ഞാൻ കരയുകയായിരുന്നു, കീമോ ചെയ്യുന്ന ഞാൻ തന്നെ നായികയായാൽ മതിയെന്ന് നാഗാർജുന; മംമ്ത
മലയാള സിനിമയിൽ വർഷങ്ങളായി തുടരുന്ന നടിയാണ് മംമ്ത മോഹൻദാസ്. മംമ്ത കരിയറിലും ജീവിതത്തിലും നേരിട്ട ഉയർച്ച താഴ്ചകളെല്ലാം ജനങ്ങൾ കണ്ടതാണ്. സിനിമകളിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് മംമ്തയ്ക്ക് കാൻസർ രോഗം പിടിപെടുന്നത്. രണ്ട് തവണയാണ് മംമ്ത ഈ രോഗത്തെ അഭിമുഖീകരിച്ചത്. കരിയറിൽ ശ്രദ്ധിക്കപ്പെട്ട് വരുന്ന കാലയളവിലാണ് മംമ്തയ്ക്ക് ഇത്തരമൊരും പ്രതിസന്ധി വരുന്നത്.

അമേരിക്കയിലേക്ക് ഒറ്റയ്ക്ക് പോയി ചികിത്സ നടത്തിയ ശേഷമാണ് നടി പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. വിഷമഘട്ടത്തിൽ നടി കാണിച്ച ആത്മധൈര്യം പിന്നീട് നിരവധി കാൻസർ രോഗികൾക്ക് പ്രചോദനമായി. കാൻസർ വന്ന കാലത്തെക്കുറിച്ച് തുറന്ന് പറയാൻ മംമ്ത മടി കാണിക്കാറില്ല.
ഈ പങ്കുവെക്കലിലൂടെ നിരവധി രോഗികൾക്ക് ആത്മവിശ്വാസവും ആശ്വാസവും പകരാൻ മംമ്തയ്ക്ക് കഴിഞ്ഞു. അതിനാൽ തന്നെ കാൻസർ രോഗികൾക്കിടയിൽ മംമ്തയുണ്ടാക്കിയ സ്വാധീനം ചെറുതല്ല.

കാൻസറിനെ സധൈര്യം അഭിമുഖീകരിച്ച മംമ്ത ഇപ്പോൾ മറ്റൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. വിറ്റിലിഗൊയാണ് മംമ്തയെ ബാധിച്ചിരിക്കുന്നത്. 2009 ലാണ് മംമ്തയ്ക്ക് കാൻസർ ബാധിച്ചത്.
കാൻസർ ബാധിച്ച സമയത്ത് ചെയ്ത തെലുങ്ക് സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മംമ്തയിപ്പോൾ. നാഗാർജുനയ്ക്കൊപ്പം കെഡി എന്ന സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചാണ് മംമ്ത സംസാരിച്ചത്. ഇന്ത്യാ ഗ്ലിറ്റ്സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

'കെഡി സിനിമയ്ക്കായി നാഗ് സാർ എന്നെ വിളിച്ചപ്പോൾ ക്യാൻസർ ബാധിച്ച കാര്യം ഞാനറിഞ്ഞിട്ടേയുള്ളൂ. ഈ സിനിമയോ മറ്റൊരു സിനിമയോ ഇനിയാെരിക്കലും എനിക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഞാൻ പറഞ്ഞു. എനിക്ക് നീ പറയുന്നത് മനസ്സിലാവുന്നില്ല ഞാൻ അടുത്തയാഴ്ച വിളിക്കാമെന്ന് സർ പറഞ്ഞു'
'ഞാൻ ഫോണിലൂടെ കരയുകയായിരുന്നു. അടുത്തയാഴ്ച ഞാനദ്ദേഹത്തോട് സംസാരിച്ചു. കുഴപ്പമില്ല നീ കഥ കേൾക്കൂയെന്ന് പറഞ്ഞു. കുട്ടിക്കാല രംഗങ്ങൾ ഇപ്പോൾ ചിത്രീകരിക്കാം, നീ ചികിത്സ തുടങ്ങിക്കോ കാത്തിരിക്കാമെന്ന് പറഞ്ഞു'

'കീമോ തെറാപ്പി ചെയ്യുന്ന ആറ് മാസത്തിനിടെയാണ് കെഡി സിനിമ ഷൂട്ട് ചെയ്തത്. ആറ് മാസത്തിൽ ഞാനെങ്ങനെയാണ് ചികിത്സ തീർത്തതെന്ന് അറിയില്ല. ആ സിനിമ എനിക്ക് ആശ്വാസമായിരുന്നു'
'14 ദിവസവും കീമയോയുണ്ടാവും. രണ്ട് ദിവസം എനിക്ക് ക്ഷീണമായിരിക്കും. മൂന്നാം ദിവസം ഞാൻ വർക്കിന് പോവും. നാല് ദിവസം വർക്ക് ചെയ്ത് തിരിച്ചു വരും. ആറ് മാസം ഇങ്ങനെ പോയി. ഏത് പ്രൊഡക്ഷൻ ഹൗസ് അങ്ങനെ ചെയ്യും'

'രണ്ട് മാസത്തിനുള്ളിൽ ഞാനിത് പോലെയായിരിക്കില്ല. എന്റെ മുടിയെല്ലാം പോവുമെന്ന് ഞാൻ നാഗ് സാറോട് തുടക്കത്തിൽ പറഞ്ഞിരുന്നു. ഒരു പ്രശ്നവുമില്ല, നമ്മളീ സിനിമ ഒരുമിച്ച് ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമയത്ത് അദ്ദേഹം എനിക്ക് പ്രതീക്ഷ തന്നു,' മംമ്ത പറഞ്ഞു.
നിലവിൽ ചർമ്മ രോഗത്തിന്റെ ചികിത്സയിലാണ് മംമ്ത. ശരീരത്തിലെ 70 ശതമാനവും വെള്ള നിറമായെന്ന് മംമ്ത തുറന്ന് പറഞ്ഞു.
ഇതേക്കുറിച്ച് അറിഞ്ഞ ആദ്യ നാളുകളിൽ ഏറെ വിഷമിച്ചു. മറച്ച് വെക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് തുറന്ന് പറയുന്നത്. ഇക്കാര്യം തുറന്ന് പറഞ്ഞതിൽ ആദ്യം വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നെന്നും മംമ്ത വ്യക്തമാക്കി.


Click it and Unblock the Notifications