എഴുന്നേൽക്കാൻ പോലും വയ്യാതെ ഷൂട്ടിംഗിന് പോയി, കാൻസറിനെ നേരിടുന്നവർ ശ്രദ്ധിക്കേണ്ട കാര്യം: മംമ്ത മോഹൻദാസ്
ലോക കാൻസർ ദിനത്തിൽ കാൻസർ രോഗികൾക്ക് പ്രചോദനം നൽകുന്ന സന്ദേശം പങ്കുവെച്ച് നടി മംമ്ത മോഹൻദാസ്. രണ്ട് തവണ കാൻസറിനെ അതിജീവിച്ചയാളാണ് മംമ്ത മോഹൻദാസ്. ശുഭാപ്തി വിശ്വാസം കെെവിടാതിരിക്കുകയാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ ചെയ്യേണ്ടതെന്ന് മംമ്ത പറയുന്നു.
പോസിറ്റീവായിരിക്കൂ എന്ന് എല്ലാവരോടും ഞാനെന്നും പറയുന്നതാണ്. ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ഞാനെന്ന് വേണമെങ്കിൽ പറയാം. വളരെ ബുദ്ധിമുട്ടുള്ള രാവിലെയാണെങ്കിലും അന്ന് വെെകുന്നേരം എനിക്കൊരു പരിപാടിയുണ്ടെങ്കിൽ ഞാൻ ചിരിച്ചായിരിക്കും അവിടെ ഉണ്ടാകുക. അങ്ങനെ ഒരുപാട് ദിവസങ്ങൾ നേരിട്ട വ്യക്തിയാണ് ഞാൻ. പലപ്പോഴും എഴുന്നേൽക്കാൻ പോലും വയ്യാതെ ഞാൻ ഷൂട്ടിംഗിന് പോയിട്ടുണ്ട്. എന്റെ വർക്കിൽ ഞാൻ ബുദ്ധിമുട്ട് കാണിക്കാറില്ല. മനസിനെ ശക്തിപ്പെടുത്തുക എന്നത് നമുക്ക് തന്നെയേ ചെയ്യാൻ പറ്റൂ.

അത് ആരും എവിടെ നിന്നും എടുത്ത് തരില്ല. അങ്ങനെയുള്ള സപ്പോർട്ട് സിസ്റ്റം ക്രിയേറ്റ് ചെയ്യാനും ബിൽഡ് ചെയ്യാനും ആകണം. സ്വന്തം കുടുംബാംഗങ്ങൾ സപ്പോർട്ട് ചെയ്യുകയാണെന്ന് പറഞ്ഞ് വരും. അവർ നമുക്ക് ചുറ്റുമിരുന്ന് എപ്പോഴും സങ്കടപ്പെടുന്നത് കാെണ്ടും കരയുന്നത് കൊണ്ടും ഫെെറ്റ് ചെയ്യുന്ന പേഷ്യന്റിന് ഒരു ശക്തിയും ലഭിക്കില്ല. ആ സമയത്ത് ശരിക്കും വേണ്ടത് കുറച്ച് സെൻസ് ഓഫ് ഹ്യൂമറുള്ള ആൾക്കാരാണ്. ഒന്ന് ചിരിച്ച് ലെെറ്റ് ആക്കുക.
കാരണം ഈ ഫെെറ്റ് റിയൽ ആണെന്നും മംമ്ത മോഹൻദാസ് പറഞ്ഞു. ബുദ്ധിമുട്ട് ലെെറ്റ് ചെയ്യുന്ന സമീപനം നിങ്ങളെടുത്താൽ ഫെെറ്റ് ചെയ്യുന്ന ആൾക്കാർക്ക് അസുഖം ഭേദമാകുകയും വീണ്ടും വരാതിരിക്കുകയും ചെയ്യും. സാമാന്യം ബുദ്ധിയുള്ള പ്രായത്തിലാണ് കാൻസർ വരുന്നതെങ്കിൽ നിങ്ങളുടെ കാൻസറിനെക്കുറിച്ച് അറിയാനും സമ്മർദ്ദമില്ലാത്ത ജീവിതം ജീവിക്കുകയെങ്ങനെയെന്ന് അറിയാനും നിങ്ങളുടെ ഫോൺ ഉപയോഗിക്കുക. ജീവിത ശെെലിയിൽ മാറ്റം വരുത്തുക. ഇതൊക്കെയാണ് നമ്മൾക്ക് ചെയ്യാൻ പറ്റുന്ന കാര്യമെന്നും മംമ്ത മോഹൻദാസ് പറഞ്ഞു.
മയൂഖം എന്ന സിനിമയിലൂടെയാണ് മംമ്ത മോഹൻദാസ് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സിനിമകളിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് കാൻസർ രോഗം പിടിപെടുന്നത്. ഏറെ നാൾ രോഗത്തോട് മല്ലിട്ട മംമത ആദ്യ വട്ടം കാൻസറിനെ പ്രതിരോധിച്ചു. വീണ്ടും കരിയറിൽ സജീവമാകവെ രണ്ടാം വട്ടവും നടിയെ കാൻസർ ബാധിച്ചു. രണ്ടാം തവണയും സധൈര്യം മംമ്ത രോഗത്തെ അഭിമുഖീകരിച്ചു. അമേരിക്കയിലേക്ക് ഒറ്റയ്ക്ക് പോയി ചികിത്സ നടത്തിയ നടി പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. നടി കാണിച്ച ആത്മധൈര്യം അന്ന് ഏറെ ചർച്ചയായതാണ്. ഇതിന് ശേഷമാണ് വിറ്റിലൊഗാെ എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ മംമ്തയെ ബാധിച്ചു. ഇതേക്കറിച്ചും മംമ്ത തുറന്ന് പറഞ്ഞിട്ടുണ്ട്. കരിയറിൽ പഴയത് പോലെ മംമ്ത ഇന്ന് തുടരെ സിനിമകൾ ചെയ്യുന്നില്ല. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നടി സാന്നിധ്യം അറിയിക്കുന്നുണ്ട്.


Click it and Unblock the Notifications











