അന്ന് നെഞ്ചിൽ ചാഞ്ഞ് നിന്നപ്പോൾ ആ മനുഷ്യന്റെ മകനാണ് ഞാനെന്ന് തോന്നി, എന്റെ മനസ് ശൂന്യമാവുന്ന പോലെ; മമ്മൂട്ടി
എം.ടി എന്ന മഹാപ്രതിഭയുടെ വേർപാട് വല്ലാത്തൊരു ശൂന്യത സൃഷ്ടിച്ചിരിക്കുന്നു. ആ സ്നേഹ സാന്നിധ്യം ഓർമയാകുമ്പോൾ നാനാഭാഗത്ത് നിന്നും നിളയുടെ കഥാകാരന് യാത്രമൊഴികൾ നേരുകയാണ് മലയാളത്തെ സ്നേഹിക്കുന്നവർ. കൈവെച്ച മേഖലകളിൽ എല്ലാം ഉയരങ്ങൾ കീഴടക്കിയ ഗുരുവിന്റെ വേർപാടിലുള്ള ദു:ഖം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ മമ്മൂട്ടിയും രേഖപ്പെടുത്തി. ഒരു യുഗപ്പൊലിമ മങ്ങി മറയുമ്പോൾ തന്റെ മനസ് ശൂന്യമാവുന്നതുപോലെ തോന്നുന്നു എന്നാണ് മമ്മൂട്ടി എഴുതിയത്.
ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം മലയാളികൾക്ക് അറിയാവുന്നതാണ്. ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു.

സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞ് നിന്നപ്പോൾ ആ മനുഷ്യന്റെ മകനാണ് ഞാനെന്ന് എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ.
ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ് ശൂന്യമാവുന്നതുപോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു എന്നാണ് മമ്മൂട്ടി കുറിച്ചത്. ചുരുങ്ങിയ ഈ വരികൾ എഴുതിയപ്പോൾ മമ്മൂട്ടിയെന്ന ശിഷ്യന്റെ കണ്ണുകൾ പൂർണ്ണമായും നിറഞ്ഞിട്ടുണ്ടാവുമെന്ന് ഉറപ്പാണ്. അത്രമേൽ ചേർന്നുനിന്നവരാണ് ഇരുവരും.
മമ്മൂട്ടിയുടെ പേരിനൊപ്പം എപ്പോഴും ചേർത്ത് വെക്കപ്പെടാറുള്ള പേരാണ് വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടേത്. എംടിയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ എല്ലാവരുടേയും മനസിലേക്ക് ആദ്യം തെളിഞ്ഞ് വന്ന ചിത്രവും മമ്മൂട്ടിയുടെ നെഞ്ചിൽ ചാഞ്ഞ് നിൽക്കുന്ന എംടിയുടേതാണ്. ഇക്കഴിഞ്ഞ ജൂലൈയിൽ എംടിയുടെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ആഘോഷത്തിന് മുന്നോടിയായി മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിൽ എംടി വാസുദേവൻ നായർ കുടുംബസമേതം എത്തിയിരുന്നു.
സന്ദർശന സമയത്തെ ചിത്രങ്ങളാണ് മമ്മൂട്ടി പ്രിയ ഗുരുവിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് അന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എംടിയുടെ കുടുംബത്തിനൊപ്പം മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, ദുൽഖർ സൽമാൻ, ഭാര്യ അമാൽ, ഇരുവരുടേയും മകൾ എന്നിവരെ ചിത്രത്തിൽ കാണാമായിരുന്നു. എംടി വാസുദേവൻ നായർ ഗുരുതുല്യനാണെന്ന് മമ്മൂട്ടി പലതവണ പറഞ്ഞിട്ടുണ്ട്.

ഒരുവരും വെള്ളിത്തിരയിൽ ഒന്നിച്ചപ്പോൾ മികച്ച സിനിമകളാണ് മലയാളികൾക്ക് ലഭിച്ചത്. ആസാദ് സംവിധാനം ചെയ്ത് എംടി തിരക്കഥയെഴുതിയ വിൽക്കാനുണ്ട് സ്വപ്നങ്ങൾ ആയിരുന്നു ഈ കൂട്ടുകെട്ടിലെത്തിയ ആദ്യ ചിത്രം. തൃഷ്ണ, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, ഒരു വടക്കൻ വീരഗാഥ, ഉത്തരം, സുകൃതം, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും മലയാളികൾക്ക് പുതിയ കാഴ്ച അനുഭവം സമ്മാനിച്ചു.
ഇതിൽ വടക്കൻ വീരഗാഥയിലൂടെ ആ വർഷത്തെ മികച്ച തിരക്കഥയ്ക്കും നടനുമുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ എംടിയും മമ്മൂട്ടിയും നേടിയിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എംടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്.
ഇന്നലെ കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ജ്ഞാനപീഠം ജേതാവായ എംടിയെ 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.


Click it and Unblock the Notifications











