ചിത്രീകരണത്തിനിടെ പ്രണയത്തിലായ ആനന്ദും ഭാര്യ പൂര്‍ണിമയും; താരദമ്പതിമാരുടെ പ്രണയകഥ വൈറലാവുന്നു
മലയാള സിനിമാലോകത്ത് നിരവധി താരദമ്പതിമാരുണ്ട്. ഒന്നിച്ചഭിനയിച്ച സിനിമകളിലൂടെ ഇഷ്ടത്തിലായി പില്‍ക്കാലത്ത് വിവാഹിതരായവരാണ് കൂടുതല്‍ പേരും. അത്തരത്തിലൊരു താരദമ്പതിമാരാണ് ആനന്ദ് ഭാരതിയും ഭാര്യ പൂര്‍ണിമ ആനന്ദും. വെള്ളിത്തിരയില്‍ ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഇരുവരും ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു.
വില്ലന്‍ വേഷങ്ങളിലൂടെയാണ് ആനന്ദ് കൂടുതലും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. അതുപോലെ തന്നെ സിനിമയിലും സീരിയലിലുമെല്ലാം വില്ലത്തി വേഷത്തിലെത്തി പൂര്‍ണ്ണിമയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ കൂടുതല്‍ കാര്യങ്ങളൊന്നും പുറംലോകത്ത് വന്നിരുന്നില്ല.

സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും സീരിയലുകളില്‍ സജീവമായിരുന്നു ഇരുവരും. ഓണ്‍സ്‌ക്രീനില്‍ വില്ലത്തരം കാണിച്ചിരുന്ന താരങ്ങള്‍ തന്നെ ജീവിതത്തിലും ഒന്നിച്ചെന്നുള്ള കൗതുകമാണ് ആരാധകരില്‍. ആനന്ദിന്റെയും പൂര്‍ണിമയുടെയും കുടുംബത്തെ കുറിച്ചോ മറ്റ് കാര്യങ്ങളോ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇപ്പോഴിതാ താരങ്ങളെ കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ പ്രചരിക്കുകയാണ്.

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ആനന്ദ് ഭാരതി എങ്കിലും അദ്ദേഹം മലയാളി അല്ലെന്നുള്ള കാര്യം അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. ഹൈദരബാദില്‍ ജനിച്ച ആനന്ദ് തമിഴ് സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലേക്ക് എത്തുന്നത്. 1987 ല്‍ അഭിനയ ജീവിതം ആരംഭിച്ച താരം മലയാളത്തില്‍ ഒത്തിരി ശ്രദ്ധേമായ സിനിമകളില്‍ അഭിനയിച്ചിരുന്നു.

ഇപ്പോള്‍ മലയാളത്തില്‍ സീരിയലുകളില്‍ അഭിനയിക്കുകയാണ് താരം. ഹിറ്റ് പരമ്പരയായ 'അമ്മ അറിയാതെ' ലെ വിനയചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ആനന്ദ് അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയ നടി പൂര്‍ണ്ണിമയാണ് ആനന്ദിന്റെ ജീവിതസഖി. ഒരു തമിഴ് ഷോര്‍ട്ട് ഫിലിമിന്റെ ചിത്രീകരണത്തിനിടെ കണ്ടിട്ടുള്ള പരിചയമാണ് പൂര്‍ണ്ണിമയും ആനന്ദും തമ്മിലുള്ള സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും ഇപ്പോള്‍ കുടുംബ ജീവിതത്തിലേക്കും എത്താന്‍ കാരണം.

ഒളിമ്പ്യന്‍ അന്തോണി ആദം, ചിന്താമണിക്കൊലക്കേസ്, സേതുരാമയ്യര്‍ സിബി ഐ, മഞ്ഞുപോലൊരു പെണ്‍കുട്ടി തുടങ്ങിയ സിനിമകളിലൂടെയും ഒത്തിരി സീരിയലുകളിലും അഭിനയിച്ച പൂര്‍ണിമ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ്. തിരുവല്ല സ്വദേശിയായ പൂര്‍ണിമ കടമറ്റത്ത് കത്തനാര്‍ എന്ന സീരിയലില്‍ യക്ഷിയുടെ വേഷത്തിലഭിനയിച്ചും ശ്രദ്ധിക്കപ്പെട്ടിരുന്നു.

സീരിയലുകളില്‍ അഭിനയിച്ചിരുന്നെങ്കിലും വിവാഹശേഷം കുടുംബിനിയായി കഴിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകനാണ്. നേരത്തെ ചെന്നൈയില്‍ ആയിരുന്നു താമസം. എന്നാലിപ്പോള്‍ കുടുംബസേതം തിരുവന്തപുരത്ത് ആണ്. അഭിനയ ജീവിതത്തില്‍ ഇടവേള വന്നെങ്കിലും ഒരു ബിസിനസ് നടത്തി വരികയാണ് പൂര്‍ണിമ. സെന്‍സീറൊ എന്ന പേരില്‍ ഒരു റെസ്റ്റോറന്റ് ഇരുവരും ചേര്‍ന്നാണ് നടത്തുന്നത്.


Click it and Unblock the Notifications











