മോഹൻലാലിന് അന്നും ഭവ്യത, എനിക്ക് അധികപ്രസംഗം: ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് മമ്മൂട്ടി ഓർത്തപ്പോൾ
ഇന്ത്യൻ സിനിമ കണ്ട അത്യപൂർവ്വ സൗഹൃദങ്ങളിൽ ഒന്നാണ് മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ബന്ധം. കരിയറിന്റെ ആദ്യ കാലം മുതൽ ഇരുവരും തമ്മിലുണ്ടായിരുന്ന അടുപ്പം, പിന്നീട് വെള്ളിത്തിരയിലെ എതിരാളികളായപ്പോഴും ഒരു കുറവും വരാതെ തുടർന്നിരുന്നു. അടുത്തിടെ, ശബരിമല അമ്പലത്തിൽ മമ്മൂട്ടിക്കായി മോഹൻലാൽ നടത്തിയ വഴിപാട് വലിയ വാർത്തയായിരുന്നു. എന്നാലിപ്പോൾ, സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, മോഹൻലാലുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ്. കൈരളി ടിവിക്ക് വേണ്ടി, സംവിധായകൻ രഞ്ജിത്തുമായി നടത്തിയ സംഭാഷണത്തിലാണ് മെഗാസ്റ്റാർ പഴയ സംഭവങ്ങൾ ഓർത്തെടുത്തത്.
മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ആദ്യ കൂടിക്കാഴ്ച്ച
കൈരളി ടിവിക്ക് വേണ്ടി നൽകിയ അഭിമുഖത്തിൽ സംവിധായകൻ രഞ്ജിത്തുമായി സംസാരിച്ചപ്പോഴാണ്, തന്റെ തിരശീലയിൽ എതിരാളിയും, സഹോദര തുല്യനായ മോഹൻലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ച് മമ്മൂട്ടി വാചാലാനായത്. സിനിമയിൽ ആദ്യമായി ഒന്നിച്ചഭിനയിച്ചപ്പോൾ, ലാലിന്റെ അച്ഛന്റെ വേഷമാണ് താൻ ചെയ്തത് എന്നും ഭ്രമയുഗം നായകൻ ഓർത്തെടുത്തു. ആദ്യം കാണുമ്പോഴേ എമ്പുരാൻ താരം വളരെ ഭവ്യതയോടെ പെരുമാറിയിരുന്ന ചെറുപ്പക്കാനായിരുന്നു എന്ന മമ്മൂട്ടി വെളിപ്പെടുത്തി.

"മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ കണ്ടിട്ടാണ് ഞാൻ കഥ കേൾക്കാൻ ചെല്ലുന്നത്. ഞാനൊരു താടിയൊക്കെ വളർത്തി, ജുബ്ബയും തോൾസഞ്ചിയും ഒക്കെ ഇട്ടാണ് പോവുന്നത്. അവിടെ ചെന്നപ്പോൾ പ്രിയദർശൻ ഉണ്ട്, പിന്നെ ശങ്കർ, മോഹൻലാൽ, സിബി മലയിൽ - ഇവരൊക്കെ ഉണ്ട്," മെഗാസ്റ്റാർ ഓർത്തെടുത്തു. "നമ്മുടെ വിവരക്കേടോ, അധിക പ്രസംഗമോ ഒക്കെ ആവാം, അവരൊക്കെ അവിടെ ഇരിക്കുമ്പോൾ - അവിടെ ഒരു കട്ടിൽ ഉണ്ട്, ഞാൻ അതിൽ കേറി കിടന്നു. എന്നിട്ട് "ആഹ്, കഥ പറയു" എന്ന് പറഞ്ഞു," മമ്മൂട്ടി വെളിപ്പെടുത്തി.
"ഞാൻ എന്തോ മാർലോൺ ബ്രാൻഡോയൊ മറ്റോ ആണ്, അത് കൊണ്ട് എന്നെ വിളിപ്പിച്ചിരിക്കുകയാണ് എന്ന മട്ടിലാണ് ഞാൻ അവിടെ പോയിരിക്കുന്നത്. അധികപ്രസംഗവും, വിവരക്കേടും, എല്ലാം കൂടെയുണ്ട്. പക്ഷെ മോഹൻലാൽ ഒക്കെ വളരെ ഭവ്യതയോടെയാണ് പെരുമാറുന്നത്. ലാൽ അന്ന് പ്രൊഡ്യൂസർ അപ്പച്ചൻ സാറിനെ പപ്പാ എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ അന്നാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നത്," മമ്മൂട്ടി വെളിപ്പെടുത്തി. "ലാൽ അന്ന് വില്ലൻ വേഷങ്ങളാണ് ചെയ്യാറ്. ജീവിതത്തിൽ നിന്നും തമാശകൾ ഉണ്ടാകാറുള്ള ആളാണ്. അഹിംസയുടെ ഷൂട്ടിങ് സമയത്ത് ഞാൻ ലാലിനെ കുറിച്ച് പറയുകയും, അദ്ദേഹത്തെ ആ സിനിമയിലേക്ക് വിളിക്കുകയും ചെയ്തു. ആ സൗഹൃദം അങ്ങനെ വളർന്നു വളർന്ന് ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്തു," മെഗാസ്റ്റാർ പറഞ്ഞു.

