'മമ്മൂക്കയുടെ നേർക്ക് ആയുധവുമായി ചാടി വന്നത് കണ്ടപ്പോൾ ഒന്ന് പൊട്ടിക്കാനാണ് തോന്നിയെ'; കണ്ണൂർ സ്ക്വാഡിലെ താരം
കാര്യമായ പ്രമോഷനൊന്നും ഇല്ലാതെ തിയേറ്ററിലെത്തിയ സിനിമ മൗത്ത് പബ്ലിസിറ്റിയിലൂടെ തിയേറ്റുകളിൽ നിറഞ്ഞോടിയ സന്ദർഭങ്ങൾ നിരവധിയുണ്ട്. അത്തരത്തിൽ പുതുതായി ആ ലിസ്റ്റിലേക്ക് ചേർക്കപ്പെട്ട സിനിമയാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായ കണ്ണൂർ സ്ക്വാഡ്.
രോമഞ്ചാത്തിന് ശേഷം മൗത്ത് പബ്ലിസിറ്റിയിലൂടെ സൂപ്പർ ഹിറ്റായ മലയാള സിനിമ കണ്ണൂർ സ്ക്വാഡ് മാത്രമായിരിക്കും. കണ്ണൂർ സ്ക്വാഡിന്റെ റിലീസിന് ശേഷം കോണ്ടന്റാണ് കിങ് എന്ന കാര്യം സിനിമാപ്രേമികൾ ഒരിക്കൽ കൂടി തറപ്പിച്ച് പറയുകയാണ്. നവാഗതനായ റോബി വർഗീസാണ് കണ്ണൂർ സ്ക്വാഡ് സംവിധാനം ചെയ്തത്.
ഒരുപാട് പോലീസ് വേഷങ്ങൾ ചെയ്തിട്ടുള്ള മമ്മൂട്ടിയുടെ ഒരു വ്യത്യസ്തമായ വേഷമായിരുന്നു എസ്.ഐ ജോർജ് മാർട്ടിൻ. കണ്ണൂർ എസ്പിയുടെ കീഴിലുള്ള കണ്ണൂർ സ്ക്വാഡ് എന്ന സ്ക്വാഡ് ഒരു കേസ് അന്വേഷണത്തിൻ്റെ ഭാഗമായി കേരളത്തിൽ നിന്നും ഇൻഡോ നേപ്പാൾ അതിർത്തിയായ ബിരാഘഞ്ച് എന്ന സ്ഥലത്തേക്ക് നടത്തിയ യാത്രയും പത്ത് ദിവസം കൊണ്ട് കേസ് തെളിയിച്ച കഥയുമാണ് സിനിമയുടെ പ്രമേയം.

ചിത്രത്തിലെ ഓരോ രംഗവും കാണികളെ മുൾമുനയിൽ നിർത്തുന്നു. ചെയ്‌സിങ് രംഗങ്ങൾ അടക്കം എല്ലാം രോമാഞ്ചം നൽകുന്നവയാണെന്നാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്നത്. കഥ മാത്രമല്ല സിനിമയിലെ ഓരോ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ പോലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. അക്കൂട്ടത്തിൽ ഏറെയും പ്രശംസിക്കപ്പെട്ടത് യുപിക്കാരിയായ ഒരു സ്ത്രീയുടെ കഥാപാത്രം ചെയ്ത പെൺകുട്ടിയാണ്.
സിനിമ കണ്ടവരെല്ലാം കരുതിയത് ചിത്രത്തിലെ യുപിക്കാരിയുടെ കഥാപാത്രം ചെയ്യാനായി നോർത്ത് ഇന്ത്യയിൽ നിന്നും നടിയെ കൊണ്ടുവന്നതായിരിക്കുമെന്നാണ്. എന്നാൽ സത്യകഥ അതല്ല... മമ്മൂക്കയുടെ നേർക്ക് ആയുധവുമായി ചാടി വീണത് തൃശൂർക്കാരിയായ കാതറിനാണ്.
ചിലർക്കെങ്കിലും ഉർവശി ചിത്രം ജലധാര പമ്പ്സെറ്റിലൂടെ കാതറീന്റെ മുഖം പരിചിതമായിരിക്കും. കണ്ണൂർ സ്കാഡ്വിന്റെ ഭാഗമായപ്പോഴുള്ള വിശേഷങ്ങളും സ്റ്റണ്ട് ചെയ്തപ്പോഴുണ്ടായ അനുഭവങ്ങളും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ കാതറീൻ പങ്കുവെച്ചു. മമ്മൂട്ടിയുടെ നേരെ ആയുധവുമായി ചാടി വരുന്ന യുപിക്കാരിയുടെ രംഗം തിയേറ്ററിൽ ഒരുപോലെ കയ്യടിയും ചിരിയും നേടിയതായിരുന്നു. 'ഓഡിഷനിലൂടെയാണ് ഞാൻ കണ്ണൂർ സ്ക്വാഡിലെത്തിയത്.'
'മാർഷ്യൽ ആർട്ട്സ് അറിയാവുന്ന കുട്ടികളെ അന്വേഷിച്ച് കൊണ്ടുള്ള ഒരു കാസ്റ്റിങ് കോൾ കണ്ടപ്പോൾ പ്രൊഫെെൽ അയക്കുകയായിരുന്നു. മാർഷ്യൽ ആർട്ട്സ് ഞാൻ വർഷങ്ങളായി പഠിക്കുന്നു. ജൂഡോ സ്റ്റേറ്റ് സിൽവർ മെഡലിസ്റ്റാണ്. കബഡി കേരള ടീം അംഗവുമായിരുന്നു. കണ്ണൂർ സ്ക്വാഡിലേയ്ക്കുവേണ്ടി കൊച്ചിക്ക് വരാമോ എന്ന് ചോദിച്ച് വിളിക്കുന്ന സമയത്ത് ഞാൻ ബാംഗ്ലൂരിലായിരുന്നു. വെെകാതെ ഞാൻ കൊച്ചിയിലെത്തി.'

