മോഹൻലാലിന്റെ വാക്ക് മറികടക്കാൻ കഴിയാതെ രാജു ചെയ്തു, ഭയമാണ്, സുരേഷേട്ടൻ അത് പറയരുതായിരുന്നു; നിർമാതാവ്
എമ്പുരാൻ സിനിമയും റീ എഡിറ്റിങ്ങുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും രാജ്യം മുഴുവൻ വലിയ രീതിയിൽ ചർച്ച ചെയ്യുന്ന സാഹചര്യമാണ്. റിലീസിന് മുമ്പ് ലഭിച്ചിരുന്നതിനേക്കാൾ കൂടുതൽ ഹൈപ്പാണ് വിവാദങ്ങൾക്കുശേഷം സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയിലെ ചില സീനുകൾക്ക് എതിരെ ബിജെപി, സംഘപരിവാർ പ്രവർത്തകർ രംഗത്ത് എത്തിയതോടെയാണ് എമ്പുരാൻ വലിയ വിവാദമായത്. സിനിമയ്ക്ക് എതിരെ പ്രതിഷേധം ശക്തമായപ്പോൾ മോഹൻലാലും സംവിധായകൻ പൃഥ്വിരാജും ഖേദം പ്രകടിപ്പിക്കുകയും സിനിമ റീ എഡിറ്റിന് വിധേയമാക്കുകയും ചെയ്തിരുന്നു.
എമ്പുരാന്റെ പുതിയ പതിപ്പിൽ വെട്ടിയത് 24 ഭാഗങ്ങളാണ്. അതേസമയം റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററിൽ പ്രദർശനത്തിന് എത്തും മുമ്പ് ഒറിജിനൽ കാണാനുള്ള ആളുകളുടെ തള്ളി കയറ്റമാണിപ്പോൾ തിയേറ്ററുകളിൽ. സിനിമയിലെ ചില സീനുകൾ വിവാദമായപ്പോൾ മോഹൻലാലിനൊപ്പം പൃഥ്വിരാജും ഖേദം പ്രകടിപ്പിച്ചതിനോട് പ്രേക്ഷകർക്ക് എതിർപ്പായിരുന്നു. ഇപ്പോഴിതാ എമ്പുരാൻ സിനിമയെ കുറിച്ചും വിവാദങ്ങളെ കുറിച്ചും പൃഥ്വിരാജ് സിനിമ മാണിക്യകല്ല് നിർമ്മിച്ച എ.എസ് ഗിരീഷ് ലാൽ പ്രതികരിച്ചിരിക്കുകയാണ്.

മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗിരീഷ് ലാൽ. മോഹൻലാലിന്റെ വാക്ക് മറികടക്കാൻ കഴിയാതെയാണ് പൃഥ്വിരാജ് ഖേദം പ്രകടിപ്പിച്ചുള്ള പോസ്റ്റ് ഷെയർ ചെയ്തതെന്ന് ഗിരീഷ് ലാൽ പറഞ്ഞു. എമ്പുരാൻ വിഷയത്തിൽ സുരേഷ് ഗോപി തനി ബിജെപിക്കാരനായി മാറിയെന്നും ഗിരീഷ് ലാൽ പറയുന്നു. അഭിനയിക്കുന്ന സിനിമയിലെ കാര്യങ്ങൾ പോലും വളരെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നയാളാണ് പൃഥ്വിരാജ്. തലക്കനവും ഇന്നേവരെ ഫീൽ ചെയ്തിട്ടില്ല. നല്ല രീതിയിലാണ് പെരുമാറുന്നത്. ഇപ്പോൾ കാര്യങ്ങൾ രാജുവിനെ ഒറ്റപ്പെടുത്തുന്ന രീതിയിലേക്ക് പോകുന്നുവെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്.
