പൊട്ടിക്കരയുന്ന അമ്മ, കാൻസർ സ്ഥിരീകരിച്ച് പേപ്പറുകളുമായി ഞാൻ; നാഗാർജുനയുടെ മനസ്: മംമ്ത പറയുന്നു
ആദ്യ വട്ടം കാൻസർ ബാധിച്ച നാളിൽ നടൻ നാഗർജുന നൽകിയ സ്നേഹം ഓർത്തെടുത്ത് നടി മംമ്ത മോഹൻദാസ്. അന്ന് തനിക്ക് നാഗാർജുനയോട് നന്ദി പറയാൻ പറ്റിയില്ലെന്നും എന്നാൽ അദ്ദേഹം ചെയ്തത് വലിയ കാര്യമാണെന്നും മംമ്ത പറയുന്നു. എനിക്ക് കാൻസർ സ്ഥിരീകരിച്ച ദിവസം. കയ്യിൽ പേപ്പറുകളുമായി ഞാനിരിക്കുകയാണ്. അമ്മയെ അച്ഛൻ ആശ്വസിപ്പിക്കുന്നു. അമ്മ പൊട്ടിക്കരയുകയായിരുന്നു. ചെന്നെെയിലെ ഹോട്ടൽ റൂമിലായിരുന്നു ഞങ്ങൾ. അപ്പോൾ എനിക്ക് നാഗ് സാറുടെ കോൾ വന്നു.
നാഗ് സാറും ഞാനും അതിന് മുമ്പ് കിംഗ് എന്ന സിനിമ ചെയ്തിരുന്നു. തൃഷയും ഞാനുമായിരുന്നു നായികമാർ. ഷൂട്ടിന്റെ അവസാന ദിവസം എന്നോട് പറഞ്ഞത് പോലെയായിരുന്നില്ല ഈ ക്യാരക്ടറെന്ന് ഞാൻ നാഗ് സാറിനോട് പറഞ്ഞു. വിഷമിക്കേണ്ട, നമുക്കൊരു പരിഹാരം കാണാം, എന്തായാലും പറഞ്ഞത് നന്നായെന്ന് നാഗ് സർ മറുപടി നൽകിയതാണ്.

എനിക്ക് ക്യാൻസർ സ്ഥിരീകരിച്ച ദിവസം നാഗ് സർ എന്നെ വിളിച്ചു. മംമ്ത, ഒരു കഥയുണ്ട്, നിങ്ങൾക്ക് ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. നാഗ് സർ, എനിക്ക് ഈ സിനിമയോ ഇനി ഏതെങ്കിലും സിനിമയോ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ് ഞാൻ കരഞ്ഞു.
മംമ്ത, അന്ന് നമ്മൾ സംസാരിച്ചതോർമ്മയില്ലേ അത് കൊണ്ടാണ് വിളിക്കുന്നത്, നീ പറയുന്നത് എനിക്ക് മനസിലാകുന്നില്ല, ഞാൻ കുറച്ച് ദിവസം കഴിഞ്ഞ് വീണ്ടും ചോദിക്കാം. ആദ്യം ബാല്യകാലത്തെ സീനുകളാണ് എടുക്കുന്നതെന്ന് പറഞ്ഞു. ഒരുപക്ഷെ ഒരു മാസം കഴിഞ്ഞ് നിനക്ക് ഷൂട്ടിന് ജോയിൻ ചെയ്യാനായേക്കും എന്ന് നാഗ് സർ പറഞ്ഞു. അതെനിക്ക് ചെറിയ പ്രതീക്ഷ നൽകി.
എനിക്ക് ആറ് മാസം ചികിത്സയുണ്ടായിരുന്നു. അതിനുള്ളിൽ 12 കീമോ ചെയ്യണം. ഇതെല്ലാം എനിക്ക് പുതിയതാണ്. എങ്ങനെയാണ് കീമോ കഴിഞ്ഞ് എന്നെ കാണാനുണ്ടാകുക എന്നറിയില്ല. അവർ സിനിമയുടെ ഷൂട്ട് എനിക്ക് പറ്റിയ ഷെഡ്യൂളിലാണ് പ്ലാൻ ചെയ്തത്. എന്റെ അവസാന കീമോയ്ക്ക് മുമ്പ് എവിടെയാണ് നമ്മുടെ വിദേശത്തെ സോങ് ഷൂട്ട് ചെയ്യേണ്ടതെന്ന് ചോദിച്ചു. ഷൂട്ടിംഗ് തീരാറായിരുന്നു. ഞാൻ പല സ്ഥലങ്ങളും പറഞ്ഞു. ഗ്രീസ് ആയിരുന്നു ഞാൻ പറഞ്ഞ സ്ഥലങ്ങളിലൊന്ന്.
കുറച്ച് സമയം ചിന്തിച്ച്, ശരി, ഗ്രീസിൽ പോകാമെന്ന് പറഞ്ഞു. എനിക്ക് വിശ്വസിക്കാനായില്ല. അമ്മയോട് കാരവാനിൽ പോയി ഞാൻ ഇക്കാര്യം പറഞ്ഞു. അങ്ങനെ ഞാനും അമ്മയും നാഗ് സാറും അമല മാഡവും ഗ്രീസിൽ പോയി സോങ് ഷൂട്ട് ചെയ്തു. എന്റെ വേദനയെ എത്രമാത്രം ഈ സംഭവം ഇല്ലാതാക്കിയെന്ന് അന്നെനിക്ക് മനസിലായിരുന്നില്ല. അന്ന് 24-25 വയസേയുള്ളൂ. നന്ദി പറയണമെങ്കിലും ചെയ്തില്ല. കാൻസർ ചികിത്സ കഴിഞ്ഞ് എല്ലാവരോടും നന്ദി പറയാമെന്ന് കരുതിയെന്നും മംമ്ത ഓർക്കുന്നു.


Click it and Unblock the Notifications











