അയ്യോ ഇങ്ങനെ ആയോ എന്നാണ് കാണുന്നവർ വിചാരിക്കുന്നത്; ആ ഫോട്ടോകളുടെ സത്യാവസ്ഥ; മംമ്ത
സൂപ്പർ ഹിറ്റ് സിനിമകളിലെ നായിക എന്നതിനൊപ്പം തന്നെ മംമ്ത മോഹൻദാസ് എന്ന നടി പ്രേക്ഷകരെ സംബന്ധിച്ച് ജീവിതത്തിൽ പ്രചോദനം നൽകുന്ന താരവുമാണ്. കാൻസർ, വിറ്റിലിഗൊ എന്നീ ആരോഗ്യ പ്രശ്നങ്ങളെ നേരിട്ട് കൊണ്ട് നടി സിനിമാ രംഗത്ത് ഇന്നും സജീവ സാന്നിധ്യമാണ്. ജീവിതത്തിൽ ഇടയ്ക്കിടെ വെല്ലുവിളികൾ അതിജീവിക്കുമ്പോഴും മംമ്തയുടെ ശുഭാപ്തി വിശ്വാസത്തിന് കുറവൊന്നും വന്നിട്ടില്ല. അഭിനേത്രി എന്നതിനൊപ്പം തന്നെ സാഹസികതൾ ഇഷ്ടപ്പെടുന്ന മംമ്തയ്ക്ക് ആക്ഷൻ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
മംമ്ത മോഹൻദാസിന്റെ പുതിയ സിനിമയാണ് ലൈവ്. വികെപി ഒരുക്കിയ സിനിമയിൽ ഷെെൻ ടോം ചാക്കോ, പ്രിയ വാര്യർ, സൗബിൻ ഷാഹിർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഫേക്ക് ന്യൂസ് ഒരു പെൺകുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഇപ്പോഴിതാ വ്യാജ വാർത്തകൾ തന്നെ ബാധിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മംമ്ത.

മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. കരിയറിന്റെ തുടക്ക കാലം മുതൽ തന്നെക്കുറിച്ച് വ്യാജ വാർത്തകൾ വന്നിരുന്നെന്ന് മംമ്ത വ്യക്തമാക്കി. ഞാൻ ചെയ്ത സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി നൽകുകയും അതെന്നെ വ്യക്തിപരമായി ബാധിക്കുകയും ചെയ്തു.
സുഖമില്ലാതായപ്പോൾ താൻ പറഞ്ഞതിൽ മസാലകൾ ചേർത്ത് അനാവശ്യ വാർത്തകൾ പ്രചരിച്ചു. അസുഖത്തെക്കുറിച്ച് പൊതുജനങ്ങളോട് പങ്കുവെക്കേണ്ട സാഹചര്യം വന്നപ്പോഴാണ് കുറച്ച് കാര്യങ്ങൾ തുറന്ന് പറഞ്ഞത്. എന്നാൽ പിന്നീട് അതിൽ മസാലകൾ ചേർത്താണ് പ്രചരിച്ചത്. ഏറ്റവും ഒടുവിൽ ഓട്ടോ ഇമ്മ്യൂണിന്റെ പ്രശ്നം വന്നപ്പോൾ എന്റേതെന്ന പേരിൽ ഇന്റർനെറ്റിൽ കൈയിന്റെയും കാലിന്റെയും ചിത്രങ്ങൾ പ്രചരിച്ചു.
പക്ഷെ അത് എന്റേതായിരുന്നില്ല. ഇത് കാണുന്ന ജനങ്ങൾ വിചാരിക്കുന്നത് അയ്യോ ഇങ്ങനെ ആയോ എന്നാണ്. കുറേ ആളുകളുടെ സിമ്പതി മെസേജുകൾ വരാൻ തുടങ്ങിയെന്നും മംമ്ത തുറന്ന് പറഞ്ഞു. അടുത്തിടെ തന്നെക്കുറിച്ച് തമിഴ് സിനിമാ രംഗത്ത് പ്രചരിച്ച തെറ്റായ വിവരത്തെക്കുറിച്ചും മംമ്ത സംസാരിച്ചു. ഏതോ സിനിമയ്ക്ക് വേണ്ടി എന്നെ നോക്കിയപ്പോൾ മംമ്ത ഇപ്പോൾ വർക്ക് ചെയ്യുന്നില്ലെന്നും വിവാഹം കഴിച്ച് സെറ്റിൽഡ് ആയെന്നും മാനേജർമാർ തമ്മിൽ പറയുകയായിരുന്നത്രെ.

അസുഖമാണെന്നും ഇപ്പോൾ ജോലി ചെയ്യുന്നില്ല എന്നുമൊക്കെ ആളുകൾ പറഞ്ഞ് പരത്തുകയാണെന്നും മംമ്ത ചൂണ്ടിക്കാട്ടി. മഹേഷും മാരുതിയുമാണ് ഇതിന് മുമ്പിറങ്ങിയ മംമ്തയുടെ സിനിമ. ആസിഫലി നായകനായ സിനിമ പരാജയപ്പെടുകയായിരുന്നു. അടുത്തിടെയാണ് ചർമ്മത്തെ ബാധിച്ച വിറ്റിലിഗൊയെന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനെക്കുറിച്ച് മംമ്ത തുറന്ന് പറഞ്ഞത്. ഇക്കാര്യം തുറന്ന് പറയാനുണ്ടായ സാഹചര്യത്തെക്കുറിച്ചും മംമ്ത സംസാരിച്ചിരുന്നു.
ശരീരത്തിലെ പാടുകൾ മറച്ച് വെച്ച് ഒരു ഘട്ടത്തിൽ സ്വയം ഒളിക്കുന്നത് പോലെ തോന്നി. ഇതോടെയാണ് തുറന്ന് പറയാൻ തീരുമാനിച്ചതെന്നായിരുന്നു മംമ്ത പറഞ്ഞത്. മംമ്തയ്ക്ക് നിരവധി പേർ പിന്തുണ നൽകി. ചികിത്സയിലാണെന്ന് താനെന്നും ഫലപ്രദമാണെന്ന് ഉറപ്പ് വന്നാൽ ഇതേക്കുറിച്ച് മറ്റുള്ളവരോട് പങ്കുവെക്കാമെന്നും മംമ്ത വ്യക്തമാക്കിയിട്ടുണ്ട്.
സിനിമകളിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് മംമ്തയ്ക്ക് കാൻസർ രോഗം പിടിപെടുന്നത്. കുറേ നാൾ രോഗത്തോട് മംമതയ്ക്ക് മല്ലിടേണ്ടി വന്നു. ആദ്യ വട്ടം കാൻസറിനെ പ്രതിരോധിക്കാനായ നടിക്ക് രണ്ടാം വട്ടവും കാൻസർ ബാധിച്ചു. എന്നാൽ രണ്ടാം തവണയും സധൈര്യം മംമ്ത രോഗത്തെ അഭിമുഖീകരിച്ചു.
മംമ്തയുടെ അതിജീവനം കേരളത്തിലെ കാൻസർ ചികിത്സാ രംഗത്തും രോഗികൾക്കിടയിലും ചർച്ചയായിരുന്നു. വിറ്റിലിഗൊ എന്ന വെല്ലുവിളിയും അതിജീവിക്കാൻ മംമ്തയ്ക്ക് കഴിയുമെന്ന് ആരാധകർ വിശ്വസിക്കുന്നു. മയൂഖം എന്ന സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് വന്നത്.


Click it and Unblock the Notifications