അത് ശരിയായ രീതിയല്ല. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പ്രത്യേകിച്ച് ഇന്ത്യയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഒരു വിലക്കും ആരും ഏർപ്പെടുത്തിയിട്ടില്ല. ഇപ്പോൾ നടക്കുന്നത് ഒരു ഭരണക്കൂടത്തിന്റെ ഭയപ്പെടുത്തിയുള്ള അടിച്ചേൽപ്പിക്കലാണ്. ഭയന്നിട്ട് തന്നെയാണ് എമ്പുരാൻ ടീം സിനിമ വെട്ടി മുറിച്ചത്. അത് അങ്ങനെയല്ലെന്ന് ആരും പറയേണ്ട. പലതരത്തിലുള്ള പേടികൾ ഉണ്ടാകുമല്ലോ. മോഹൻലാലിനെപ്പോലെ വലിയൊരു ആർട്ടിസ്റ്റ് അഭിനയിച്ച സിനിമയാണ്.
അവർ പറഞ്ഞതുപോലെ കേട്ടില്ലെങ്കിൽ പിറ്റേ ദിവസം മുതൽ മോഹൻലാലിന്റെ വീട്ടിൽ കേന്ദ്ര ഏജൻസികൾ ക്യൂ നിൽക്കും. ഗോകുലം ഗോപാലനെപോലൊരു വലിയൊരു ബിസിനസ് മാനും ഈ സിനിമയിൽ ഭാഗമായിട്ടില്ലേ... സിനിമയോട് വളരെ കമ്മിറ്റ്മെന്റുള്ളയാളാണ് അദ്ദേഹം. ഒരുപാട് നല്ല സിനിമകൾ അദ്ദേഹത്തിന്റെ കമ്പനിയിൽ നിന്ന് വന്നിട്ടുണ്ടല്ലോ.
അദ്ദേഹം എമ്പുരാൻ വെട്ടി മുറിക്കാൻ പറ്റില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ നാളെ മുതൽ അദ്ദേഹത്തിന്റെ വീട്ടിൽ ഇഡിയുടെ ബഹളമായിരിക്കും. കേന്ദ്ര ഏജൻസികൾ അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും കേറി ഇറങ്ങും. ആന്റണി പറയുന്നുണ്ട് ഭയന്നിട്ടല്ല റീ എഡിറ്റിങിന് കൊടുത്തതെന്ന്. പക്ഷെ ഭയന്നിട്ട് തന്നെയാണ്. അത് അങ്ങനെയല്ലെന്ന് ആരും പറയേണ്ട.
ഞാൻ മനസിലാക്കിയിടത്തോളം എന്തിലും നിലപാടുള്ളയാളാണ് രാജു. ആരെയും ദ്രോഹിക്കുന്നതോ പറ്റിക്കുന്നതോ ആയ നിലപാടല്ല അയാളുടേത്. അയാൾക്ക് എല്ലാ കാര്യത്തിലും ഒരു വ്യക്തതയുണ്ട്. നിലപാടിൽ നിന്നും അയാൾ ചലിക്കില്ല. ലാൽ സാർ ഖേദം പ്രകടിപ്പിച്ചിട്ട പോസ്റ്റ് രാജു ഷെയർ ചെയ്തിരുന്നു. അത് രാജുവിന് നിവർത്തിയില്ലാത്തതുകൊണ്ട് ചെയ്തതാണ്.

കാരണം ലാൽ സാറിനെപ്പോലെ സീനിയറായിട്ടുള്ള ഒരാളും ഇത്രയും വലിയൊരു പ്രോജക്ടും അത് പൂർത്തിയാക്കാൻ ഒപ്പം നിന്ന് നന്നായി പരിശ്രമിച്ച സീനിയറായിട്ടുള്ള വ്യക്തിയാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ വാക്കിനെ മറികടക്കാൻ മാനസീകമായി വിഷമമുള്ളതുകൊണ്ടാകും അദ്ദേഹം ആ പോസ്റ്റ് ഷെയർ ചെയ്തത്. അല്ലെങ്കിൽ അത് ചെയ്യില്ലായിരുന്നു. നിലപാടിൽ നിന്നും ഒട്ടും പിന്നോട്ട് പോകുന്നയാളല്ല രാജു. പിന്നെ ഇത്രയും വലിയൊരു പ്രോജക്ടുമാണല്ലോ. പക്ഷെ എമ്പുരാൻ വെട്ടിമുറിക്കേണ്ടായിരുന്നു എന്നാണ് എന്റേയും അഭിപ്രായം.
