മരണമാസ് ബേസിലിനേയും ജിംഖാന പിള്ളേരേയും മമ്മൂക്ക നിലം പറ്റിച്ചോ?; ബസൂക്ക ആദ്യ ദിനത്തിൽ നേടിയ കലക്ഷൻ!
വിഷുവിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കേരളത്തിൽ ഇന്ന് സിനിമകളുടെ ക്ലാഷ് റിലീസായിരുന്നു. വ്യാഴാഴ്ച തിയേറ്ററിൽ എത്തിയ സിനിമകളെല്ലാം മലയാളത്തിലെ മുൻനിര താരങ്ങളുടേതായിരുന്നു. അതിൽ പ്രധാനപ്പെട്ടത് മമ്മൂട്ടി ചിത്രം ബസൂക്ക, ബേസിൽ ജോസഫ് സിനിമ മരണമാസ്, നസ്ലിൻ ഗഫൂർ സിനിമ ആലപ്പുഴ ജിംഖാന എന്നിവയാണ്. മൂന്ന് പേരും മലയാള സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മൂന്ന് സിനിമകളും പ്രഖ്യാപനം മുതൽ ചർച്ചയായതും ഹൈപ്പുള്ളതുമായ സിനിമകളാണ്.
മികച്ച പ്രതികരമാണ് ബസൂക്കയ്ക്കും മരണമാസിനും ആലപ്പുഴ ജിംഖാനയ്ക്കും ലഭിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം മൂന്ന് സിനിമകളും തമ്മിൽ നടക്കുമ്പോൾ ബസൂക്ക ആദ്യ ദിനത്തിൽ നേടിയ കലക്ഷന്റെ റിപ്പോർട്ടുകളാണ് ശ്രദ്ധനേടുന്നത്. അഡ്വാന്‍സ് ബുക്കിങ്ങില്‍ മികച്ച പ്രതികരണം മമ്മൂക്കയുടെ ബസൂക്ക അടക്കം നേടിയിരുന്നു.

ബസൂക്ക അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയത് 1.50 കോടി രൂപയാണ്. ഏപ്രില്‍ എട്ടിന് രാത്രി എട്ട് മണി മുതലാണ് ബസൂക്കയുടെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചത്. ബസൂക്കയും ആലപ്പുഴ ജിംഖാനയും തമ്മിലാണ് കേരള ബോക്‌സ് ഓഫീസിലെ അഡ്വാന്‍സ് ബുക്കിങില്‍ പ്രധാന മത്സരം നടന്നിരിക്കുന്നത്. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ബസൂക്ക ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് ഏകദേശം 3.27 കോടി രൂപ നേടി.
റിലീസ് ദിവസം ബസൂക്കയ്ക്ക് മൊത്തം 44.15ശതമാനം മലയാളം ഒക്യുപെൻസി ഉണ്ടായിരുന്നു. ആദ്യദിനം പിന്നിടുമ്പോൾ സിനിമയ്ക്ക് സോഷ്യൽമീഡിയയിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രവും ഡീനോ ഡെന്നീസിന്റെ പുതുമയാർന്ന മേക്കിങ്ങിനുമാണ് കയ്യടി ലഭിക്കുന്നത്.
മമ്മൂട്ടിയുടെ സ്റ്റൈലിഷ് വൺമാൻ ഷോ തന്നെ പ്രേക്ഷകന് ഗംഭീര ട്രീറ്റാണെന്നും പ്രതികരണങ്ങളുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് ഹോളിവുഡ് ലെവൽ സ്റ്റൈലിങ് ലുക്കിൽ സിനിമയിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. പടം കാണുമ്പോൾ മലയാള സിനിമയാണെന്ന കാര്യം മറന്ന് പോകുമെന്നും ത്രില്ലിങ് അനുഭവം അവസാനം വരെ സിനിമ നിലനിർത്തിയെന്നും കമന്റുകളുണ്ട്.
ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതുമായ കഥ എന്നതുകൊണ്ട് തന്നെ ആദ്യ കേൾവിയിൽ തന്നെ ബസൂക്ക തനിക്ക് ഇഷ്ടപ്പെട്ടുവെന്നും അതിനാലാണ് ഈ സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത് എന്നുമാണ് മമ്മൂട്ടി റിലീസിന് മുന്നോടിയായി സോഷ്യൽമീഡിയയിൽ കുറിച്ചത്. സിനിമയുടെ അവസാന 30 മിനിറ്റുകൾക്കാണ് മികച്ച അഭിപ്രായം ലഭിക്കുന്നത്. ടിക്കറ്റ് എടുത്ത പണം മുതലാകാൻ അവസാന 30 മിനിറ്റ് ധാരാളമെന്നും പ്രതികരണങ്ങളുണ്ട്.

ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ബസൂക്ക. മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഡീനോ. മമ്മൂട്ടിക്കൊപ്പം സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും സിനിമയിൽ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ അഭിനയിച്ചിരിക്കുന്നത്.
സിദ്ധാർത്ഥ് ഭരതൻ, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ബസൂക്ക നിർമ്മിച്ചത്. അടുത്തിടെയുണ്ടായ അനാരോഗ്യം മൂലം വിശ്രമത്തിലായതിനാൽ സിനിമയുടെ പ്രമോഷന് മമ്മൂട്ടി എത്തിയിരുന്നില്ല.


Click it and Unblock the Notifications











