'മോനാണെന്ന് കരുതി ആ അമ്മ വീട്ടുകാര്യം വരെ പറഞ്ഞു, ഇത്രയും സ്നേഹം അപൂർവം ആളുകൾക്കെ കിട്ടാറുള്ളു'; മമ്മൂട്ടി!
കര്‍ക്കശക്കാരന്‍, ജാഡക്കാരന്‍, അഹങ്കാരി അങ്ങനെ പല വിശേഷണങ്ങള്‍കൊണ്ട് മമ്മൂട്ടിയെന്ന താരത്തിനെയും വ്യക്തിയേയും പലരും വിമർശിക്കാറുണ്ട്. എന്നാൽ അ ദ്ദേഹത്തെ അടുത്തറിയുന്ന അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ളവരൊന്നും ഒരിക്കലും മമ്മൂട്ടിയെ കുറ്റപ്പെടുത്തിയോ വിമർശിച്ചോ സംസാരിച്ചിട്ടില്ല. വീണ്ടും വീണ്ടും മമ്മൂട്ടിക്കൊപ്പം സിനിമകൾ ചെയ്യണമെന്ന ആ ഗ്രഹം പറയാറാണ് പതിവ്.
മറ്റുള്ളവരുടെ ഇഷ്ടത്തിനൊത്ത് സ്വന്തം വ്യക്തിത്വം വളച്ചൊടിക്കാത്തവര്‍ സമൂഹത്തില്‍ അഹങ്കാരികളാവാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മമ്മൂട്ടി എന്നാണ് അദ്ദേഹത്തിന്റെ ആരാധകരും സിനിമാപ്രേമികളും പറയാറുള്ളത്. മോഹൻലാൽ ആരാധകരായ താരങ്ങൾ പോലും വ്യക്തി ജീവിതത്തിൽ തങ്ങൾ മാതൃകയാക്കുന്നത് മമ്മൂട്ടിയെയാണെന്നാണ് പറയാറുള്ളത്. അടുത്തിടെയായി തുടരെ തുടരെ മികച്ച സിനിമകൾ ചെയ്ത് മുന്നേറുകയാണ് മമ്മൂട്ടി.

കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അത് തന്റെ കഥാപാത്രങ്ങളില്‍ ആവരണം ചെയ്യുന്നിടത്താണ് മമ്മൂട്ടി ഇന്നും കാലപ്പഴക്കം ഇല്ലാതെ നിലനില്‍ക്കുന്നത്. കാതലാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ്. ഏതൊരു സൂപ്പർ താരവും ചെയ്യാൻ മടിക്കുന്ന വേഷം ഏറ്റവും മനോഹരമായി മമ്മൂട്ടി അവതരിപ്പിച്ചുവെന്നാണ് സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
സ്റ്റാർഡം മാറ്റിവെച്ച് എല്ലാ സിനിമകളുടെ പ്രമോഷനും മമ്മൂട്ടി എത്താറുണ്ട്. അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴുള്ള മമ്മൂട്ടിയുടെ പെരുമാറ്റത്തിനും തഗ് ഡയലോഗുകൾക്കും സരസമായ സംസാരത്തിനും ആരാധകർ ഏറെയാണ്. മമ്മൂട്ടിയുടെ സിനിമകളോളം മനോഹരമാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ എന്നും പ്രേക്ഷകർ കുറിക്കാറുണ്ട്.
അത്തരത്തിൽ അടുത്തിടെ കാതൽ സിനിമയുടെ പ്രമോഷന് എത്തിയപ്പോൾ ഷൂട്ടിങിനായി പോയപ്പോഴുള്ള ഒരു അനുഭവം മമ്മൂട്ടി പങ്കുവെച്ചു. ആവനാഴി സിനിമയുടെ ഷൂട്ടിന് പോയപ്പോഴുണ്ടായ ഒരു സംഭവത്തെ കുറിച്ച് മുമ്പൊരിക്കൽ മമ്മൂട്ടി എഴുതിയിരുന്നു.
ആവനാഴിയുടെ സെറ്റിലായിരുന്നപ്പോൾ ഒരു അമ്മ മകനാണെന്ന് കരുതി മമ്മൂട്ടിയെ കെട്ടിപിടിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയുമെല്ലാം ചെയ്തിരുന്നു അതേ കുറിച്ച് ചോദിച്ചപ്പോഴാണ് ലാഭേച്ഛയില്ലാതെ തനിക്ക് കിട്ടുന്ന സ്നേഹത്തെ കുറിച്ചും ആവനാഴി സെറ്റിലുണ്ടായ സംഭവത്തെ കുറിച്ചും മമ്മൂട്ടി വാചാലനായത്. 'ആ അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതിയാണ് അവർ എന്നെ കെട്ടിപിടിച്ചതും സ്നേഹം പ്രകടിപ്പിച്ചതും. ഞാൻ മമ്മൂട്ടിയാണെന്ന് വിചാരിച്ചല്ല അവർ അതൊന്നും ചെയ്തത്.'

