മമ്മൂട്ടിയുടെ സെറ്റിൽ വരും, രമേശ് പിഷാരടിക്ക് വേറെ ജോലിക്കൊന്നും പോകണ്ടേ? മറുപടി നൽകി നടൻ
സൂപ്പർസ്റ്റാറുകൾക്കൊപ്പം നിഴലായി ഒരു സൗഹൃദവലയം മിക്കപ്പോഴും ഉണ്ടാകാറുണ്ട്. നടൻ മമ്മൂട്ടിക്കൊപ്പം എപ്പോഴും കാണുന്നയാൾ രമേശ് പിഷാരടിയാണ്. മമ്മൂട്ടിയുടെ പിഎ ആണോ രമേശ് പിഷാരടിയെന്ന് വരെ ചിലർ ചോദിക്കാറുണ്ട്. അമ്മ സംഘടനയുടെ മീറ്റിംഗിനും മറ്റ് ഷോകൾക്കുമെല്ലാം മമ്മൂട്ടിക്കൊപ്പം രമേശ് പിഷാരടിയെയും കാണാം. പൊതുവെ അധികമാരോടും അടുക്കാത്തയാളാണ് മമ്മൂട്ടി. എന്തുകൊണ്ട് രമേശ് പിഷാരടി പ്രിയപ്പെട്ടവനായെന്ന ചോദ്യം ഉയരാറുണ്ട്. ഇതിന് ഉത്തരം അറിയാൻ ശ്രമിച്ചിട്ടില്ലെന്നാണ് രമേശ് പിഷാരടി ഒരിക്കൽ പറഞ്ഞത്.
മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടൻ റിയാസ് നർമകല. ഇഷ്ടമുള്ളവരോട് സംസാരിക്കാൻ മമ്മൂട്ടിക്ക് ഇഷ്ടമാണെന്ന് റിയാസ് നർമകല പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടൻ. റോഷാക്കിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് റിയാസ് നർമകല പങ്കുവെച്ചത്.

ഇഷ്ടമുള്ളവരുണ്ടെങ്കിൽ പുള്ളി കാരവാനിൽ ഇരിക്കില്ല. കസേര എടുത്ത് പുറത്തിട്ട് എല്ലാവരും ചുറ്റുമിരുന്ന് സംസാരിക്കും. ഞാൻ, കോട്ടയം നസീർ, ഗ്രേസ്, സഞ്ജു തുടങ്ങി എല്ലാവരും ഉണ്ടായിരുന്നു. വട്ടത്തിലിരുന്ന് വർത്തമാനം പറയുന്നത് പുള്ളിക്ക് വലിയ ഇഷ്ടമാണ്. പല വിഷയങ്ങളെക്കുറിച്ചും സംസാരിക്കും. പിഷാരടി ഇടയ്ക്ക് വരും. അവരുടെ കെമിസ്ട്രി ഭയങ്കരമാണ്. ഒരു വ്യക്തിയോടുള്ള ഇഷ്ടമാണതെന്നും റിയാസ് നർമകല പറഞ്ഞു.
രമേശ് പിഷാരടിക്ക് വേറെ ജോലിക്കൊന്നും പോകണ്ടേ എന്ന് അഭിമുഖത്തിൽ ചോദിച്ചപ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ ജോലികളെല്ലാം തീർത്തിട്ടാണ് വരുന്നതെന്ന് റിയാസ് നർമകല മറുപടി നൽകി. അദ്ദേഹം എപ്പോഴും അവിടെ ഇല്ല. പക്ഷെ മീഡിയ കാണുമ്പോൾ അവിടെ ഉണ്ടാകും. മമ്മൂട്ടിക്ക് അങ്ങനെ ഇഷ്ടമുള്ള കുറേ പേരുണ്ട്. കുഞ്ചൻ ചേട്ടൻ ഉൾപ്പെടയുള്ളവർ മമ്മൂട്ടിക്ക് പ്രിയപ്പെട്ടവരാണെന്നും റിയാസ് നർമകല വ്യക്തമാക്കി.

അടുത്തിടെ നടൻ ടിനി ടോമും മമ്മൂട്ടി-രമേശ് പിഷാരടി സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിരുന്നു. മമ്മൂട്ടി വ്യാജൻമാരെയും അമിത വിനയമുള്ളവരെയും കൃത്യമായി മനസിലാക്കും. നമ്മൾ എപ്പോഴും വിളിക്കണമെന്നില്ല. മമ്മൂക്കയുടെ അടുത്ത് അങ്ങനെ ആരെയും അടുപ്പിക്കില്ല. പിഷാരടി കൂടെയുള്ളത് മമ്മൂക്കയ്ക്ക് നല്ലതാണ്. രമേശ് പിഷാരടി എല്ലാ വിഷയങ്ങളെക്കുറിച്ചും സംസാരിക്കുമെന്നും ടിനി ടോം അന്ന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഒരു വടക്കൻ വീരഗാഥ സിനിമയുടെ റി റിലീസുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ അഭിമുഖമെടുത്തത് രമേശ് പിഷാരടിയാണ്. താരത്തിന്റെ സിനിമകളിൽ അവസരം ലഭിക്കാൻ വേണ്ടിയാണ് ഒപ്പം നടക്കുന്നതെന്ന വിമർശനത്തോട് രമേശ് പിഷാരടി നേരത്തെ പ്രതികരിച്ചിരുന്നു. അദ്ദേഹത്തെ വെച്ച് ഞാൻ സംവിധാനം ചെയ്ത സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല.
ഇന്ത്യ മുഴുവൻ ആരാധകരുള്ള, ഏവരും ബഹുമാനത്തോടെ കാണുന്നയാളാണ് മമ്മൂക്ക. ഒപ്പം നടക്കാനാകുന്നത് ഭാഗ്യം കൊണ്ടാണെന്നും രമേശ് പിഷാരടി അന്ന് പറഞ്ഞു. ഡൊമിനിക് ആന്റ് ലേഡീസ് പഴ്സ് ആണ് മമ്മൂട്ടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications