ആ വിഷമം അദ്ദേഹം ഞങ്ങൾക്ക് മുന്നിൽ കാണിച്ചിട്ടില്ല, ടർബോ കണ്ട് കരഞ്ഞതിന് കാരണം: ഇബ്രാഹിം കുട്ടി
മമ്മൂട്ടി താര രാജാവായി വളർന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് നടന്റെ കുടുംബമാണ്. അഭിഭാഷകനായിരുന്ന മമ്മൂട്ടി അവസരങ്ങൾ തേടി നടന്നതും ഒടുവിൽ സിനിമാ ലോകത്ത് സ്ഥാനം നേടിയെടുത്തതുമെല്ലാം ആരാധകർക്ക് അറിയാവുന്നതാണ്. മമ്മൂട്ടിയുടെ വളർച്ച നേരിൽ കണ്ടയാളാണ് സഹോദരൻ നടൻ ഇബ്രാഹിം കുട്ടി. മമ്മൂട്ടിയെക്കുറിച്ച് എപ്പോഴും ഇദ്ദേഹം വാചാലനാകാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഇബ്രാഹിം കുട്ടി നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയായി. മമ്മൂട്ടിയുടെ ടർബോ എന്ന സിനിമ കണ്ട് താൻ കരഞ്ഞു എന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.
പരാമർശം ട്രോളുകൾക്ക് കാരണമായി. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഇബ്രാഹിം കുട്ടിയിപ്പോൾ. ടർബോ കണ്ട് താൻ ഇമോഷണലായതിന് കാരണമുണ്ടെന്ന് ഇബ്രാഹിം കുട്ടി പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. സന്തോഷം വരുമ്പോഴും സങ്കടം വരും. അത്രയും അടുപ്പമുള്ള, ഇമോഷണലി ലോക്ക്ഡ് ആയ ആളെ സ്ക്രീനിൽ കാണുമ്പോൾ നമുക്കൊരു ഇമോഷൻ ഉണ്ടാകും. അതാണ് പറഞ്ഞത്.

ടർബോ പോലുള്ള സിനിമ കാണുമ്പോഴും ഇമോഷണലാകും. ആൾക്കാർ സിനിമ ആസ്വദിക്കുന്നത് കാണുമ്പോൾ നമ്മുടെ ഉള്ളിൽ സ്വാഭാവികമായി ഉണ്ടാകുന്ന സന്തോഷമാണതെന്നും ഇബ്രാഹിം കുട്ടി വ്യക്തമാക്കി. കരിയറിലെ ഒരു ഘട്ടത്തിൽ മമ്മൂട്ടി തുടരെ പരാജയങ്ങൾ നേരിട്ടതിനെക്കുറിച്ചും ഇബ്രാഹിം കുട്ടി സംസാരിച്ചു. അന്ന് പരാജയപ്പെട്ട സിനിമകൾ ഇന്ന് എടുത്ത് കണ്ടാൽ അത് മോശം സിനിമയല്ലെന്ന് മനസിലാകും.
വീണ്ടും, ന്യായ വിധി, സായം സന്ധ്യ, അതിനുമപ്പുറം എന്നിങ്ങനെയുള്ള സിനിമകളാണ് അന്ന് വന്നത്. അവ മോശം സിനിമകളല്ല. മോശം സംവിധായകരും ആയിരുന്നില്ല. ഇന്ന് സോഷ്യൽ മീഡിയ ചെയ്യുന്ന രീതിയായിരുന്നു അന്ന് പ്രിന്റ് മീഡിയ ചെയ്തിരുന്നത്. ജനങ്ങൾ അതേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഇന്ന് മാസികകൾ വിൽക്കുന്നില്ലെങ്കിലും അന്ന് മാസികകൾ വിറ്റിരുന്നു. അതൊക്കെ വായിച്ചും കേട്ടുമാണ് ഇങ്ങനെയൊരു സംസാരമുണ്ടായത്.

പുതിയ താരോദയത്തിന് വേണ്ടി മീഡിയ കാത്തിരുന്നിട്ടുണ്ടാകും. വീട്ടിൽ പുള്ളി ആശങ്കപ്പെട്ടിരിക്കുന്നത് അന്ന് ഞങ്ങൾ കണ്ടിട്ടില്ല. മമ്മൂട്ടിക്ക് സങ്കടമായിരുന്നു, കരഞ്ഞു എന്നെല്ലാം സിനിമാക്കാർ പറഞ്ഞിട്ടുണ്ട്. എന്നാൽ ഞങ്ങളുടെ മുന്നിൽ വിഷമം കാണിച്ചിട്ടില്ല. സിനിമ പരാജയപ്പെടുന്നുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു.
ഇന്നും മമ്മൂട്ടിയുടെ സിനിമകൾ റിലീസ് ചെയ്യുമ്പോൾ പ്രേക്ഷക പ്രതികരണം എങ്ങനെയായിരിക്കുമെന്ന ആശങ്ക തനിക്കുണ്ടാകാറുണ്ടെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു.അഭിനയ രംഗത്ത് ഇബ്രാഹിം കുട്ടിയും സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും സജീവമായില്ല. ഇദ്ദേഹത്തിന്റെ മകൻ മക്ബൂൽ സൽമാനും അഭിനയ രംഗത്തേക്ക് കടന്ന് വന്നു. നിരവധി സിനിമകളിൽ മക്ബൂലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications