ബോക്‌സോഫീസ് വിജയം നേടാതെ പോയ ആ മമ്മൂട്ടി ചിത്രം പിന്നീട് ചരിത്രം സൃഷ്ടിച്ചു
മമ്മൂട്ടി-സിബി മലയില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു മലയാളത്തില്‍ ലഭിച്ചത്. മോഹന്‍ലാലിന് മികച്ച കഥാപാത്രങ്ങള്‍ നല്‍കുന്നതിന് മുന്‍പേ തന്നെ സിബി മലയില്‍ മമ്മൂട്ടിക്കൊപ്പം സിനിമകള്‍ ചെയ്തിരുന്നു. ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ മായാതെ നില്‍ക്കുന്നവയാണ്. മമ്മൂട്ടി-സിബി മലയില്‍ കൂട്ടുകെട്ടിലെ തനിയാവര്‍ത്തനം, സാഗരം സാക്ഷി പോലുളള സിനിമകള്‍ പ്രേക്ഷകര്‍ ഇന്നും ഇഷ്ടപ്പെടുന്നവയാണ്.
തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ് ഇന്നും മലയാളികളെ നൊമ്പരപ്പെടുത്തുന്ന മമ്മൂട്ടി കഥാപ3ത്രമാണ്. ഈ ചിത്രം മമ്മൂട്ടി കമ്മിറ്റ് ചെയ്തത് വലിയ പ്രതീക്ഷകളില്ലാതെയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തനിയാവര്‍ത്തനം ചിത്രീകരണം നടക്കുമ്പോള്‍ വലിയ പ്രതീക്ഷ പുലര്‍ത്താതിരുന്ന താരം ആ സമയം ചെയ്തുകൊണ്ടിരുന്ന മറ്റൊരു സിനിയിലാണ് വലിയ പ്രതീക്ഷ വെച്ചിരുന്നത്. തനിയാവര്‍ത്തനം സിനിമയ്ക്കായി മമ്മൂട്ടി രാത്രിയില്‍ സമയം കണ്ടെത്തിയപ്പോള്‍ പകല്‍ സമയം ഫാസിലിന്റെ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തിലായിരുന്നു നടന്‍ അഭിനയിച്ചിരുന്നത്.

അന്ന് മമ്മൂട്ടി എന്ന താരത്തെ സംബന്ധിച്ച് ഒരു വലിയ ഹിറ്റ് അനിവാര്യമായിരുന്നു. അതുകൊണ്ടാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തില്‍ താരം കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നത്. ഫാസില്‍ സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു.

മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ ഗംഭീര ബോക്‌സോഫീസ് വിജയം നേടിയെങ്കിലും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നത് തനിയാവര്‍ത്തനം എന്ന ക്ലാസിക്ക് ചിത്രം തന്നെയാണ്. 1987ലായിരുന്നു മമ്മൂട്ടി ചിത്രം പുറത്തിറങ്ങിയിരുന്നത്. ലോഹിതദാസിന്റെ തിരക്കഥയിലായിരുന്നു സിബി മലയില്‍ തനിയാവര്‍ത്തനം ഒരുക്കിയത്.

മമ്മൂട്ടിക്കൊപ്പം തിലകന്‍, മുകേഷ്, കവിയൂര്‍ പൊന്നമ്മ,ഫിലോമിന, ആശാ ജയറാം തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു തനിയാവര്‍ത്തനം. തനിയാവര്‍ത്തനത്തിലെ പ്രകടനത്തിന് തിലകന് മികച്ച രണ്ടാമത്തെ നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ബാലഗോപാലന്‍ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. കുടുംബത്തിലെ പുരുഷന്മാർക്ക് പാരമ്പര്യമായി ലഭിക്കുന്ന ഭ്രാന്തിന്റെ വിഹ്വലതകളിൽപ്പെട്ടുഴലുന്ന ബാലൻമാഷ് എന്ന കഥാപാത്രത്തിന്റെ സങ്കീർണ്ണഭാവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.


Click it and Unblock the Notifications