കാൻസറിൽ ഞാൻ സ്വീകരിച്ച ചികിത്സയിങ്ങനെ, പോരുന്ന കാശ് അത്രയും കിട്ടട്ടെ എന്ന് പല ഡോക്ടർമാരും കരുതുന്നു: മംമ്ത
കാൻസർ ബാധിച്ച സമയത്ത് അമേരിക്കയിൽ പോയി താൻ ചെയ്ത ഇമ്മ്യൂണോ തെറാപ്പി എന്ന ചികിത്സയെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി മംമ്ത മോഹൻദാസ്. നമ്മുടെ ശരീരത്തിലെ ഹെൽത്തി സെല്ലുകളെ റിക്രൂട്ട് ചെയ്ത് അതിനെ കൊണ്ട് തന്നെ കാൻസറിനെ അറ്റാക്ക് ചെയ്യിക്കുകയാണ് ഇമ്മ്യൂണോ തെറാപ്പി ചെയ്യുന്നത്. ഇതാണ് കാൻസർ ചികിത്സയുടെ ഭാവി. ഈ ചികിത്സയാണ് ഞാൻ സ്വീകരിച്ചത്. കാൻസർ വന്ന് ഒരു ട്രീറ്റ്മെന്റ് ചെയ്താൽ വീണ്ടും കാൻസർ വന്നാൽ ആ ട്രീറ്റ്മെന്റിലേക്ക് നമുക്കൊരിക്കലും തിരിച്ച് പോകാൻ പറ്റില്ല.
കാരണം ബോഡി അതിന് റെസിസ്റ്റൻസ് ബിൽഡ് ചെയ്തത് കൊണ്ടാണ് വീണ്ടും കാൻസർ വന്നത്. അപ്പോൾ കീമോ തെറാപ്പി സ്ട്രോങാക്കും. അല്ലെങ്കിൽ റേഡിയേഷനിലേക്ക് പോകും. അല്ലെങ്കിൽ ബോൺ നാരോ ട്രാൻസ്പ്ലാന്റിലേക്ക് പോകും. സാൽവേജ് കീമോ എന്നൊക്കെയുള്ള കൂടുതൽ കടുത്ത കീമോ തെറാപ്പികളുണ്ട്. പക്ഷെ അത് ശരീകത്തെ തളർത്തും. മനുഷ്യൻ ഒന്നുമല്ലാതാകും. ക്ലാളിറ്റി ഓഫ് ലെെഫ് പൂർണമായും ഇല്ലാതാകും. അമേരിക്കയിൽ പോയപ്പോൾ ഒരു കാര്യം ഞാൻ മനസിലാക്കിയത് ക്വാളിറ്റി ഓഫ് ലെെഫ് അസെസ്മെന്റ് അവിടെ ഭയങ്കര പ്രധാനമാണ്. ചികിത്സയ്ക്ക് വരുമ്പോൾ രോഗിയുടെ മാനസികാവസ്ഥ എന്താണ് എന്ന അറിവ് ഇന്ത്യയിൽ ഇല്ല. അത് ഡോക്ടേർസിനായാലും നഴ്സിനായാലും.

24 വയസിലാണ് എനിക്ക് കാൻസർ കണ്ടെത്തിയത്. ട്രാൻസ്പ്ലാന്റ് ചെയ്തത് 28 വയസിലാണ്. ആരും എന്നോട് എഗ് ഫ്രീസ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞില്ല. ഡോക്ടേർസിന് അറിയാം. ട്രാൻസ്പ്ലാന്റ് കഴിഞ്ഞിട്ടാണ് ഞാൻ പോയി ചോദിക്കുന്നത്. ഡോക്ടറുടെ അലസമായ മറുപടി നിങ്ങൾ അക്കാര്യം പറഞ്ഞില്ല എന്നായിരുന്നു. നമ്മൾക്കെങ്ങനെ അറിയാനാണ്. ഒന്നാമത് നമുക്ക് ഇൻഫർമേഷൻ ഇല്ല. ഈ ഡോക്ടർമാരൊക്കെ അമേരിക്കയിലൊക്കെ പോയി പഠിച്ചതാണ്. ഡോക്ടർമാരെ കുറ്റം പറയുകയല്ല, പക്ഷെ നമ്മുടെ മെഡിക്കൽ സിസ്റ്റത്തിൽ സ്ട്രക്ചറിൽ പിഴവുകളുണ്ടെന്നും മംമ്ത മോഹൻദാസ് പറഞ്ഞു.
ഇമ്മ്യൂണോ തെറാപ്പി ട്രയൽ ഇന്ത്യയിൽ നടത്താൻ ബയോ റിസേർച്ചേർസ് ശ്രമിച്ചതാണ്. പക്ഷെ അത് നടന്നില്ല. എത്രയോ വർഷം മുമ്പ് അത് നിർത്തി. രോഗികൾ വരാത്തതായിരുന്നു കാരണം. അവർക്കിതേക്കുറിച്ച് അറിവില്ല. ഈ ട്രീറ്റ്മെന്റിന് ചെലവ് കൂടുതലാണ്. ഒരു ഡോസിന് നാല് ലക്ഷം വരെയാകും. എന്നാൽ വില കുറച്ച് രോഗികൾക്ക് ഈ ചികിത്സ ലഭിക്കാനുള്ള പദ്ധതികളുണ്ട്. പക്ഷെ പല ആശുപത്രികളും ഡോക്ടേർസും വിചാരിക്കുന്നത് പോരുന്ന കാശ് പോരട്ടെ എന്നാണെന്നും മംമ്ത മോഹൻദാസ് പറഞ്ഞു.
കാൻസർ ചികിത്സയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയ മംമ്ത നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ വലച്ചപ്പോഴും മനോധെെര്യം കെെവിടാതെ മംമ്ത മുന്നോട്ട് പോയി. കരിയറിൽ താരമായി വളർന്ന് വരുന്ന ഘട്ടത്തിലാണ് മംമ്തയ്ക്ക് കാൻസർ ബാധിക്കുന്നത്. ആദ്യം തകർന്ന് പോയെങ്കിലും പെട്ടെന്ന് തന്നെ ഈ അസുഖത്തിൽ നിന്ന് പുറത്ത് വരാനുള്ള മാർഗങ്ങൾ മംമ്ത തേടി. ആരോഗ്യത്തിനാണ് മംമ്ത ഇന്ന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്.
ജീവിതത്തിലെ ഓരോ നിമിഷങ്ങളും മംമ്തയ്ക്ക് അന്ന് വിലപ്പെട്ടതാണ്. പ്രത്യാശയോടെ മുന്നോട്ട് പോകുക എന്നാണ് കാൻസർ രോഗികളോട് മംമ്തയ്ക്ക് പറയാനുള്ളത്. മനസിനെ ശക്തിപ്പെടുത്തുക എന്നത് നമുക്ക് തന്നെയേ ചെയ്യാൻ പറ്റൂയെന്നും മംമ്ത മോഹൻദാസ് പറഞ്ഞു. ലോക കാൻസർ ദിനത്തിൽ കാൻസർ രോഗികൾക്ക് പ്രചോദനം നൽകുന്ന സന്ദേശം പങ്കുവെച്ച മംമ്ത രോഗികൾ കാൻസറിനെക്കുറിച്ച് കൃത്യമായ അറിവ് നേടണമെന്നും പറഞ്ഞു.


Click it and Unblock the Notifications