'മേക്കോവർ ഒക്കെ ചെയ്ത് എത്തുന്ന വേഷമാണ് ഓകെയാണോ എന്ന് അവർ ചോദിച്ചിരുന്നു. ഇത്രയും വലിയൊരു അവസരം ലഭിച്ചതിൽ ഞാൻ വളരെയധികം സന്തുഷ്ടയായിരുന്നു അതൊരു ഭാഗ്യം കൂടിയല്ലേ. അതുകൊണ്ട് മറ്റൊന്നും ചിന്തിക്കാതെ ഞാൻ ചെയ്യാമെന്ന് പറഞ്ഞു. മേക്കപ്പ് ചെയ്ത് ലെൻസ് ഒക്കെ വെച്ച് ട്രയൽ നോക്കിയപ്പോൾ സംവിധായകനും ഓക്കെയായിരുന്നു.'
'വില്ലേജിലെ ഫെെറ്റിനിടയിൽ ആൾക്കൂട്ടത്തിൽ ഞാനും ഉണ്ടായിരിക്കുമെന്നാണ് ആദ്യം കരുതിയത്. അസീസിക്കയോട് ഞാൻ ഫെെറ്റ് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ആളുകൾ സംസാരിക്കുന്ന ആ സീൻ ചെയ്യേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ സമയത്താണ് ചെന്നെെയിൽ നിന്ന് ഫെെറ്റ് മാസ്റ്ററിനൊപ്പം രണ്ട് ലേഡി ഫെെറ്റേഴ്സ് വന്നത്. അവരെയൊക്കെ വെച്ച് ഒരു സ്പോട്ട് ഓഡിഷൻ ചെയ്തു.'
'മമ്മൂക്കയുടെ നേർക്ക് ചാടിവരുന്ന ഒരാളെ വേണമായിരുന്നു. റോപ്പില്ലാതെ ചാടാമോയെന്ന് എന്നോട് ചോദിച്ചു. ഞാൻ ചെയ്യാമെന്ന് ഏറ്റു. ആ രംഗം ചെയ്ത് കഴിഞ്ഞപ്പോൾ മമ്മൂക്ക ഉൾപ്പടെ എല്ലാവരും അഭിനന്ദിച്ചു. ഫെെറ്റർമാർക്ക് ഒപ്പം വന്ന ആളാണ് ഞാനെന്നാണ് മമ്മൂക്ക ആദ്യം കരുതിയത്. ആർ യു ഓകെ എന്ന് എന്നോട് ചോദിച്ചു.'
'ഓക്കെയാണ് സാർ എന്ന് ഞാൻ മറുപടി പറഞ്ഞു. മലയാളിയാണോയെന്ന് തിരക്കിയതിന് ശേഷം സ്ഥലമൊക്കെ അദ്ദേഹം ചോദിച്ചറിഞ്ഞു. നമ്മുടെ നാട്ടിലും ഫെെറ്റ് ഒക്കെ ചെയ്യുന്ന പിള്ളേർ ഉണ്ടല്ലേ... എന്നിട്ടാണോ നമ്മൾ പുറത്ത് നിന്ന് ആളുകളെ വിളിക്കുന്നേ എന്ന് അദ്ദേഹം പറഞ്ഞു. ഇതുകേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. റോപ്പില്ലാതെ ചാടി മമ്മൂക്കയുടെ മുന്നിൽ വന്ന് നിൽക്കുന്ന സീനായിരുന്നു അത്.'
ജലധാര പമ്പ്സെറ്റാണ് ആദ്യ ചിത്രം. ഓഡിഷൻ കോളിനൊക്കെ അയക്കുമായിരുന്നു. ജലധാരയിൽ ഞാൻ ചെയ്ത കഥാപാത്രം ചെയ്യാനിരുന്നയാൾക്ക് വരാൻ പറ്റാതായതോടെയാണ് എനിക്ക് അവസരം ലഭിച്ചത്. സിനിമയാണ് പാഷൻ. സിനിമ ലക്ഷ്യം വെച്ച് മോഡലിങ് ചെയ്യാറുണ്ടായിരുന്നു.'
'സിനിമയുടെ റിലീസിന് ശേഷം മമ്മൂക്കയ്ക്കൊപ്പമുള്ള രംഗത്തെ കുറിച്ച് കമന്റുകൾ വരാറുണ്ട്. മമ്മൂക്കയുടെ നേർക്ക് ചാടി വന്നത് കണ്ടപ്പോൾ ഒന്ന് പൊട്ടിക്കാനാ തോന്നിയേ എന്നൊരു കമെന്റ് കേട്ടു. ഇതൊക്കെ കേൾക്കുമ്പോൾ സന്തോഷമാണ് ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിലുള്ള സന്തോഷമാണ് കൂടുതലെന്നും', തൃശൂർക്കാരി കാതറീൻ പറയുന്നു.


Click it and Unblock the Notifications











