മാമുക്കോയയോട് ഏറ്റവും കൂടുതൽ ശത്രുതയുളളത് മമ്മൂട്ടിക്ക്? വീഡിയോ വൈറലാകുന്നു, ഇത് വ്യാജന്മാർക്ക്
നിങ്ങൾ മരിച്ചില്ലേ? ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം മരണ വാർത്ത കേൾക്കേണ്ടി വരുന്ന അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ... ജീവിച്ചിരിക്കുമ്പോൾ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നിരവധി താരങ്ങളെ പാപ്പരാസികൾ വ്യാജ വാർത്തകളിലൂടെ കൊന്നിട്ടുണ്ട്. നടിമാരായ കനക, ശോഭന, രേഖ എന്നിങ്ങനെ. ഈ അടുത്ത കാലത്ത് മേഹാൻലാലിനെ വരെ ഈ വിരുതന്മാർ പരലോകത്തേയ്ക്ക് അയച്ചു. സോഷ്യൽ മീഡിയയിലൂടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലാലേട്ടൻ സജീവമായിരിക്കവെയാണ് അദ്ദേഹത്തിന്റെ മരണ വാർത്ത എത്തുന്നത് എന്നാണ് ഇതിൽ ഏറ്റവും രസകരം.

ഇപ്പോഴിത സ്വന്തം മരണ വാർത്ത വിളിച്ചന്വേഷിക്കുന്നവർക്ക് മറുപടി കൊടുക്കേണ്ടി വരുന്ന അവസ്ഥ രസകരമായി അവതരിപ്പിക്കുകയാണ് നടൻ മാമുക്കോയ. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വ്യാജ വാർത്തക്കെതിരായ ക്യാംപെയ്‌നിന്റെ ഭാഗമായി നിർമ്മിച്ചതാണിത്. സമൂഹമാധ്യമങ്ങളിലൂടെ മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വീഡിയോയിൽ മമ്മൂട്ടിയുടെ പേരും സാന്നിദ്യം അറിയിച്ചിട്ടുണ്ട്.
ഫോൺ ബെല്ലോട് കൂടിയാണ് വീഡിയോ ആരംഭിക്കുന്നത്. ഹലോ മാമുക്കേയല്ലേ... അതേ എന്ന് മറുപടിയും. നിങ്ങൾ മരിച്ചില്ലാ എന്ന് മറുചോദ്യം. ഇതുവരെ മരിച്ചില്ലെന്നും മരിക്കുമ്പോൾ അറിയിക്കാമെന്നും പറഞ്ഞ് ഫോൺ സംഭാഷണം അവസാനിക്കുകയാണ്. ഈ നേരം കൊണ്ട് മരണ വാർത്ത അന്വേഷിച്ചു കൊണ്ട് നിരവധി ഫോണാണ് വന്നിരിക്കുന്നതെന്ന് താരം അടുത്തിരിക്കുന്ന ആളോട് പറയുന്നു.
അതിനുവേണ്ടി ആർക്കാണ് ഇങ്ങളോട് ഇത്ര ശത്രുത എന്ന് അടുത്തിരിക്കുന്നയാൾ ചോദിക്കുമ്പോൾ, അത് മമ്മൂട്ടിക്കാണെന്നാണ് മാമുക്കോയ നൽകുന്ന ഉത്തരം. തങ്ങൾ തമ്മിലാണ് സ്റ്റാർ വ്യാലുവിൽ കടുത്ത മത്സരം. എന്ന് ഹാസ്യരൂപേണ മറുപടിയും നൽകുന്നുണ്ട്. വീണ്ടും താരം തുടരുകയായിരുന്നു പണിയില്ലാത്ത കുറെ പേര് പടച്ചു വിടുന്ന വാർത്ത വിശ്വസിക്കാൻ പണിയില്ലാത്ത വേറെ കുറേപേർ. ഇത്തരം കാര്യങ്ങൾ കാട്ടുതീ പോലെ പടർന്നു പിടിക്കാൻ കാരണമാവുന്നതും. ഇതിനെതിരെ ജാഗരൂഗരായിരിക്കാനുള്ള സന്ദേശവും മാമുക്കോയ വീഡിയോയിലൂടെ നൽകുന്നു. ഇത്തരം വാർത്തകൾ കേൾക്കുന്നവർ അധികൃതരെ ബന്ധപ്പെടണമെന്നും വീഡിയോയിലൂടെ പറയുന്നു.


Click it and Unblock the Notifications