ഷെെലോക്കിലെ ആ മരണമാസ് രംഗം! ആ ഷോട്ടിനെക്കുറിച്ച് സഹസംവിധായകന്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്ക് തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. മാസ് എന്റര്‍ടെയ്‌നറായി എത്തിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് ഒരുക്കിയ ചിത്രം കൂടിയാണിത്. ഷൈലോക്കിലെ മമ്മൂട്ടിയുടെ ബോസ് എന്ന കഥാപാത്രം തരംഗമായിരിക്കുകയാണ്.
കോമഡിയും ആക്ഷനും സെന്റിമെന്റ്‌സും ഒരേപോലെ ഉള്‍പ്പെടുത്തികൊണ്ടാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മമ്മൂക്കയുടെ പഞ്ച് ഡയലോഗുകള്‍ക്കെല്ലാം നിറഞ്ഞ കൈയ്യടിയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മമ്മൂക്ക പൂണ്ടുവിളയാടിയ ഒരു ചിത്രമാണ് ഷൈലോക്കെന്നാണ് അധികപേരും അഭിപ്രായപ്പെട്ടത്.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് സിനിമ മുന്നേറുന്നത്. മമ്മൂട്ടിക്കൊപ്പം തമിഴ് താരം രാജ്കിരണും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ഷൈലോക്ക്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് നിര്‍മ്മിച്ചത്.

കോട്ടയം കുഞ്ഞച്ചന്‍, രാജമാണിക്യം, തുറുപ്പുഗുലാന്‍ സിനിമകളിലേതു പോലൊരു കഥാപാത്രമായിട്ടാണ് മെഗാസ്റ്റാര്‍ ഇത്തവണ എത്തിയിരിക്കുന്നത്. മെഗാസ്റ്റാറിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. ഷൈലോക്കിലെ ഒരു രംഗം തിയ്യേറ്ററുകളില്‍ വലിയ ഓളമുണ്ടാക്കിയിരുന്നു. ഒരു സംഘടന രംഗത്തില്‍ കാലുയര്‍ത്തി വില്ലന്‍ കഥാപാത്രത്തിന്റെ തോളത്ത് വെക്കുന്ന ഒറ്റ ഷോട്ടില്‍ ഒരുക്കിയ ഒരു രംഗം ചിത്രത്തിലുണ്ട്.

ഇത് സത്യത്തില്‍ വേറെ രീതിയില്‍ ചിത്രീകരിക്കാനായിരുന്നു അണിയറക്കാരുടെ പദ്ധതി. എന്നാല്‍ വളരെ എളുപ്പത്തില്‍ മമ്മൂട്ടി കാലുയര്‍ത്തുന്നത് കണ്ടപ്പോള്‍ സംവിധായകനും സ്റ്റണ്ട് ഡയറക്ടര്‍ സില്‍വയും ചേര്‍ന്ന് അത് ഒറ്റ ഷോട്ടില്‍ കുറച്ചുകൂടി വലിയ രീതിയില്‍ ചെയ്യാമോ എന്ന് മമ്മൂക്കയോട് ചോദിക്കുകയായിരുന്നു.

ആ രംഗത്തില്‍ ഉളള പാന്റ് അങ്ങിനെ വലിയില്ല എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അടുത്ത ദിവസം റബര്‍ പോലെ വലിയുന്ന ഒരു മെറ്റീരിയലില്‍ ഈ ഷോട്ട് തയ്യാറാക്കുകയും മികച്ച രീതിയില്‍ മമ്മൂക്ക ആ ഷോട്ട് പൂര്‍ത്തിയാക്കുകയുമായിരുന്നു. ഷൈലോക്കില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ജോമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷൈലോക്കിലെ മമ്മൂക്കയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് നിറഞ്ഞ കൈയ്യടിയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്.
Recommended Video

ഗോപി സുന്ദര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും തരംഗമായി മാറിയിരുന്നു. ചെറുപ്പത്തിലെ സിനിമാ നടനാകാന്‍ കൊതിച്ചിറങ്ങി ബിസിനസുകാരനായി മാറിയ ബോസ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്. സിനിമ എപ്പോഴും ബോസിന് ഹരമാണ്. അതുകൊണ്ടു തന്നെ അയാളുടെ വാക്കിലും പ്രവ്യത്തിയിലും നില്‍പ്പിലും നടപ്പിലുമെല്ലാം ഒരു സിനിമാസ്‌റ്റൈല്‍ ഉണ്ട്. മലയാളം പതിപ്പിനൊപ്പം തന്നെ തമിഴില്‍ കുബേരന്‍ എന്ന പേരിലും ഷൈലോക്ക് പുറത്തിറങ്ങുന്നുണ്ട്. ഷൈലോക്കിലെ ബാര്‍ സോങ് തരംഗമായി മാറിയിരുന്നു. മീന നായികയാവുന്ന ചിത്രത്തില്‍ ബൈജു, ഹരീഷ് കണാരന്‍, ബിബിന്‍ ജോര്‍ജ്ജ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.


Click it and Unblock the Notifications