'25 വർഷത്തിൽ അധികം പഴക്കമുള്ള ഷർട്ടുകൾ വരെയുണ്ട്, ആ ഷർട്ടുകൾക്ക് ഒരു വർഷം പഴക്കമുണ്ട്'; മമ്മൂട്ടിയുടെ ഡിസൈനർ!
മലയാളികളുടെ ഫാഷൻ ഐക്കണാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഫാഷൻ സെൻസിന്റെ കാര്യത്തിൽ ഈ എഴുപത്തിരണ്ടാം വയസിലും യൂത്തന്മാരായ താരങ്ങളെ വരെ മമ്മൂക്ക കടത്തിവെട്ടും. വീട് വിട്ട് പുറത്തേക്കിറങ്ങിയാൽ വൈറലാകുന്ന മനുഷ്യനെന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കാറുള്ളത്. ബോളിവുഡിൽ വരെ വൻ ആരാധകവൃന്ദമുള്ള മകൻ ദുൽഖറിന്റെ ഫാഷൻ സെൻസ് മമ്മൂട്ടിക്ക് താഴെയാണ്. കാലത്തിനൊത്ത് അപ്ഡേറ്റഡാകുന്ന കാര്യത്തിൽ മമ്മൂട്ടിയെ പോലെ ശ്രദ്ധിക്കുന്ന മറ്റൊരു തെന്നിന്ത്യൻ താരമുണ്ടോയെന്ന് സംശയാണ്.
പ്രായം എഴുപത് കഴിഞ്ഞുവെന്നേയുള്ളു മനസിന് ഇപ്പോഴും യുവത്വം കാത്ത് സൂക്ഷിക്കുന്നുണ്ട് മമ്മൂട്ടി. മമ്മൂക്കയുടെ വസ്ത്രധാരണമാണ് യൂത്തന്മാർ കോപ്പി ചെയ്യുന്നത്. കാതൽ സിനിമയുടെ പ്രമോഷനായി മമ്മൂട്ടി എത്തിയപ്പോൾ ധരിച്ച പ്രിന്റഡ് ഷർട്ടാണ് ഇപ്പോൾ യൂത്തിനിടയിൽ ട്രെന്റാകുന്നത്. എവിടെ നിന്നാണ് വെറൈറ്റി ഷർട്ടുകൾ മമ്മൂക്ക സംഘടിപ്പിക്കുന്നതെന്നാണ് ആരാധകർക്ക് അറിയേണ്ടത്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ പേർസണൽ കോസ്റ്റ്യൂം ഡിസൈനറായ അഭിജിത്ത് താരത്തിന്റെ ഫാഷൻ സെൻസിനെ കുറിച്ച് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. 25 വർഷത്തിൽ അധികം പഴക്കമുള്ള ഷർട്ടുകൾ വരെ മമ്മൂക്കയുടെ കയ്യിൽ സ്റ്റോക്കുണ്ടെന്നാണ് അഭിജിത്ത് പറയുന്നത്.
ഗ്രേറ്റ് ഫാദർ സിനിമ മുതലാണ് അഭിജിത്ത് മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ച് തുടങ്ങിയത്. വലിയൊരു വസ്ത്രശേഖരമുള്ള താരം ഈ വസ്ത്രങ്ങളൊക്കെ എന്താണ് ചെയ്യുന്നതെന്ന ആരാധകരുടെ ചോദ്യത്തിനും അഭിജിത്ത് മറുപടി പറഞ്ഞു. 'മമ്മൂക്ക കാതൽ സിനിമയുടെ പ്രമോഷനിട്ട കോമിക് സീരീസ് ഷർട്ടുകൾ സത്യത്തിൽ ഒരു വർഷം മുമ്പ് വാങ്ങി വെച്ചിരുന്നതാണ്.'
'സോൾഡ് സ്റ്റോറിന്റെ ആർച്ചി കോമിക്സിന്റെ പ്രിന്റും എച്ച് ആൻഡ് എമ്മിന്റെ ഗ്രാഫിക് പ്രിന്റഡ് ഷർട്ടുമാണ് പ്രമോഷൻ സമയത്ത് മമ്മൂക്ക ഇട്ടത്. ബോംബെയിലെ സ്റ്റോറിൽ നിന്നും നേരിട്ട് വാങ്ങിയതാണ്. വിസ്കോസ് ഫാബ്രിക്കായതിനാൽ ചൂടൊന്നും അറിയില്ല ഇടാനും സുഖമാണ്. ഈ ഷർട്ടുകൾ ഇത്ര ഹിറ്റാകുമെന്ന് കരുതിയില്ല.'
