മമ്മൂട്ടി ലൂസിഫര്‍ നേരത്തെ കാണും! സിനിമ ഇഷ്ടമായാല്‍ ഡേറ്റ് തരണേയെന്ന് പൃഥ്വി! താരത്തിന്‍റെ മറുപടി?
മാര്‍ച്ച് 28ന് തിയേറ്ററുകളിലേക്കെത്തുകയാണ് ലൂസിഫര്‍. റിലീസിന് മുന്നോടിയായുള്ള പ്രമോഷന്‍ പരിപാടികള്‍ തകൃതിയായി നടക്കുകയാണ്. പൃഥ്വിരാജും മോഹന്‍ലാലും മാച്രമല്ല മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരും പ്രമോഷന്‍ പരിപാടികളില്‍ സജീവമാണ്. കേരളത്തില്‍ ഏഷ്യാനെറ്റ് അവാര്‍ഡ് വേദിയില്‍ വെച്ചായിരുന്നു ട്രെയിലര്‍ ലോഞ്ച്. അതിന് പിന്നാലെയായാണ് ലൂസിഫര്‍ ടീം അബുദാബിയിലേക്കെത്തിയത്. നാല് പതിറ്റാണ്ടായുള്ള സിനിമാജീവിതത്തില്‍ താനിതുവരെയും ഒരു പ്രമോഷനായി അബുദാബിയിലേക്ക് വന്നിട്ടില്ലെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. തന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി ഇത് മാറുമെന്നും പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പതിവില്ലാത്ത തരത്തിലുള്ള ജനക്കൂട്ടത്തെ കണ്ടപ്പോള്‍ എന്ത് പറയണമെന്നറിയാതെ, വാക്കുകള്‍ പോലും കിട്ടാത്ത അവസ്ഥയില്‍ നില്‍ക്കുന്ന താരങ്ങളെയായിരുന്നു വിദേശത്ത് കണ്ടത്. ഇതുവരെ ഇങ്ങനെയൊരു ജനക്കൂട്ടത്തെ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നായിരുന്നു ടൊവിനോ പറഞ്ഞത്. നിങ്ങളെപ്പോലെ തന്നെ ലൂസിഫറിനായി കാത്തിരിക്കുകയാണ് താനുമെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. ഇപ്പോള്‍ തങ്ങളെക്കാണാനെത്തിയ ഇതേ ജനക്കൂട്ടത്തെ തന്നെ തിയേറ്ററുകളിലും കാണണമെന്നും എല്ലാവരും പറഞ്ഞിരുന്നു. കൈരളി ടിവിയുടെ ഇശല്‍ ലൈല പരിപാടിയിലും ലൂസിഫര്‍ ടീം പങ്കെടുത്തിരുന്നു. മമ്മൂട്ടിയായിരുന്നു ട്രെയിലര്‍ പ്രകാശിപ്പിച്ചത്. മോഹന്‍ലാല്‍-മമ്മൂട്ടി അപൂര്‍വ്വ താരസംഗമത്തിന്റെ വേദി കൂടിയായി മാറുകയായിരുന്നു അത്. അതിനിടയിലാണ് മെഗാസ്റ്റാര്‍ പൃഥ്വിരാജിന് ഓപ്പണ്‍ ഡേറ്റ് നല്‍കിയത്.

മമ്മൂട്ടിക്കൊപ്പം ലൂസിഫര്‍ സംഘം
കൈരളി ടിവിയുടെ ഇശല്‍ലൈല പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു മമ്മൂട്ടി ദുബായിലേക്കെത്തിയത്. പുത്തന്‍ ലുക്കിലുള്ള അദ്ദേഹത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. താരങ്ങളും ഗായകരുമൊക്കെയായി പ്രൗഢ ഗംഭീരമായ സദസ്സിനിടയില്‍ വെച്ചായിരുന്നു ഇരുവരും അന്യോന്യം ആശംസ അറിയിച്ചത്. ജോണ്‍ ബ്രിട്ടാസും വേദിയിലുണ്ടായിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമരികില്‍ നില്‍ക്കുന്ന പൃഥ്വിരാജിന്റെ ചിത്രവും വീഡിയോയുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ഇഷ്ടപ്പെടുകയാണെങ്കില്‍ ഡേറ്റ് തരണേ
റിലീസിന് മുന്‍പുള്ള ഷോയിലേക്കായി മമ്മൂട്ടിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം സിനിമ കാണാമെന്ന് ഏറ്റിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമ കണ്ടിഷ്ടമായാല്‍ തനിക്കൊരു ഡേറ്റ് നല്‍കണമെന്നും താരപുത്രന്‍ ആവശ്യപ്പെട്ടിരുന്നു. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുമോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇതിനകം തന്നെ അദ്ദേഹത്തെ തേടിയെത്തിക്കഴിഞ്ഞിട്ടുണ്ട്. പറ്റിയ വിഷയം ലഭിച്ചാല്‍ അത് നടക്കുമെന്നായിരുന്നു പൃഥ്വി പറഞ്ഞത്. ഇപ്പോഴിതാ പൊതുവേദിയില്‍ വെച്ച് മെഗാസ്റ്റാറിന്റെ ഡേറ്റ് ചോദിച്ചിരിക്കുകയാണ് അദ്ദേഹം.