അടൂർ ഭാസിക്ക് തിക്കുറിശ്ശിയിൽ ഉണ്ടായ മകനാണ് മോഹൻലാൽ
അന്ന് തനിക്ക് തോന്നിയ രസകരമായ ഒരു കാര്യത്തെ കുറിച്ചും മെഗാസ്റ്റാർ തന്റെ കൈരളി ടിവി അഭിമുഖത്തിൽ രഞ്ജിത്തിനോട് വെളിപ്പെടുത്തി. "ഞാൻ അന്ന് പറഞ്ഞൊരു കാര്യമുണ്ട്. അതൊരു തമാശയാണ്. അടൂർ ഭാസിക്ക് തിക്കുറിശ്ശിയിൽ ഉണ്ടായ മകനാണ് മോഹൻലാൽ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അത് ലാലിനും ഓർമയുണ്ടാവും. പിന്നീട് അന്നത്തെ രീതികൾ മാറി, ലാൽ നായകനായി, ഒരുപാട് വളർന്നു, ഇന്നത്തെ മോഹൻലാലായി. ഒരു പക്ഷെ എന്റെ സിനിമകൾ ലാൽ കണ്ടതിനേക്കാൾ, ലാലിന്റെ സിനിമകൾ ഞാൻ കണ്ടുകാണും," തന്റെ സഹതാരവും സുഹൃത്തുമായ മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി സ്നേഹപൂർവ്വം ഓർത്തെടുത്തു.
"പിന്നീട് ഞങ്ങൾ രണ്ട് താരങ്ങളായി, രണ്ട് നടന്മാരായി. എല്ലാ സ്ഥലത്തും ഒരു പോലെയായി. അവാർഡുകൾ കിട്ടുന്നത് പോലും, ഈ കൊല്ലം ഒരാൾക്ക്, അടുത്ത കൊല്ലം മറ്റേയാൾക്ക്, അങ്ങിനെയായി. നാഷണൽ അവാർഡിന്റെ കാര്യത്തിൽ പോലും അത് സംഭവിച്ചു," മെഗാസ്റ്റാർ കൂട്ടിച്ചേർത്തു. അൻപത്തിയഞ്ചു സിനിമകളിൽ ഒന്നിച്ചഭിനയിച്ച മമ്മൂട്ടിയും മോഹൻലാലും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന, എം.എം.എം.എൻ അഥവാ പാട്രിയോട്ട് എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനായും, മോഹൻലാൽ വളരെ പ്രധാനപ്പെട്ട ഒരു കാമിയോ റോളിലും എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു.


Click it and Unblock the Notifications