'പർദ്ദയിട്ട സ്ത്രീകൾ സീനിൽ; മമ്മൂക്ക പറഞ്ഞതോടെ ഒഴിവാക്കി; അദ്ദേഹത്തിന്റെ ശ്രദ്ധ അപ്പോഴാണ് മനസിലായത്'
തെരഞ്ഞെടുക്കുന്ന സിനിമകളിൽ വളരെയധികം ശ്രദ്ധാലുവാണ് ഇന്ന് മമ്മൂട്ടി. മികച്ച സിനിമകൾ തുടരെ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടി കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് ആരാധകർ പറയുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രവും മികച്ച വിജയമാണ് നേടിയത്. പുതിയ സംവിധായകർക്കും എഴുത്തുകാർക്കും അവസരം നൽകുന്നതാണ് മമ്മൂട്ടിയുടെ വിജയഹരഹസ്യമെന്നാണ് സിനിമാ ലോകത്തെ സംസാരം.
ചെയ്യുന്ന സിനിമകളിൽ മമ്മൂട്ടി കാണിക്കുന്ന സൂക്ഷ്മമായ ശ്രദ്ധയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ പ്രൊഡക്ഷൻ ഡിസൈനൻ ജോസഫ് നെല്ലിക്കൽ. മമ്മൂട്ടി നായകനായ ഭീഷ്മപർവം എന്ന സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനറായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2022 ൽ പുറത്തിറങ്ങിയ ഭീഷ്മപർവം സംവിധാനം ചെയ്തത് അമൽ നീരദാണ്. സിനിമയുടെ ഒരു സീൻ ഷൂട്ട് ചെയ്യവെയുണ്ടായ സംഭവത്തെക്കുറിച്ചാണ് ജോസഫ് നെല്ലിക്കൽ സംസാരിച്ചത്. സഫാരി ടിവിയോടാണ് പ്രതികരണം.

ഭാസിയുടെ മരണത്തിന് ശേഷം മയ്യത്ത് കട്ടിലെടുക്കുന്ന രംഗമുണ്ട്. അവിടെ ഞാൻ ചെല്ലുമ്പോൾ തന്നെ മുറ്റം നിറയെ കുറേ സ്ത്രീകൾ പർദ്ദയിട്ട് നിൽക്കുന്നുണ്ട്. മമ്മൂട്ടി എത്രത്തോളം ശ്രദ്ധിച്ച് ഓരോ സീനിനെയും കാണുന്നു, പ്രൊഡക്ഷനൊപ്പം നിൽക്കുന്നു എന്ന് എനിക്ക് മനസിലായത് അപ്പോഴാണ്. മുസ്ലിം പശ്ചാത്തലമാകുമ്പോൾ കോസ്റ്റ്യൂം പർദ്ദ കൊടുക്കുന്നത് സാധാരണമാണ്. ഇതിലും പർദ്ദ കൊടുത്തിരുന്നു. മരണവീടിന്റെ സീനിൽ പർദ്ദയിട്ട് സ്ത്രീകൾ നിൽക്കുന്നു. അതിന് ശേഷം അകത്ത് ചെന്ന് മമ്മൂക്കയോട് സംസാരിച്ചു.
എടോ, എൺപതുകളിൽ മട്ടാഞ്ചേരിയിൽ പർദ്ദ കുറവല്ലേ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോഴാണ് ഞങ്ങൾ ആലോചിക്കുന്നത്. അന്ന് കൊച്ചിയിൽ പർദ്ദയിട്ട് വരുന്ന സ്ത്രീകൾ കുറവാണ്. ഇന്നാണ് പർദ്ദയുടെ അതിപ്രസരം. മമ്മൂക്ക അത് നോട്ട് ചെയ്തിരുന്നു. ആ പറഞ്ഞതിന്റെ വെളിച്ചത്തിൽ ആ സീനിൽ പർദ്ദയിട്ട ഒരാളെയും ഉൾപ്പെടുത്തിയില്ല. ഓരോ സീൻ ചെയ്യുമ്പോഴും മമ്മൂക്ക അദ്ദേഹത്തെക്കുറിച്ച് മാത്രമല്ലാതെ ചുറ്റുപാടും കൂടി ശ്രദ്ധിക്കാറുണ്ടെന്നും ജോസഫ് നെല്ലിക്കൽ ചൂണ്ടിക്കാട്ടി.

കൊവിഡ് നടക്കുന്ന സമയത്താണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. സിനിമയുടെ അണിയറപ്രവർത്തകർക്കും കൊവിഡ് ബാധിച്ചു. ഇടയ്ക്ക് ഷൂട്ടിംഗ് നിർത്തി. ആ സമയത്ത് സിനിമയിൽ പ്രവർത്തിച്ചത് മറ്റൊരു പ്രൊഡക്ഷൻ ഡിസൈനറായ സുനിൽ ബാബുവാണ്. കൊവിഡ് സമയത്ത് അദ്ദേഹത്തിന് ബോംബെയിൽ നിന്ന് തിരിച്ച് വരാൻ പറ്റാത്ത അവസ്ഥയുണ്ടായി. അങ്ങനെയാണ് തന്നെ വിളിക്കുന്നതെന്നും ജോസഫ് നെല്ലിക്കൽ വ്യക്തമാക്കി.
തിയറ്ററിൽ മികച്ച വിജയം നേടിയ സിനിമയാണ് ഭീഷ്മപർവം. അമൽ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമ പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ചില്ല. ഷൈൻ ടോം ചാക്കോ, നദിയ മൊയ്തു, സൗബിൻ ഷാഹിർ, ഫർഹാൻ ഫാസിൽ, കെപിഎസി ലളിത, നെടുമുടി വേണു, അനസൂയ, ശ്രീനാഥ് ഭാസി, സുദേവ് നായർ തുടങ്ങി വലിയ താരനിര സിനിമയിൽ അണിനിരന്നു.
നെടുമുടി വേണുവും കെപിഎസി ലളിതയും ഭീഷ്മപർവത്തിലെത്തിയത്. ഇരുവരും മരണപ്പെട്ട ശേഷമാണ് സിനിമ റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. കാതൽ ആണ് നടന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. ജ്യോതിക നായികയായെത്തുന്ന സിനിമ സംവിധാനം ചെയ്തത് ജിയോ ബേബിയാണ്.


Click it and Unblock the Notifications