താലിമാല വാങ്ങാന്‍ പൈസ കൊടുത്തത് മമ്മൂട്ടി! പക്ഷേ, കല്യാണത്തിന് വരരുതെന്ന് പറയേണ്ടി വന്നു! കാരണം?
അഭിനേതാവായും തിരക്കഥാകൃത്തായുമൊക്കെ ശ്രദ്ധേയനായതാണ് ശ്രീനിവാസന്‍. ശാരീരീക ബുദ്ധിമുട്ടുകളായതിനാല്‍ സിനിമയില്‍ അത്ര സജീവമല്ല അദ്ദേഹം. ആശുപത്രിയിലായതും, അസുഖം മാറി വരുന്നതിനെക്കുറിച്ചുമെല്ലാം ഭാര്യയും മക്കളും പറഞ്ഞിരുന്നു. നിഴലുപോലെ അദ്ദേഹത്തിനൊപ്പം വിമല കൂടെയുണ്ട്. തന്റെ വിവാഹ സമയത്ത് താലിമാല വാങ്ങാന്‍ പണം തന്നത് മമ്മൂട്ടിയാണെന്ന്് അദ്ദേഹം പറഞ്ഞിരുന്നു. കോമഡി മാസ്‌റ്റേഴ്‌സില്‍ അതിഥിയായി എത്തിയപ്പോഴും അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. കല്യാണത്തിന് മമ്മൂക്കയാണ് പണം തന്നതെന്ന് കേട്ടിട്ടുണ്ടെന്ന് എലീന പറഞ്ഞപ്പോള്‍ അത് ശരിയാണെന്നായിരുന്നു ശ്രീനിവാസനും വിമലയും പറഞ്ഞത്.
എന്നോടങ്ങനെയാണ് പറഞ്ഞത്. താലിമാല വാങ്ങിക്കൊണ്ട് വന്നപ്പോള്‍ പൈസ എവിടെ നിന്നാണെന്ന് ചോദിച്ചിരുന്നു. മമ്മൂക്ക തന്നതാണെന്നാണ് എന്നോട് പറഞ്ഞത്. അതെ, അത് ഉള്ളതാണ്. താലിമാല വാങ്ങാന്‍ പണം തന്നിട്ടും കല്യാണത്തിന് വരേണ്ടെന്ന് മമ്മൂക്കയോട് പറഞ്ഞത് എന്തായിരുന്നു എന്നാണ് ശ്വേത മേനോന്‍ ചോദിച്ചത്. അവിടെ ആള്‍ കൂടിയാല്‍ ഒരുപാട് പേര്‍ എന്നെ കാണും. കല്യാണം കലങ്ങും. അതുകൊണ്ടാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത്. എന്നെ അന്ന് ആളുകള്‍ക്ക് അത്ര അറിയില്ല. കല്യാണത്തിന് ഞാന്‍ വരണ്ടേ എന്ന് അദ്ദേഹം എന്നോട് ചോദിച്ചിരുന്നു. ദയവ് ചെയ്ത് നിങ്ങള്‍ വരരുത് എന്നായിരുന്നു ഞാന്‍ പറഞ്ഞത്.

എന്റെ പ്രണയവും രജിസ്റ്റര്‍ വിവാഹം നടത്താന്‍ പോവുന്നതിനെക്കുറിച്ചും അറിഞ്ഞ ഇന്നസെന്റും അന്ന് പൈസ തന്നിരുന്നു. 400 രൂപയായിരുന്നു അദ്ദേഹം തന്നത്. ഈ പണം എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ ആലീസിന്റെ വള പണയം വെച്ച് വാങ്ങിയതാണെന്നായിരുന്നു മറുപടി. ആ പൈസും കൊണ്ടായിരുന്നു വീട്ടിലെത്തിയത്. അതിനിടയിലാണ് പെണ്ണിന്റെ കഴുത്തില്‍ കെട്ടാനായി താലിമാല വാങ്ങിയേ തീരൂ എന്ന് അമ്മ വാശി പിടിച്ചത്. അങ്ങനെയായിരുന്നു ശ്രീനിവാസന്‍ മമ്മൂട്ടിയെ സമീപിച്ചത്.
മമ്മൂട്ടിയോട് വാങ്ങിയിരുന്ന പൈസയ്‌ക്കൊക്കെ ഞാന്‍ കണക്ക് സൂക്ഷിക്കുന്നുണ്ടായിരുന്നു. അത് തിരിച്ച് കൊടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. സുറുമിയുടെ കല്യാണം ക്ഷണിച്ചപ്പോള്‍ തലേദിവസം ഞാന്‍ ഒരു ഗോള്‍ഡ് കോയ്ന്‍ സമ്മാനമായി നല്‍കിയിരുന്നു. അത് വാങ്ങാതിരിക്കാന്‍ അവര്‍ക്കാവില്ലല്ലോ, അത് കൊടുത്തപ്പോഴാണ് എനിക്ക് സമാധാനമായതെന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
ഒരു മാടപ്രാവിന്റെ കഥ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്തതിനെക്കുറിച്ചും ശ്രീനിവാസന്‍ സംസാരിച്ചിരുന്നു. ആലപ്പുഴ അഷ്‌റഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. അന്ന് ഞാന്‍ മദ്രാസിലുണ്ട്. നീ ആ പടം ഡബ്ബ് ചെയ്തല്ലേ, അത് വലിയൊരു ചതിയായിപ്പോയി. എനിക്ക് കുറേ കാശ് കിട്ടാനുണ്ടായിരുന്നു. അത് തരാതിരിക്കാന്‍ വേണ്ടിയാണ് നിന്നെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചത് എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്.
വിധിച്ചതും കൊതിച്ചതും എന്ന ചിത്രത്തിന് ഡബ്ബ് ചെയ്തിരുന്നു. അതില്‍ കൊതിച്ചത് എനിക്ക് കിട്ടിയില്ല. അയ്യായിരമായിരുന്നു ഞാന്‍ കൊതിച്ചത്, കിട്ടിയത് 200 രൂപയും.
തന്റെ സിനിമാജീവിതത്തിലെ രസകരമായ സംഭവങ്ങളെക്കുറിച്ചെല്ലാം ശ്രീനിവാസന്‍ വാചാലനാവാറുണ്ട്. ആശുപത്രിയിലായിരുന്ന സമയത്തും അച്ഛന്റെ മനസില്‍ സിനിമയായിരുന്നു എന്ന് മക്കളും സാക്ഷ്യപ്പെടുത്തിയിരുന്നു. അടുത്തതായി ചെയ്യാന്‍ പോവുന്ന തിരക്കഥയെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നതായി സുഹൃത്തും പറഞ്ഞിരുന്നു.അച്ഛന് ശേഷമായി മക്കളും സിനിമയില്‍ സജീവമാണ്. സംവിധാനം, നിര്‍മ്മാണം, തുടങ്ങിയ മേഖലകളിലും ഇരുവരും കഴിവ് തെളിയിച്ചിരുന്നു.


Click it and Unblock the Notifications