'ഇതേ പോലുള്ള മൂന്ന് നാലെണ്ണം കൂടി ഉണ്ടായിരുന്നു. അതൊക്കെ ഇനി അദ്ദേഹം ഇടുമോയെന്ന് അറിയില്ല. ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്നത് ടർബോ എന്ന സിനിമയുടേതാണ്. അതിൽ ഒരു നാടൻ ലുക്കാണ്. അടി ഇടി പടമാണ്. ഒരു ഫാൻബോയ് എന്നുള്ള നിലയ്ക്കാണ് ഈ സിനിമയ്ക്കായി ഞാൻ കോസ്റ്റ്യൂം ചെയ്യുന്നത്. ഈ സിനിമയുടെ സംവിധായകനായ വൈശാഖ് ചേട്ടൻ അതിന് പൂർണമായി സപ്പോർട്ട് ചെയ്യുന്നുമുണ്ട്.'

'നമ്മൾ തന്നെ ഡിസൈൻ ചെയ്ത റഗ്ഡ് ഫീൽ കിട്ടുന്ന കോർഡ്രോയ് ഗാർമെന്റ്ഡൈ പാച്ച് പോക്കറ്റ് ഷർട്ടുകളും ഹാൻഡ്‌ലൂം ഡിസൈൻ ബോർഡർ മുണ്ടുകളുമാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. കൂട്ടിന് ഒരു വുഡൻ കൊന്തയുമുണ്ട്.'
'മമ്മൂക്ക ഷർട്ടുകളൊക്കെ എന്താണ് ചെയ്യുന്നതെന്ന് ഒരുപാടുപേർ ചോദിക്കാറുണ്ട്. അദ്ദേഹം ചിലത് സൂക്ഷിച്ചുവെയ്ക്കും. ചിലത് ആർക്കെങ്കിലുമൊക്കെ കൊടുക്കും. അദ്ദേഹത്തിന്റെ കയ്യിൽ കാലങ്ങളായി ഇരിക്കുന്ന ഷർട്ടുകളുണ്ട്. 20-25 വർഷങ്ങളായി സൂക്ഷിക്കുന്ന ചിലതുണ്ട്. ഇഷ്ടപ്പെട്ട ഷർട്ടുകൾ അദ്ദേഹം വീണ്ടും ഇടാറുമുണ്ട്.'
'കണ്ണൂർ സ്ക്വാഡ് സിനിമയിലെ ഒരു കഥാപാത്രം നൻപകൽ നേരത്ത് മയക്കത്തിലെ മമ്മൂക്കയുടെ കോസ്റ്റ്യൂം ഇട്ടെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ ചിലർ പോസ്റ്റുകളിട്ടത് കണ്ടിരുന്നു. അത് ശരിയാണ്. രണ്ട് സിനിമകളും മമ്മൂട്ടി കമ്പനി നിർമിച്ച സിനിമകളാണ്. ആദ്യ സിനിമ കഴിഞ്ഞ് കോസ്റ്റ്യൂസ് പ്രൊഡക്ഷൻ ടീമിന് കൈമാറും.'
'അത് പിന്നീട് മറ്റ് സിനിമകളിലെ കോസ്റ്റ്യൂം ടീം വസ്ത്രങ്ങൾ ഏതെങ്കിലും വിധത്തിൽ ഉയോഗിക്കാമെങ്കിൽ ഉപയോഗിക്കും. അങ്ങനെയാണ് കണ്ണൂർ സ്ക്വാഡിൽ വീണ്ടും അതേ ഷർട്ടും മുണ്ടും കാണുന്നത്. ജനങ്ങൾ അത്രത്തോളം മമ്മൂക്കയുടെ വസ്ത്രങ്ങൾ പോലും ശ്രദ്ധിക്കുന്നതിൽ സന്തോഷമെന്നുമാണ്', അഭിജിത്ത് പറഞ്ഞത്.


Click it and Unblock the Notifications