ലഗാൻ പോലുള്ള സിനിമകളിൽ അഭിനയിച്ചു, മമ്മൂട്ടിയുടെ നായികയായി, ഗ്രേസി സിങ് അഭിനയം വിട്ടത് ആത്മീയതയ്ക്ക് വേണ്ടി?
സുന്ദരമായ മുഖം, മനോഹരമായ കണ്ണുകൾ, ഹൃദയസ്പർശിയായ പുഞ്ചിരി ഈ ഗുണങ്ങൾ തന്നെ ധാരാളമാണ് ആർക്കും ആരാധന തോന്നാൻ. അത്തരത്തിൽ സൗന്ദര്യം കൊണ്ട് അഭിനയിക്കാനുള്ള ശേഷികൊണ്ടും ആരാധകരെ സമ്പാദിച്ച ബോളിവുഡ് നടിയാണ് ഗ്രേസി സിങ്.
ആമിർ ഖാൻ സിനിമ ലഗാനിലെ ഗൗരിയെന്ന് പറഞ്ഞാലെ പല സിനിമാ പ്രേമികൾക്കും ഗ്രേസി സിങിന്റെ മുഖം ഓർമ വരൂ. ചിത്രത്തിൽ ആമിർ ഖാന്റെ ഒപ്പത്തിനൊപ്പം നിന്ന പ്രകടനമായിരുന്നു ഗ്രാമീണ പെൺകൊടിയായി വന്ന് ഗ്രേസി സിങ് കാഴ്ചവെച്ചത്. ചിത്രത്തിലെ അഭിനയത്തിന് നടി ഗ്രേസി സിങിന് വളരെയധികം പ്രശംസകളും നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
കരിയറിൽ വേറെയും നിരവധി ഹിറ്റുകൾ ഗ്രേസി സിങിനുണ്ടെങ്കിലും ലഗാൻ ഗേൾ എന്ന് പറയുമ്പോഴാണ് താരം സിനിമാപ്രേമികൾക്ക് പ്രിയങ്കരിയായി മാറുന്നത്. സിനിമാ ജീവിതം ആരംഭിച്ച് രണ്ട് ചിത്രങ്ങൾ പിന്നിട്ടപ്പോഴാണ് ലഗാനിലെ വേഷം ഗ്രേസി സിങിന് ലഭിച്ചത്. ലഗാൻ പോലെ തന്നെ ഗ്രേസി സിങിന്റെ കരിയറിൽ ബ്രേക്കായി മാറിയ മറ്റൊരു സിനിമയായിരുന്നു സഞ്ജയ് ദത്ത് നായകനായ മുന്നായി ഭായ് എംബിബിഎസ്.

വേറെയും നിരവധി സിനിമകൾ നടിയുടെ സിനിമാ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നും വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല. അതോടെ ബിഗ് ബജറ്റ് ബോളിവുഡ് പ്രോജക്റ്റുകളിൽ പ്രധാന വേഷങ്ങൾ നേടുന്നതിൽ താരത്തിന് വെല്ലുവിളികൾ നേരിടേണ്ടി വന്നു.
2013ൽ പുറത്തിറങ്ങിയ രാജ്പാൽ യാദവും രൺവീർ ഷോറേയും അഭിനയിച്ച ബ്ലൂ മൗണ്ടൻസ് ആയിരുന്നു നടിയുടെ അവസാനം റിലീസ് ചെയ്ത ബോളിവുഡ് ചിത്രം. 2013ൽ ബോളിവുഡ് സിനിമാ ജീവിതം ഉപേക്ഷിച്ചതിന് ശേഷം 2015ൽ ചൂരിയൻ എന്ന പഞ്ചാബി ചിത്രത്തിലാണ് ഗ്രേസി അഭിനയിച്ചത്. അതായിരുന്നു താരത്തിന്റെ അവസാന ചിത്രം. അതിനുശേഷം നടി ഒരു സിനിമയിലും പ്രവർത്തിച്ചിട്ടില്ല.
ഒരു മലയാള സിനിമയുടെയും ഭാഗമായിട്ടുണ്ട് ഗ്രേസി സിങ്. അതും മമ്മൂട്ടിയുടെ നായികയായി. ലൗഡ് സ്പീക്കർ ആയിരുന്നു സിനിമ. 2009ൽ പുറത്തിറങ്ങിയ സിനിമയിൽ ആനി എന്ന കഥാപാത്രത്തെയാണ് ഗ്രേസി അവതരിപ്പിച്ചത്. പക്ഷെ സിനിമ ശരാശരി വിജയം മാത്രമാണ് നേടിയത്. സിനിമകളോട് വിടപറഞ്ഞതിന് ശേഷം ഗ്രേസി ടെലിവിഷനിലേക്ക് മാറി.
2015 മുതൽ 2017 വരെ സന്തോഷി മാ എന്ന ടിവി ഷോയിൽ താരം അഭിനയിച്ചു. സന്തോഷി ദേവിയുടെ വേഷമാണ് താരം ചെയ്തത്. 2020 മുതൽ 2021 വരെ സന്തോഷി മായുടെ സീക്വലുകളിലും ഭാഗമായി. 43 വയസ് പിന്നിട്ട താരത്തിന്റെ സൗന്ദര്യത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ സിനിമയിലേക്കുള്ള മടങ്ങി വരവ് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. 2013ൽ ഗ്രേസി സിങ് ബ്രഹ്മാകുമാരിസ് വേൾഡ് സ്പിരിച്വൽ യൂണിവേഴ്സിറ്റിയിൽ ചേർന്നിരുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രഹ്മകുമാരിസ് ആശ്രമത്തിലെ പരിപാടികളിൽ പങ്കെടുക്കാനാണ് നടി ഒരിടയ്ക്ക് കൂടുതൽ സമയം ചിലവഴിച്ചത്.
താരം അഭിനയം വേണ്ടെന്ന് വെച്ചത് പോലും ആത്മീയതയിലേക്ക് നീങ്ങാൻ വേണ്ടിയാണെന്നും അക്കാലത്ത് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. സിനിമകളിൽ നിന്നും മിനിസ്ക്രീനിൽ നിന്നും മാറി നിന്നിട്ടും ഗ്രേസി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇടയ്ക്കിടെ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാറുമുണ്ട്. അഭിനയത്തിന് പുറമെ എഴുത്തിലും നൃത്തത്തിലും താരത്തിന് അതീവ താൽപര്യമുണ്ട്.


Click it and Unblock the Notifications