'അവർ വീട്ടുകാര്യം വരെ എന്നോട് പറഞ്ഞു. മറ്റ് മക്കളുടെ കാര്യങ്ങളും നിന്നെ കണ്ടിട്ട് എത്രനാളായി എന്നൊക്കെയും ആ അമ്മ ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ അതൊക്കെ കേട്ട് അന്തംവിട്ടു പോയി. അവർക്ക് മമ്മൂട്ടി സിനിമയിൽ അഭിനയിക്കുന്ന ആളായിരുന്നില്ല. അവരുടെ പണ്ട് എവിടെയോ പോയ മകൻ തിരിച്ചുവന്നപ്പോൾ ബാക്കി വിശേഷങ്ങൾ പറയുന്നത് പോലെയാണ് അവർ സംസാരിച്ചത്.'
'എനിക്ക് മുറുക്കൊക്കെ തന്നു. അവർ ഭയങ്കര ഹാപ്പിയായിരുന്നു. ഇത്രയും സ്നേഹം അപൂർവം ആളുകൾക്കല്ലേ കിട്ടുകയുള്ളു. നമ്മൾ സിനിമയിൽ അഭിനയിച്ച് കാശും പോപ്പുലാരിറ്റിയും നിങ്ങൾ കാണുന്നതുപോലുള്ള ആഡംബരങ്ങളൊക്കെ ഉണ്ടാക്കിയാലും ഈ സ്നേഹം തന്നെയാണ് ഏറ്റവും വലിയ സമ്പാദ്യം.'
'സ്നേഹം കാശുകൊടുത്താൽ വാങ്ങിക്കാൻ പറ്റില്ല. സ്നേഹം കിട്ടണമെങ്കിൽ സ്നേഹം കൊടുക്കണം', എന്നാണ് മമ്മൂട്ടി പറഞ്ഞത്. നടൻ വീഡിയോ വൈറലായതോടെ മമ്മൂട്ടിയോടുള്ള സ്നേഹം കൂടി ഇരട്ടിയായി എന്നാണ് ആരാധകർ കുറിക്കുന്നത്. ആ അമ്മയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ അദ്ദേഹം വിവരിക്കുന്ന രീതി വളരെ മനോഹരം.
അദ്ദേഹത്തിന്റെ സത്യസന്ധതയും ലളിത്യവും ഇതിൽ നിന്നും മനസിലാകുന്നു. അദ്ദേഹത്തിന് ലഭിക്കുന്ന എല്ലാ ബഹുമാനത്തിനും അദ്ദേഹം യോഗ്യനാണ്... പൊളി മനുഷ്യൻ എന്നിങ്ങനെയാണ് കമന്റുകൾ വന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി പണം സമ്പാദിക്കുക എന്നതിലുപരിയായി നല്ല സിനിമകൾ ചെയ്യുക എന്നതാണ് മമ്മൂട്ടിയുടെ രീതി.


Click it and Unblock the Notifications