'നിരാശ കാമുകന്മാരായതുകൊണ്ടാണ് ഞങ്ങള്‍ താടിവെച്ച് നടക്കുന്നത്'; മോഹൻലാലിനൊപ്പം നിന്ന് മമ്മൂട്ടി പറഞ്ഞത്!
മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. ഇതര ഭാഷകളിലെ സൂപ്പർ താരങ്ങളിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ താരങ്ങൾ കഥക്ക് അനുയോജ്യമെങ്കിൽ ഏത് വേഷവും അഭിനയിക്കാൻ തയ്യാറാകുന്നവരാണ്.
മുൻനിര താരങ്ങൾ ആയതിന് ശേഷം മമ്മൂട്ടിയേയും മോഹൻലാലിനെയും ഒരുമിച്ച് നിർത്തി സിനിമ പിടിക്കുക എന്ന് പറയുന്നത് ഏതൊരു തിരക്കഥാകൃത്തിനെയും സംവിധായകനെയും സംബന്ധിച്ചിടത്തോളം വെല്ലുവിളി ഉയർത്തുന്ന കാര്യം തന്നെയാണ്.
കടുകുമണി വ്യത്യാസത്തിൽ അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ ഫാൻസ് ഇളകും. ട്വന്റി-ട്വന്റിയുടെ പോസ്റ്റർ വിവാദമൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. അത്തരമൊരു സാഹചര്യത്തിൽ മമ്മൂട്ടിയേയും മോഹൻലാലിനെയും വെച്ച് റിപ്പീറ്റ് വാല്യവുള്ള ഹരികൃഷ്ണൻസ് എന്ന സിനിമ ഒരുക്കിയത് ഫാസിലാണ്.

രണ്ടുപേർക്കും സമമായി സ്കോർ ചെയ്യാനുള്ള അവസരം ബുദ്ധിപരമായി സിനിമയിൽ സംവിധായകൻ ഒരുക്കിയിരുന്നു. പരസ്പരം കളിയാക്കുന്ന സീനുകളിലെ ഹാസ്യവും ഇമോഷണൽ രംഗങ്ങളുമൊക്കെ മമ്മൂട്ടിയും മോഹൻലാലും ഒപ്പത്തിനൊപ്പം നിന്നു. ക്ലൈമാക്സുകൾ വരെ രണ്ടുപേർക്കും തുല്യമായിരുന്നു.
ഇന്നും പലരും യുട്യൂബിൽ സേർച്ച് ചെയ്ത് കാണുന്നൊരു സിനിമയാണ് ഹരികൃഷ്ണൻസ്. ഇപ്പോഴിതാ വളരെ നാളുകൾക്ക് ശേഷം ഹരികൃഷ്ണൻസ് എന്ന സിനിമയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അടുത്തിടെ നടന്ന മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡ്സിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഹരികൃഷ്ണൻസ് സിനിമയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.
മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡ്സിൽ വെച്ച് സംവിധായകൻ ഫാസിലിനെ ആദരിച്ചിരുന്നു. മോഹൻലാലും വേദിയില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. 'രണ്ട് പേര്‍ക്കും തുല്യ സ്‍പേസുള്ള ഒരു ചിത്രമായിരുന്നു ഹരികൃഷ്‍ണൻസ്. ഹരിയായി ഞാനും കൃഷ്‍ണനായി മോഹൻലാലും ആയിരുന്നു. രണ്ട് പേരാണെങ്കിലും അവര്‍ ഒന്നായിരുന്നു.'
'അങ്ങനെയായിരുന്നു ആ ചിത്രത്തില്‍ ഉണ്ടായിരുന്നത്. മീരയെ രണ്ട് പേര്‍ക്കും കിട്ടി. എന്നാല്‍ രണ്ട് പേര്‍ക്കും കിട്ടിയില്ല. അങ്ങനെയായിരുന്നു അവതരിപ്പിച്ചത്. അതുകൊണ്ട് മീരയെ തേടി നിരാശകാമുകൻമാരായി ഞങ്ങള്‍ താടിവെച്ച് നടക്കുകയാണ്', എന്നും മമ്മൂട്ടി തമാശ കലർത്തി പറഞ്ഞു.

ശേഷം ഇരുവരും ഫാസിലിനെ കുറിച്ചാണ് സംസാരിച്ചത്. ആര് ആദ്യം സംസാരിക്കും എന്നതിനെ ചൊല്ലി വേദിയിൽ കൺഫ്യൂഷനുണ്ടായപ്പോഴും രസകരമായി പ്രതികരിച്ചത് മമ്മൂട്ടിയാണ്. സംവിധായകൻ ഫാസിലിനെ കുറിച്ച് ആരാണ് ആദ്യം പറയുന്നത് എന്നാണ് അവതാരകനായ ജഗദീഷ് മമ്മൂട്ടിയോടും മോഹൻലാലിനോടും ചോദിച്ചത്.
ഇരുവര്‍ക്കും ഒരുപാട് പറയാനുണ്ടാകും എന്നും ജഗദീഷ് കൂട്ടിച്ചേർത്തു. ഉടൻ മോഹൻലാല്‍ മമ്മൂട്ടിയോട് നിങ്ങള്‍ ആദ്യം പറയൂ എന്ന് പറഞ്ഞു. എന്നാല്‍ കിണ്ണൻ പറയൂ എന്നായിരുന്നു ഹരികൃഷ്ണൻസ് സിനിമയിലെ സീനുകൾ ഓർമിപ്പിക്കുന്ന തരത്തിൽ മമ്മൂട്ടിയുടെ മറുപടി.
1998ൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസിൽ മോഹൻലാലും മമ്മൂട്ടിയും വക്കീലന്മാരായാണ് അഭിനയിച്ചത്. ആക്ഷൻ, കോമഡി, ത്രില്ലർ, പ്രണയം, സെന്റിമെൻസ്, പാട്ടുകൾ തുടങ്ങി എല്ലാം കൂടിച്ചേർന്ന എന്റർടെയ്ൻമെന്റ് പാക്കായിരുന്നു ഹരികൃഷ്ണൻസ്. പ്രണവം ആർട്സിന്റെ ബാനറിൽ സുചിത്ര മോഹൻലാലാണ് ചിത്രം നിര്‍മിച്ചത്. ഫാസിലിന്റേത് തന്നെയായിരുന്നു തിരക്കഥ. ബോളിവുഡ് സുന്ദരി ജൂഹി ചൗളയായിരുന്നു നായിക.
ഇന്നസെന്റ്, നെടുമുടി വേണു, ശ്യാമിലി, കുഞ്ചാക്കോ ബോബൻ, രാജീവ് മേനോൻ, കൊച്ചിൻ ഹനീഫ, സുധീഷ് തുടങ്ങി ഒട്ടേറെ പേര്‍ ഹരികൃഷ്‍ണൻസില്‍ അഭിനയിച്ചിരുന്നു. പടയോട്ടം അടക്കം ഒട്ടനവധി സിനിമകളിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിൽ അവയിൽ നിന്നെല്ലാം ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഹരികൃഷ്‍ണൻസ് ആയിരിക്കും. സിനിമയിലേത് എന്നതുപോലെ തന്നെ ജീവിതത്തിലും ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്.


Click it and Unblock the Notifications