എന്നേ നല്‍കിക്കഴിഞ്ഞു
പൃഥ്വിരാജിന്റെ ചോദ്യത്തിന് മറുപടിയുമായി മമ്മൂട്ടിയും എത്തിയിരുന്നു. ഡേറ്റൊക്കെ എന്നേ നല്‍കിക്കഴിഞ്ഞൂയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നടനെന്ന നിലയില്‍ മാത്രം പോര സംവിധായകനായി എത്തുന്ന തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിക്കണമെന്നും പൃഥ്വി ആവശ്യപ്പെട്ടിരുന്നു. പൊതുവേദിയില്‍ വെച്ച് മമ്മൂട്ടിയും മോഹന്‍ലാലും അദ്ദേഹത്തെക്കുറിച്ച് വാചാലരായതോടെ സദസ്സും ഇളകിമറിയുകയായിരുന്നു. ഓപ്പണ്‍ ഡേറ്റ് ലഭിച്ച സ്ഥിതിക്ക് ഇനി ഈ കുട്ടൂകെട്ടിലും സിനിമയൊരുങ്ങുമെല്ലോ എന്ന സന്തോഷത്തിലാണ് ആരാധകര്‍.

ഹൃദയം നിറഞ്ഞ ആശംസ
അച്ഛന്റെ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കിയ മകന്‍, അത് കാണാന്‍ അദ്ദേഹമില്ലെങ്കിലും അദ്ദേഹത്തെ നന്നായി അറിയാവുന്ന, ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ടെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഭാവിയില്‍ തന്റെ മക്കള്‍ സിനിമയിലേക്കെത്തുമെന്നും അവരുടെ ഡേറ്റിനായി മലയാള സിനിമ കാത്തിരിക്കുമെന്നും സുകുമാരന്‍ പറഞ്ഞിരുന്നു. അത് യാഥാര്‍ഥ്യമായപ്പോള്‍ കാണാന്‍ അദ്ദേഹമില്ലെങ്കിലും ആ കുടുംബത്തെ അറിയാവുന്നവരെല്ലാം സന്തോഷത്തിലാണ്.

മരണമാസ്സായിരിക്കും
പോക്കിരി രാജ മാസ്സായിരുന്നു അപ്പോള്‍ മധുരരാജ എന്തായിരിക്കുമെന്നായിരുന്നു അവതാരക മമ്മൂട്ടിയോട് ചോദിച്ചത്. എന്തായിരിക്കുമെന്നായിരുന്നു അദ്ദേഹവും തിരിച്ചുചോദിച്ചത്. മരണമാസ്സായിരിക്കുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹവും അത് ശരിവെക്കുകയായിരുന്നു. വേദിയും സദസ്സും നിറഞ്ഞ കരഘോഷത്തോടെയാണ് മെഗാസ്റ്റാറിന്റെ വാക്കുകള്‍ കേട്ടത്. ഏപ്രില്‍ 12നാണ് മധുരരാജ എത്തുന്നത്. പക്കാ എന്റര്‍ടൈനറായാണ് ചിത്രമെത്തുന്നത്.

മധുരരാജയ്ക്ക് ആശംസ
പൃഥ്വിക്കും സംഘത്തിനും ഹൃദയം നിറഞ്ഞ ആശംസ നേരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായി അദ്ദേഹത്തിന് നന്ദി അറിയിച്ച് പൃഥ്വി എത്തിയിരുന്നു. മമ്മൂക്കയുടെ മധുരരാജയ്ക്കും ആശംസ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. താരജാക്കന്‍മാര്‍ക്കൊപ്പം ടൊവിനോയും മഞ്ജു വാര്യരും ആന്റണി പെരുമ്പാവൂരുമൊക്കെ വേദിയിലുണ്ടായിരുന്നു.
വീഡിയോ വൈറല്‍
സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications