എന്റെ മുടിയെക്കുറിച്ച് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു; എന്തുകൊണ്ടാണ് ഇത്ര വെറുപ്പ്; തുറന്നടിച്ച് മംമ്ത
മലയാളികളെ സംബന്ധിച്ച് എന്നും പ്രചോദനം നൽകുന്ന താരമാണ് മംമ്ത മോഹൻദാസ്. പറയുന്ന കാര്യങ്ങളിലെ കൃത്യതയും ആത്മവിശ്വാസവുമാണ് മംമ്തയെ എന്നും വ്യത്യസ്തയാക്കുന്നത്. മയൂഖം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടി അന്ന് തൊട്ടെ പല കാര്യങ്ങളിലും തന്റേതായ തീരുമാനമെടുത്ത വ്യക്തിയായിരുന്നു. ബഹ്റിനിൽ നിന്നും കേരളത്തിലെത്തി നായികയായി മലയാള സിനിമയിൽ സ്ഥാനം ഉറപ്പിക്കൽ മംമ്തയെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല.
ആദ്യ കാലത്ത് ചെയ്ത ലങ്ക എന്ന സിനിമ നടിക്ക് നേരെ വ്യാപക അധിക്ഷേപം വരാനിടയാക്കി. ഇതേക്കുറിച്ച് അടുത്തിടെയാണ് മംമ്ത സംസാരിച്ചത്. മാഗസിനുകളിൽ തന്നെക്കുറിച്ച് ഇല്ലാക്കഥകൾ വന്നത് വിഷമിപ്പിച്ചു. ബന്ധുക്കൾ വരെ കുത്തുവാക്കുകൾ പറഞ്ഞു. ഇതോടെ കുറച്ച് നാൾ മലയാളം വിട്ട് മറുഭാഷകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചെന്നുമാണ് മംമ്ത പറഞ്ഞത്. കേരളം വിട്ട് ഓടുകയായിരുന്നെന്നും നടി ഓർത്തു.

ജീവിതത്തിൽ പല വെല്ലുവിളികളും മംമ്തയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. സിനിമകളിൽ തിരക്ക് പിടിച്ച് അഭിനയിക്കുന്ന കാലത്താണ് മംമ്തയ്ക്ക് കാൻസർ രോഗം പിടിപെടുന്നത്. ഏറെ നാൾ രോഗത്തോട് മല്ലിട്ട മംമത ആദ്യ വട്ടം കാൻസറിനെ പ്രതിരോധിച്ചു. രണ്ടാം തവണയും അസുഖം ബാധിച്ചപ്പോഴും മംമ്ത ആത്മധൈര്യം കൈവിട്ടില്ല.
അമേരിക്കയിലേക്ക് ഒറ്റയ്ക്ക് പോയി ചികിത്സ നടത്തി. മംമ്ത കാണിച്ച ആത്മധൈര്യം ഇന്ന് നിരവധി കാൻസർ രോഗികൾക്ക് പ്രചോദനകരമാണ്. തന്റെ അതിജീവന കഥയെക്കുറിച്ച് തുറന്ന് പറയാൻ മംമ്ത മടി കാണിക്കാറില്ല. കാൻസർ രോഗികൾക്കിടയിൽ വലിയ സ്വാധീനം മംമ്തയുടെ പ്രവൃത്തികൾക്കുണ്ടായെന്നത് വാസ്തവമാണ്. ലോസ് ആഞ്ചലസിലേക്ക് ഒറ്റയ്ക്ക് പോയി ജീവിതം വീണ്ടും കെട്ടിപ്പടുത്തത് വ്യക്തിയെന്ന തരത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയെന്ന് മംമ്ത ഇപ്പോൾ പറയാറുണ്ട്.
എന്നാൽ മംമ്തയ്ക്ക് പലപ്പോഴും നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളും ചെറുതല്ല. കാൻസർ ചികിത്സാ ഘട്ടത്തിൽ തനിക്കെതിരെ വന്ന വേദനിപ്പിച്ച കമന്റിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടിയിപ്പോൾ. മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
'ചികിത്സയുടെ ആദ്യ ഘട്ടം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് ഞാൻ കാൻസറിനെ പറ്റി സംസാരിക്കുന്നത്. ട്വിറ്റർ തുടങ്ങിയ സമയമായിരുന്നു അത്. നീളം കുറഞ്ഞ മുടിയിൽ നിങ്ങളെ കാണാൻ മോശമാണെന്നായിരുന്ന കമന്റ് ഇപ്പോഴും ഓർക്കുന്നു. അതെന്നെ ബാധിച്ചു. എനിക്ക് ഭേദമായി വരികയാണെന്ന് ആളുകൾ മനസ്സിലാക്കുന്നില്ലായിരുന്നു. എന്റെ കീമോയ്ക്ക് ശേഷമുള്ള റിക്കവറിയായിരുന്നു. ഒന്നര രണ്ട് വർഷത്തിന് ശേഷമാണ് സ്റ്റോറിയെക്കുറിച്ച് പറഞ്ഞത്. ഇതെന്റെ വീട്ടിലെ കുട്ടിയാണെങ്കിൽ അത് ചെയ്യുമോ എന്ന് അവർ ആലോചിക്കുന്നില്ല'

'ഇങ്ങനെ ചെയ്യുന്നത് കുഴപ്പമില്ലെന്നാണ് ആളുകൾ കരുതുന്നത്. എനിക്കറിയില്ല എന്തുകൊണ്ടാണ് ആളുകളുടെ ഉള്ളിൽ ഇത്രയും വെറുപ്പും ദേഷ്യവും എന്തുകൊണ്ടാണെന്ന്. അവർക്ക് വേറെ പണിയൊന്നുമില്ലാത്തത് കൊണ്ടോ ജീവിതത്തിൽ നല്ലതൊന്നും ചെയ്യാനില്ലാത്തത് കൊണ്ടോ ആയിരിക്കാം. വേറെ ആളുകളുടെ ജീവിതം അവരുടെ ഈസി ടാർഗറ്റ് ആവുന്നു,' മംമ്ത പറഞ്ഞു.
ലൈവ് ആണ് മംമ്തയുടെ പുതിയ സിനിമ. വികെപി സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രിയ വാര്യർ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. വ്യാജ വാർത്തകളുണ്ടാക്കുന്ന പ്രശ്നമാണ് സിനിമയുടെ ഇതിവൃത്തം.
മഹേഷും മാരുതിയുമാണ് ഇതിന് മുമ്പിറങ്ങിയ മംമ്തയുടെ സിനിമ. ആസിഫലി നായകനായ സിനിമ പരാജയമായിരുന്നു. കരിയറിൽ നിലവിലെ ഗ്രാഫ് പരിശോധിക്കുമ്പോൾ മംമ്തയെ സംബന്ധിച്ച് ഒരു ഹിറ്റ് സിനിമ അനിവാര്യമായിരിക്കുകയാണ്. മെയ് 26 ന് ലൈവ് റിലീസ് ചെയ്യും.


Click it and Unblock the Notifications











