തൃഷയ്ക്കിതിൽ പങ്കില്ല; നാഗാർജുന സോറി പറഞ്ഞു; ആ തെലുങ്ക് സിനിമയിൽ സംഭവിച്ചത്; മംമ്ത മോഹൻദാസ്
മലയാളത്തിലെ മുൻനിര നായികമാരിലൊരാളാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടി പിന്നീട് നിരവധി സിനിമകളിൽ നായികയായെത്തി. അന്നും ഇന്നും കരിയറിൽ തന്റേതായ ഇടം മംമ്തയ്ക്കുണ്ട്. കാൻസർ ബാധിച്ച് ആശുപത്രി കിടക്കയിലായ സമയവും സധൈര്യം ജീവിതത്തിലേക്ക് തിരിച്ച് വരാൻ മംമ്തയ്ക്ക് കഴിഞ്ഞു. ലൈവ് ആണ് മംമ്തയുടെ പുതിയ സിനിമ.
ഷെെൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, പ്രിയ വാര്യർ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് വികെപിയാണ്. മാധ്യമങ്ങളിലെ വ്യാജ വാർത്തയുണ്ടാക്കുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. പോപ്പർ സ്റ്റോപ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മംമ്ത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ആദ്യ വട്ടം കാൻസർ സ്ഥിരീാകരിച്ചപ്പോൾ നാഗാർജുനയുടെ സിനിമയിൽ നിന്ന് ഓഫർ വന്നതിനെക്കുറിച്ച് മംമ്ത സംസാരിച്ചു. തന്റെ രോഗ വിവരം അറിഞ്ഞ ശേഷവും നാഗാർജന തന്നെ നായികയാക്കി സിനിമ ചെയ്തെന്നും മംമ്ത വ്യക്തമാക്കി.

'അതിന് മുമ്പ് നാഗ് സാറിന്റെ കൂടെ ചെയ്ത സിനിമയിൽ എനിക്ക് നിരാശയുണ്ടായിരുന്നു. എന്റെ കഥാപാത്രം ഒതുക്കപ്പെട്ടു. എഴുത്തുകാരൻ എന്നോട് ട്രാൻസ്പരന്റ് ആയിരുന്നില്ല. തൃഷയും ഞാനുമായിരുന്നു നായിക നടിമാർ. സിനിമയുടെ സെക്കന്റ് ഹാഫിൽ എന്റെ കഥാപാത്രത്തിന് തീരെ പ്രാധാന്യമില്ലാതായി. ഇതിനകത്ത് തൃഷയുടെ ഒരിടപെടലും ഉണ്ടായിട്ടില്ല. ഇതെങ്ങനെയും വരുത്താം. അത് കൊണ്ടാണ് പറയുന്നത്. നേരത്തെ സമാനമായി ഒരു കാര്യം പറഞ്ഞിരുന്നു. പക്ഷെ അത് ഞാൻ പറഞ്ഞത് തന്നെയാണ്'
'സിനിമ എടുത്ത ശേഷമാണറിയുന്നത് ആ കഥാപാത്രം ഒന്നുമല്ലാതാക്കിയെന്ന്. ഞാനെന്റെ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. നാഗ് സാറിന് ഇതറിയില്ലായിരുന്നു. ഒരു ഗാനരംഗത്തിനിടെയാണ് പറഞ്ഞത്. അദ്ദേഹം സോറി പറഞ്ഞു. അടുത്ത സിനിമയ്ക്ക് അദ്ദേഹം വിളിച്ചത് എനിക്ക് കാൻസറാണെന്ന് സ്ഥിരീകരിച്ച ദിവസമാണ്,' മംമ്ത ഓർത്തു. നാഗാർജുന ആ സിനിമയിൽ തന്നെ നായികയാക്കിയെന്നും ഡേറ്റുകൾ തന്റെ കീമോ ചികിത്സയ്ക്ക് അനുസൃതമായി തന്നെന്നും മംമ്ത പറഞ്ഞു.

രണ്ടാം ഘട്ടം കാൻസർ വന്ന ശേഷം ലോസ് ആഞ്ചലസിലേക്ക് പോയപ്പോഴാണ് താൻ പൂർണമായും സ്വതന്ത്ര്യയായതെന്ന് മംമ്ത തുറന്ന് പറഞ്ഞു. ഇതുവരെ നേരിട്ട വെല്ലുവിളികൾ ഇനിയൊരു ജീവിതത്തിൽ വീണ്ടും നേരിടാൻ തയ്യാറാണോ എന്ന് ചോദിച്ചാൽ തയ്യാറാണെന്ന് മറുപടി പറയുമെന്നും മംമ്ത വ്യക്തമാക്കി. അമേരിക്കയിലേക്ക് ഒറ്റയ്ക്ക് പോയി ചികിത്സ നടത്തിയ ശേഷമാണ് പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. നടി കാണിച്ച ആത്മധൈര്യം തുടർന്ന് നിരവധി കാൻസർ രോഗികൾക്ക് പ്രചോദനമായി.
തന്റെ അതിജീവന കഥയെക്കുറിച്ച് തുറന്ന് പറയാൻ മംമ്ത മടി കാണിക്കാറില്ല. അടുത്തിടെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനായ വിറ്റിലിഗൊയെക്കുറിച്ചും മംമ്ത തുറന്ന് പറഞ്ഞിരുന്നു. ശരീരത്തിലെ നിറം പോവുകയാണെന്ന് പറഞ്ഞ് ഫോട്ടോ പങ്കുവെച്ച മംമ്ത പിന്നീടുള്ള അഭിമുഖങ്ങളിൽ ഇതേക്കുറിച്ച് വിശദമായി സംസാരിച്ചു. ഇതിന്റെ ചികിത്സ നടന്ന് കൊണ്ടിരിക്കുകയാണ്.
മയൂഖം എന്ന സിനിമയ്ക്ക് ശേഷം ബിഗ് ബി, ബാബ കല്യാണി, ബസ് കണ്ടക്ടർ തുടങ്ങി നിരവധി സിനിമകളിൽ മംമ്ത അഭിനയിച്ചിട്ടുണ്ട്. പിന്നീട് തെലുങ്ക് സിനിമകളിലും സജീവ സാന്നിധ്യമായി. ഇതിനിടെയാണ് നടിക്ക് കാൻസർ പിടിപെടുന്നത്. അരികെ, അൻവർ തുടങ്ങിയ മലയാള സിനിമകളെല്ലാം ചെയ്യുമ്പോൾ നടി ചികിത്സയിലായിരുന്നു. മലയാളത്തിൽ മൈ ബോസ്, ടു കൺട്രീസ് തുടങ്ങി ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ മംമ്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











