പിന്നെ മംമ്ത ചേച്ചിക്ക് കണ്ണാടി പോലും വേണ്ട; കാരവാനിലെ ആഘോഷം കണ്ട് വിജയ് സേതുപതി ചോദിച്ചത്; സൂര്യ ഇഷാൻ
ഒപ്പം അഭിനയിക്കുന്നവരേക്കാളും സംവിധായകരെക്കാളും താരങ്ങളെ അടുത്തറിയുന്നവരായിരിക്കും ഇവരുടെ മേക്കപ്പ് ആർട്ടിസ്റ്റുകൾ. അഭിനേതാക്കളുടെ യഥാർത്ഥ സ്വഭാവം അറിയുന്നതും ഇവർക്കായിരിക്കും. വർഷങ്ങളോളം ഇവർക്കൊപ്പം സഞ്ചരിക്കുന്നവർ മേക്കപ്പ് ആർട്ടിസ്റ്റുകളാണ്. നടീ നടൻമാരുടെ പെരുമാറ്റത്തെക്കുറിച്ച് ചില മേക്കപ്പ് ആർട്ടിസ്റ്റുകൾ തുറന്ന് സംസാരിച്ചിട്ടുമുണ്ട്. നടി മംമ്ത മോഹൻദാസിന്റെ ഇപ്പോഴത്തെ ഏറ്റവും പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് സൂര്യ ഇഷാനാണ്. സിനിമകൾക്കും ഇവന്റുകൾക്കുമെല്ലാം മംമ്തയെ മേക്കപ്പ് ചെയ്യുന്നത് സൂര്യ ഇഷാനാണ്.
മംമ്തയെക്കുറിച്ച് സൂര്യ ഇഷാൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ട ആർട്ടിസ്റ്റാണ് മംമ്തയെന്നും ഒപ്പം വർക്ക് ചെയ്യുമ്പോൾ വളരെ നന്നായി മംമ്ത പെരുമാറാറുണ്ടെന്നും സൂര്യ ഇഷാൻ വ്യക്തമാക്കി. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സൂര്യ അനുഭവം പങ്കുവെച്ചത്. മമ്മൂസ് എന്നാണ് മംമ്തയെ സ്നേഹത്തോടെ സൂര്യ ഇഷാൻ വിളിക്കുന്നത്. അത്രയും അടുപ്പം മംമ്തയോട് സൂര്യക്കുണ്ട്.

തന്റെ പുതിയ മേക്കപ്പ് പരീക്ഷണങ്ങൾക്ക് മംമ്ത സമ്മതം പറയാറുണ്ടെന്ന് സൂര്യ പറയുന്നു. ചേച്ചി, ഞാൻ ഒരു പുതിയ പ്രൊഡക്റ്റ് വാങ്ങിച്ചു, ഇതൊന്ന് ചെയ്ത് നോക്കട്ടെയെന്ന് ചോദിച്ചാൽ നോക്കൂ, അല്ലെങ്കിലും നിങ്ങളെല്ലാം എന്നിൽ പരീക്ഷിക്കുകയാണെന്ന് എപ്പോഴും പറയും. മമ്മൂസിന് വേണ്ടി എന്തെങ്കിലും വാങ്ങിക്കുമ്പോഴെല്ലാം നമ്മുടെ അഭിപ്രായങ്ങൾ സ്വീകരിക്കും. അതാണ് ഒരു ആർട്ടിസ്റ്റിൽ നമുക്ക് വേണ്ടത്.
നീയുണ്ടെങ്കിൽ കണ്ണാടി വേണ്ടെടി എന്ന് പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ ഓക്കെ എന്ന് പറഞ്ഞാൽ ആൾക്ക് ഓക്കെ ആണ്. ഒരു ഇന്റർവ്യൂ നടക്കുമ്പോൾ എന്നെ നോക്കി ഓക്കെ ആണോയെന്ന് ചോദിക്കും. ഞാൻ ഓക്കെ പറഞ്ഞാൽ മമ്മൂസ് പിന്നെ കണ്ണാടി പോലും നോക്കില്ല. നമ്മളെ കണ്ണിന്റെ വെട്ടത്ത് കണ്ടാൽ മതി.

നമ്മളിൽ അത്ര വിശ്വാസം വെക്കുന്ന ആളാണ്. ഒപ്പം വർക്ക് ചെയ്യാൻ വളരെ എളുപ്പമാണ്. മംമ്ത കാരവാനിൽ എപ്പോഴും പാട്ട് പാടലും സംസാരവുമായിരിക്കുമെന്നും സൂര്യ പറയുന്നു. എന്റെ പാട്ട് അംഗീകരിക്കുന്ന ലോകത്തിലെ ഒരേയൊരാൾ മംമ്ത ചേച്ചിയാണ്. കാരവാനിൽ എപ്പോഴും പാട്ടും ഡാൻസുമായിരിക്കും. വിജയ് സേതുപതി സർ ഉൾപ്പെടെയുള്ള ആർട്ടിസ്റ്റുകൾ മംമ്ത അവരെ ഞങ്ങൾക്ക് തരുമോ എന്ന് ചോദിച്ചിട്ടുണ്ട്.
ആർട്ടിസ്റ്റ് എന്നതിലുപരി നല്ല വ്യക്തിയാണ് ചേച്ചി. നമ്മളെ ചേർത്ത് നിർത്തും. വേർതിരിവോടെ കാണില്ല. ടെൻഷനടിക്കാതെ വർക്ക് ചെയ്യാം. പ്രൊമോഷൻ വർക്കിന് പോകുമ്പോൾ മേക്കപ്പിനെക്കുറിച്ച് പലരും നല്ല അഭിപ്രായം പറയും. അവിടെ പറയൂ എന്ന് തന്നെ ചൂണ്ടിക്കാട്ടി മംമ്ത പറയുമെന്നും സൂര്യ ഇഷാൻ ഓർത്തു. നിലപാടുള്ള വ്യക്തിയാണ്. മംമ്തയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും സൂര്യ ഇഷാൻ പറഞ്ഞു.
സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ് മംമ്ത മോഹൻദാസ്. തമിഴിൽ അടുത്തിടെ ചെയ്ത മഹാരാജ എന്ന സിനിമ വൻ വിജയം നേടി. മേക്കപ്പ് ആർട്ടിസ്റ്റുകൾ എപ്പോഴും മംമ്തയെ അഭിമുഖങ്ങളിൽ പ്രശംസിച്ച് സംസാരിക്കാറുണ്ട്. മംമ്തയുടെ ആത്മധൈര്യത്തെക്കുറിച്ച് നേരത്തെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ സംസാരിച്ചിരുന്നു.


Click it and Unblock the Notifications











