മമ്മൂട്ടിയുടെ ആരോഗ്യം ത്യപ്തികരമാണോ? സനിൽ കുമാറിന്റെ വാക്കുകൾ വൈറൽ ആവുന്നു
മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മെഗാസ്‌റ്റാറിന്റെ പെട്ടെന്നുണ്ടായ പൊതുവേദികളിൽ നിന്നുള്ള പിന്മാറ്റവും, അതിന് പിന്നാലെ മോഹൻലാൽ ശബരിമലയിൽ പ്രിയപ്പെട്ട ഇച്ഛക്കയ്ക്കായി നടത്തിയ വഴിപാടും, ഒരുപാട് ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കി. മമ്മൂട്ടി അർബുദ ബാധിതനാണെന്നും, ചികിത്സക്കായി അമേരിക്കയിൽ പോകുമെന്നും അടക്കമുള്ള റിപോർട്ടുകൾ പുറത്തെത്തിയപ്പോൾ, അവയെല്ലാം നിഷേധിച്ച് മെഗാസ്റ്റാറിന്റെ ടീം രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ, മമ്മൂട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് താരത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ സനിൽ കുമാർ നടത്തിയ പുതിയ വെളിപ്പെടുത്തലുകൾ വൈറൽ ആവുകയാണ്.
മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമോ?
ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ അടുത്തിടെ ക്യാൻ ചാനൽസിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെയും റെഡിറ്റ് പ്രേക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. മമ്മൂട്ടിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സനിൽ കുമാർ, മെഗാസ്റ്റാർ ചികിത്സയുടെ ഭാഗമായുള്ള ഇടവേളയിൽ ആണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മമ്മുക്ക എന്നാണ് ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങിയെത്തുക എന്ന ചോദ്യത്തിന്, ചികിത്സയുടെ ഇടവേളകളിൽ അദ്ദേഹം ലൊക്കേഷനുകളിൽ എത്തും എന്ന മറുപടിയാണ് സനിൽ കുമാർ നൽകിയത്. മെഗാസ്റ്റാർ ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും സനിൽ അറിയിച്ചു.

എന്നാൽ, മെഗാസ്റ്റാറിനൊപ്പം പ്രവർത്തിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വെളിപ്പെടുത്തൽ, സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമയിൽ നിന്നുമുള്ള നീണ്ട ഇടവേളക്ക് പിന്നിലെ കാരണം അറിയാനായി കാത്തിരുന്ന അദ്ധേഹത്തിന്റെ ആരാധകർക്കും, സിനിമ പ്രേമികൾക്കും, സനിൽ കുമാറിന്റെ വെളിപ്പെടുത്തൽ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. നേരത്തെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്ന, മമ്മൂട്ടി കൊളോൺ കാൻസർ ബാധിതനായി ചികിത്സയിലാണ് എന്ന അഭ്യൂഹങ്ങൾ വീണ്ടും പ്രചാരം നേടുന്ന തരത്തിലാണ് റെഡിറ്റിൽ ചർച്ചകൾ നടക്കുന്നത്. എന്നാൽ മെഗാസ്റ്റാറും, അദ്ധേഹത്തിന്റെ മകനും നടനുമായ ദുൽഖർ സൽമാനും, കുടുംബവും ഇതുവരെ വാർത്തകളോടും ഊഹാപോഹങ്ങളോടും പ്രതികരിച്ചിട്ടില്ല.
ഇതേ സമയം മമ്മൂട്ടിയുടെ ആരാധകരും, ഒരു വലിയ വിഭാഗം സോഷ്യൽ മീഡിയ സമൂഹവും, സനിൽ കുമാറിന്റെ വെളിപ്പെടുത്തതിൽ അതൃപ്തി രേഖപ്പെടുത്തി. മെഗാസ്റ്റാറിന്റെ വ്യക്തിപരമായ വിഷയങ്ങളും, അദ്ദേഹം വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആരോഗ്യ വിവരങ്ങളും, അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്ന സനിൽ തുറന്ന് പറഞ്ഞതിൽ അസ്വസ്ഥരാണ് മമ്മൂട്ടിയെ സ്നേഹിക്കുന്ന പ്രേക്ഷകർ. തന്റെ വിശ്രമം കഴിഞ്ഞ് പൂർവാധികം ശക്തനായി നടൻ തിരികെയെത്തും എന്നും, അതുവരെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യത എല്ലാവരും മാനിക്കണമെന്നുമാണ് ചില സോഷ്യൽ മീഡിയ പ്രേക്ഷകരുടെ പക്ഷം.
അണിയറയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ

തന്റെ പുതിയ അഭിമുഖത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തെ കുറിച്ചും സനിൽ കുമാർ തുറന്ന് സംസാരിച്ചു. മമ്മൂട്ടി നായകനാവുന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാന കഥാപാത്രമായിട്ടാണ് എത്തുക. മെഗാസ്റ്റാർ ഉടൻ തന്നെ മഹേഷ് നാരായണൻ പ്രോജക്ടിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നെന്ന് സൂചിപ്പിച്ച സനിൽ, ചിത്രത്തിന്റെ ജോലികൾ മമ്മുക്കയുടെ ആരോഗ്യനില കാരണമാണ് നീണ്ടു പോയതെന്നും, അതിൽ താരം അസ്വസ്ഥനാണെന്നും സൂചിപ്പിച്ചു.
മെയ് അവസാനം മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്യാനിരിക്കുന്ന മമ്മൂട്ടി, വീണ്ടും ഒരു ചെറിയ ഇടവേളക്ക് ശേഷം അടുത്തതായി നിതീഷ് സഹദേവ്, ആട്ടം സംവിധായകൻ ആനന്ദ് ഏകർഷി, തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിക്കുമെന്നാണ് റിപോർട്ടുകൾ. മെഗാസ്റ്റാറിന്റെ അടുത്ത റിലീസ് ആയ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളംകാവൽ, ജൂൺ അവസാനം തീയറ്ററുകളിൽ എത്താനാണ് സാധ്യത എന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications











