ് ലോകജനതയുടെ സംശയം. ഇപ്പോഴും മമ്മൂട്ടിയെ അറിയാത്ത വിദേശികളാരോടെങ്കിലും ഫോട്ടോ കാണിച്ച്, ഈ മനുഷ്യന് എത്ര പ്രായമുണ്ടെന്ന് പറയമോ എന്ന് ചോദിച്ചാൽ അത് 45 ന് മുകളിൽ പോവില്ല എന്ന് ഉറപ്പ്!!
ഇന്ന്, സെപ്റ്റംബർ 7 ന് 66 ആം ജന്മദിനം ആഘോഷിക്കുകയാണ് മമ്മൂട്ടി. അതെ, കണക്കുകളിൽ ഒരക്കം കൂടെ കൂടി. പക്ഷെ ആ സൌന്ദര്യത്തിന് ഒരഴക് കൂടെ കൂടി എന്നല്ലാതെ കുറഞ്ഞില്ല. മമ്മൂട്ടിയുടെ സൌന്ദര്യത്തിൽ അത്ഭുതം പൂണ്ടാണ് സഹപ്രവർത്തകരും ആരാധകരും മെഗാസ്റ്റാറിന് പിറന്നാൾ ആശംസകൾ അറിയിക്കുന്നത്.
എന്നാൽ വെറും സൌന്ദര്യം കൊണ്ട് മാത്രം മമ്മൂട്ടിയെ അളക്കാൻ കഴിയില്ല. നാല് പതിറ്റാണ്ട് കാലമായി മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ അത്ര വലുതാണ്. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണയാണ് മമ്മൂട്ടിയിലൂടെ മലയാള സിനിമയിലെത്തിയത്. ആ കരിയറിലൂടെ തുടർന്ന് വായിക്കാം

മുഹമ്മദ് കുട്ടി പാണപറമ്പിൽ
1951 സെപ്റ്റബര്‍ 7 നാണ് പാണപറമ്പില്‍ ഇസ്മയിലിനും ഫാത്തിമയ്ക്കും ആദ്യത്തെ പുത്രന്‍ ജനിക്കുന്നത്. അവര്‍ അവനെ മുഹമ്മദ് കുട്ടി എന്ന് വിളിച്ചു. വാപ്പയുടെ മേല്‍വിലാസം കൂടെ ചേരുമ്പോള്‍ മുഹമ്മദ്കുട്ടി പാണപറമ്പില്‍!

കാലാവാസന ചെറുപ്പം മുതലേ
കുട്ടിക്കാലം മുതലേ എല്ലാം നിരീക്ഷിക്കുന്ന ശീലം മുഹമ്മദ് കുട്ടിക്കുണ്ടായിരുന്നു. സാങ്കേതികപരമായ വിഷയങ്ങളോട്, പ്രത്യേകിച്ച് വാഹനങ്ങളോട് ഒരു പ്രത്യേക കമ്പവും താത്പര്യവുമുണ്ടായിരുന്നു. എപ്പോഴാണ് അഭിനയ മോഹം തലയ്ക്ക് പിടിച്ചതെന്നറിയില്ല. പക്ഷെ മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോഴൊക്കെ ആ ആഗ്രഹം മൂര്‍ധന്യത്തിലായിരുന്നു. ആ സമയത്ത് മിമിക്രിയും മറ്റുമൊക്കെ നടത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്.

വക്കീലായി
എല്‍എല്‍ബിയ്ക്ക് പഠിക്കുമ്പോഴാണ് മുഹമ്മദ് കുട്ടി അവസരങ്ങള്‍ ചോദിച്ച് സംവിധായകരെ സമീപിക്കാന്‍ തുടങ്ങിയത്. പക്ഷെ അദ്ദേഹത്തിന്റെ ലുക്കും പരുക്കന്‍ ശബ്ദവും സംവിധായകര്‍ക്കിഷ്ടമായില്ല. പലരും തഴഞ്ഞു. ഒടുവില്‍ നിയമ പഠിത്തം പൂര്‍ത്തിയാക്കി മഞ്ചേരി കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി.

അരങ്ങേറ്റം
അഭിനയ മോഹം തലയിലങ്ങനെ കത്തി നില്‍ക്കുന്നതുകൊണ്ട് ശ്രദ്ധ അങ്ങോട്ടേക്ക് തന്നെ തിരിയുന്നുണ്ടായിരുന്നു. ഒടുവില്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ പേരുപോലുമില്ലാത്ത കഥാപാത്രമായി മുഖം കാണിക്കാന്‍ കഴിഞ്ഞു, 1971 ലായിരുന്നു അത്.

അതിനിടയിൽ വിവാഹം
അതിന് ശേഷം മുഹമ്മദ് കുട്ടി സുല്‍ഫത്തിനെ വിവാഹം കഴിച്ചു. ഭാര്യയുടെ പൂര്‍ണ പിന്തുണയോടെ വീണ്ടും ആത്മാര്‍ത്ഥമായി സിനിമയില്‍ അവസരങ്ങള്‍ക്കായി ശ്രമിച്ചുകൊണ്ടിരുന്നു. വെള്ളിത്തിരയില്‍ മമ്മൂട്ടിയുടെ റൊമാന്‍സ് പ്രേക്ഷകര്‍ പല അവര്‍ത്തി കണ്ടതാണ്. എന്നാല്‍ റിയല്‍ ലൈഫില്‍ ആ റൊമാന്‍സ് ഒരാളോടേയുള്ളൂ, ഭാര്യ സുല്‍ഫത്തിനോട്.

മുഹമ്മദ് കുട്ടി മമ്മൂട്ടിയായി, മെഗാസ്റ്റാറായി
1979 ല്‍ ദേവലോകം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. പുതിയ പേരും സ്വീകരിച്ചു, മമ്മൂട്ടി! വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിന് ശേഷമാണ് മമ്മൂട്ടിയുടെ സ്വപ്‌ന സാഫല്യങ്ങള്‍ ഒന്നൊന്നൊന്നായി സഫലമാകാന്‍ തുടങ്ങിത്. അവിടെ നിന്നിങ്ങോട്ട് പിന്നെ മലയാള സിനിമാ ലോകം സാക്ഷ്യം വഹിച്ചത് അഭിനയ പ്രതിഭയുടെ മെഗാസ്റ്റാര്‍ എന്ന പദവിയിലേക്കുള്ള വളര്‍ച്ചയ്ക്കാണ്.

പുരസ്കാര നേട്ടം
പുറമെ ഗൗരവവും ഉള്ളില്‍ കുട്ടിത്തവും നിറഞ്ഞ മമ്മൂട്ടി മലയാളികളുടെ പ്രിയപ്പെട്ട നടനാണ്, മെഗാസ്റ്റാറായി. ഇന്ത്യന്‍ സിനിമയിലെ തന്നെ കഴിവുറ്റ നടന്മാരില്‍ ഒരാളായി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ മമ്മൂട്ടി തന്റെ പേരിലാക്കി. കമല്‍ ഹസനും അമിതാബ് ബച്ചനുമൊപ്പമൊക്കെ മത്സരിച്ചായിരുന്നു മമ്മൂട്ടിയുടെ പുരസ്‌കാര നേട്ടം. മമ്മൂട്ടിയുടെ അഭിനയ മികവ് കണക്കിലെടുത്ത് 1998 ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരച്ചു.


Click it and Unblock the Notifications