മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍! ലൂസിഫറിന് ശേഷം വമ്പന്‍ താരങ്ങളുമായി പതിനെട്ടാം പടി
മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ പിറന്ന ലൂസിഫര്‍ ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. മലയാളത്തിലെയും മറ്റ് ഭാഷകളിലെയുമടക്കം നിരവധി താരങ്ങളായിരുന്നു ലൂസിഫറില്‍ അണിനിരന്നത്. ഇപ്പോഴിതാ മമ്മൂട്ടിയുടേതായി അത്തരമൊരു സിനിമ വരികയാണ്. പൃഥ്വിരാജും ഉണ്ണിമുകുന്ദനുമടക്കം യൂത്തന്മാരെ അണിനിരത്തി ബിഗ് റിലീസിനൊരുങ്ങുകയാണ് പതിനെട്ടാം പടി.
സിനിമയുടെ കഥയോ ഇതിവൃത്തമോ ഇനിയും വ്യക്തമായിട്ടില്ലെങ്കിലും പതിനെട്ടാം പടിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമാണ്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിനൊപ്പം തന്നെ പുറത്ത് വന്ന മമ്മൂട്ടിയുടെ ചിത്രമായിരുന്നു ആകാംഷ നിറച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റ് താരങ്ങളും അവരുടെ കഥാപാത്രങ്ങളും പരിചയപ്പെടുത്തി കൊണ്ട് നിര്‍മാതാവ് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പതിനെട്ടാം പടിയിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വന്നിരിക്കുന്നത്.

പതിനെട്ടാംപടി
മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ഉടന്‍ തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന ചിത്രമാണ് പതിനെട്ടാം പടി. തിരക്കഥാകൃത്തും, നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ഇന്നത്തെ കേരള സമൂഹം അത്യാവശ്യമായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നതെന്നാണ് സൂചന. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തുന്ന സിനിമ ചിലരുടെ അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് പതിനെട്ടാം പടി നിര്‍മ്മിക്കുന്നത്. നേരത്തെ പലപ്പോഴായി റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ജൂലൈ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.

ക്യാരക്ടര്‍ പോസ്റ്ററുകള്‍
സിനിമയുടെ പ്രഖ്യാപന സമയത്ത് തന്നെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരുന്നു. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കരിയറില്‍ മമ്മൂട്ടി ഇതുവരെ ചെയ്യാത്തൊരു വേഷമായിരിക്കും പതിനെട്ടാംപടിയിലുള്ളത്. നായക സമാനമായ അതിഥി വേഷമാണ് ചിത്രത്തിലെ ജോണ്‍ എബ്രഹാം പാലക്കല്‍ എന്നും സൂചനയുണ്ട്. ആദ്യം മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ തരംഗമായത് മറ്റൊരി ചിത്രമായിരുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനടുത്ത് നിന്നും സ്റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ദിവസങ്ങളോളം ഫാന്‍സ് ഗ്രൂപ്പുകൡലൂടെ ഈ ചിത്രം വൈറലായിരുന്നു.

പൃഥ്വിരാജും സിനിമയിലുണ്ട്..
മമ്മൂട്ടിയ്‌ക്കൊപ്പം പതിനെട്ടാം പടിയില്‍ 60 ല്‍ അധികം പുതുമുഖങ്ങള്‍ അണിനിരക്കുന്നുണ്ടെന്ന കാര്യം സംവിധായകന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല മലയാളത്തിലെ മുന്‍നിര നായകന്മാരും ചിത്രത്തിലുണ്ടെന്ന് വ്യക്തമാക്കി. തുടക്കം മുതല്‍ പറഞ്ഞ് കേട്ടത് പൃഥ്വിരാജിന്റെ പേരായിരുന്നു. ഒടുവില്‍ സിനിമയിലെ പൃഥ്വിയുടെ ലുക്കാണ് ഇപ്പോള്‍ തരംഗമാവുന്നത്. വെള്ള നിറമുള്ള കുര്‍ത്ത ധരിച്ച് നടന്ന് വരുന്ന പൃഥ്വിയാണ് ചിത്രത്തിലുള്ളത്. എന്നാല്‍ കഥാപാത്രത്തിന്റെ പേരടക്കം കൂടുതല്‍ കാര്യങ്ങള്‍ ഇനിയും വ്യക്തമല്ല.

മറ്റ് താരങ്ങള്‍
മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനുമൊപ്പം മലയാളത്തില്‍ നിന്നും ഉണ്ണി മുകുന്ദനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോജ് കെ ജയന്‍, തമിഴ് നടന്‍ ആര്യ, ആഹാന കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ്, പ്രിയാമണി, മണിയന്‍പിള്ള രാജു, നന്ദു, മാലാപാര്‍വ്വതി, എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഓഡിഷന്‍ നടത്തിയാണ് സിനിമയിലേക്കുള്ള അറുപതോളം പുതുമുഖങ്ങളെ കണ്ടെത്തിയത്.

അണിയറ പ്രവര്‍ത്തകര്‍...
മലയാളത്തില്‍ ഇതുവരെ കണ്ടതില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന കിടിലനൊരു ആക്ഷന്‍ ചിത്രമായിരിക്കും പതിനെട്ടാം പടി എന്ന സൂചന ആദ്യമേ ലഭിച്ചിരുന്നു. സിനിമയ്ക്ക് പിന്നില്‍ വമ്പന്മാരാണുള്ളത്. പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ച കെംബഡികെയാണ് സംഘട്ടനമൊരുക്കുന്നത്. ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ചക്രവര്‍ത്തി എആര്‍ റഹ്മാന്റെ മരുമകനായ എഎച്ച് കാഷിഫ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വിനായക് ശശി കുമാറിന്റേതാണ് വരികള്‍. ഷഹബാസ് അമന്‍, നകുല്‍, ഹരി ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്.


Click it and Unblock the Notifications











