ഓരോ മാസം കഴിയുന്തോറും ആരോഗ്യം മോശമാകും, അച്ഛൻ അവരെ വിളിച്ചു, ഷൂട്ടിനിടെ പിടിച്ച് നിന്നു; മംമ്ത പറഞ്ഞത്
നടി മംമ്ത മോഹൻദാസ് നിരവധി പേർക്ക് പ്രചോദനമാണ്. ഒന്നിലേറെ തവണ കാൻസർ, പിന്നീടുണ്ടായ ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ എന്നീ പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം മംമ്ത അതിജീവിച്ചു. ഒട്ടും എളുപ്പമായിരുന്നില്ല മംമ്തയ്ക്ക് ഈ യാത്ര. കരിയറിൽ വലിയ അവസരങ്ങൾ തേടി വരുന്ന കാലഘട്ടത്തിലാണ് മംമ്ത അസുഖ ബാധിതയാകുന്നത്. അന്ന് ചികിത്സിച്ച് ഭേദമായെങ്കിലും പിന്നീട് വീണ്ടും കാൻസർ വന്നു. ഇതും മംമ്ത അതിജീവിച്ചു. മംമ്തയുടെ ആത്മധെെര്യം നിരവധി ക്യാൻസർ ബാധിതർക്ക് പ്രചോദനമാണ്.
മുമ്പൊരിക്കൽ മംമ്ത താൻ കാൻസർ ബാധിതയായ നാളുകളെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 2009 ൽ ആരോഗ്യ പ്രശ്നം വന്നപ്പോൾ എന്റെ ജീവിതം തന്നെ സിനിമയാണെന്ന് തോന്നി. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. ഒരുപാട് സിനിമകൾ ചെയ്യാനുണ്ടായിരുന്നു. ആ സമയത്താണ് പാസഞ്ചർ റിലീസായത്. പെട്ടെന്ന് ഡാഡിക്ക് എല്ലാവരെയും വിളിച്ച് മംമ്തയ്ക്ക് ഇപ്പോൾ വർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. ആ സമയത്ത് വളരെ ബുദ്ധിമുട്ടി ഞാൻ ഒരു തെലുങ്ക് സിനിമ ചെയ്തു. നാഗാർജുനയ്ക്കൊപ്പം ചെയ്ത കെഡി എന്ന സിനിമയായിരുന്നു അത്.

വലിയ രീതിയിൽ ഈ സിനിമ എന്നെ സഹായിച്ചു. ആ ക്രെെസിസിൽ വർക്ക് ചെയ്യാനുള്ള തീരുമാനം ഞാനെടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു. ഓരോ മാസം കഴിയുമ്പോഴും ആരോഗ്യനില മോശമാകും. ഫിസിക്കലി കാണാൻ മോശമാകും. ആ സിനിമയിൽ ചെയ്യുന്ന ക്യാരക്ടറിന് വേണ്ടി ഞാൻ പിടിച്ച് നിന്നു. ഷൂട്ടിലെ ആദ്യത്തെ ദിവസത്തേത് പോലെ തന്നെയായിരിക്കാൻ ഞാൻ ശ്രമിച്ചു. അങ്ങനെ കെഡി പൂർത്തിയാക്കി. ട്രീറ്റ്മെന്റ് പൂർത്തിയാക്കി ഞാൻ തിരിച്ച് വന്നു. കഥ തുടരുന്നു എന്ന സിനിമ എന്റെ മുന്നിലുണ്ടായിരുന്നു. ആരെയും വിളിച്ചിട്ട് ലഭിച്ചതല്ല.
കീമോ കഴിയുന്നതിന്റെ അവസാന ആഴ്ചയാണ് സേതു മണ്ണാർക്കാട് സത്യൻ അന്തിക്കാടിന്റെ സിനിമയ്ക്ക് വിളിക്കുന്നത്. അത് കഴിഞ്ഞയുടനെ അൻവർ എന്ന സിനിമ റെഡിയായെന്നും മംമ്ത മോഹൻദാസ് അന്ന് പറഞ്ഞു. അസുഖത്തെക്കുറിച്ച് ജനങ്ങളോട് തുറന്ന് പറഞ്ഞ ഘട്ടത്തെക്കുറിച്ചും മംമ്ത സംസാരിച്ചു. ഒരു പോയന്റ് കഴിഞ്ഞപ്പോൾ മുടിയെവിടെ എന്ന് ഒരുപാട് പേർ ചോദിച്ചു. അമ്മേ, എന്തിനാണ് ഒളിക്കുന്നതെന്ന് ചോദിച്ച് താൻ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതെന്നും മംമ്ത അന്ന് വ്യക്തമാക്കി. മയൂഖം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മംമ്ത വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം ഒന്നിലേറെ തവണ നടിയുടെ കരിയറിൽ ഇടവേള വന്നിട്ടുണ്ട്.

രണ്ടാമത് കാൻസർ വന്നപ്പോൾ അമേരിക്കയിലേക്ക് ഒറ്റയ്ക്ക് പോയി ചികിത്സ നടത്തുകയായിരുന്നു മംമ്ത. വെെകാതെ താരം പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഇപ്പോഴും തന്റെ അതിജീവന കഥയെക്കുറിച്ച് മംമ്ത തുറന്ന് സംസാരിക്കാറുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം മംമ്ത ഇന്ന് സിനിമകൾ ചെയ്യുന്നുണ്ട്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