തന്റേടത്തോടെ നിൽക്കണമായിരുന്നു. കാരണം ഇത് നമ്മുടെ സ്വാതന്ത്ര്യമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൈ കടത്താൻ ആർക്കും അധികാരമില്ല. ഇത് ചരിത്രമല്ലേ?. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതിയ തലമുറയിലെ കുട്ടികൾ ഗൂഗിളിലൂടെയും മറ്റ് മുഴുവനായി ഇപ്പോൾ മനസിലാക്കി കാണും. ശരിക്കും പറഞ്ഞാൽ സംഘപരിവാർ വീണ്ടും ഈ വിഷയം എടുത്ത് ഇട്ട് കൊടുക്കുകയാണ് ചെയ്തത്. അത് കൊണ്ട് രണ്ട് ഗുണങ്ങളുണ്ടായി. പ്രതീക്ഷിച്ചതിനേക്കാൾ ഡബിൾ കലക്ഷൻ ആ പടത്തിന് കിട്ടി. സംഘപരിവാർ എമ്പുരാനെ വൻ കലക്ഷനിലേക്ക് എത്തിച്ചുവെന്ന് വേണം പറയാൻ. സുരേഷേട്ടന്റെ പ്രസ്താവന കണ്ടിരുന്നു. അത് കണ്ടപ്പോൾ വിഷമം തോന്നി.
സുരേഷേട്ടൻ അത് പറയാൻ പാടില്ലായിരുന്നു. അസാധ്യ മേക്കിങ്ങാണ് ആ സിനിമ. ഇത്ര ടെക്നിക്കൽ പെർഫക്ഷനോട് കൂടി മലയാളത്തിൽ ഇങ്ങനൊരു സിനിമ ചെയ്യാൻ ധൈര്യം കാണിച്ചത് രാജു മാത്രമാണ്. സുരേഷേട്ടൻ ആ ടീമിനോടും രാജുവിനോടും അങ്ങനൊരു നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നു. അദ്ദേഹം ബിജെപിക്കാരൻ മാത്രമായി പോയി. നിലാപടുകളിൽ ഉറച്ച് നിൽക്കുന്നവർക്ക് ശത്രുക്കൾ ഉണ്ടായിക്കൊണ്ടേയിരിക്കും. സ്വാഭാവികമാണ്. ഇന്നലെ വന്നയാളല്ല പൃഥ്വിരാജ്. ഒരു വലിയ കലാ കുടുംബത്തിൽ നിന്നും വന്നയാളാണ്. മലയാളത്തിലെ രണ്ട് വലിയ താരങ്ങളുടെ മകനുമാണ് എന്ന് പറഞ്ഞാണ് ഗിരീഷ് ലാൽ അവസാനിപ്പിച്ചത്.
എമ്പുരാൻ സിനിമയുടെ നന്ദി കാർഡിൽ നിന്നും റീ എഡിറ്റിനുശേഷം സുരേഷ് ഗോപിയുടെ പേര് വെട്ടി മാറ്റിയിരുന്നു. അത് താൻ ആവശ്യപ്പെട്ടിട്ട് തന്നെയാണെന്ന് കഴിഞ്ഞ ദിവസം രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു. എമ്പുരാന്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് യാതൊരു സമ്മര്‍ദ്ദവും നേരിടേണ്ടി വന്നിട്ടില്ല. അതിലെ ഭാഗങ്ങള്‍ വെട്ടിമാറ്റിയത് നിര്‍മാതാക്കള്‍ അവരുടെ ഇഷ്ടത്തിന് തന്നെ ചെയ്തതാണ്. എന്റെ പേര് ക്രെഡിറ്റില്‍ നിന്ന് ഞാന്‍ വിളിച്ച് പറഞ്ഞ് നീക്കം ചെയ്യിപ്പിച്ചതാണ്. ഇതാണ് യഥാര്‍ഥ്യം.
എമ്പുരാനെ കുറിച്ച് സംസാരിക്കുന്നവര്‍ ടിപി 51 റിലീസ് ചെയ്യാന്‍ ധൈര്യം കാട്ടുമോ എന്നാണ് സുരേഷ് ഗോപി രാജ്യസഭയിൽ പ്രസംഗിക്കവെ ചോദിച്ചത്. സിനിമയുടെ റി എഡിറ്റഡ് സെൻസർ രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽരാജ് ബജ്‍രംഗി എന്നതിന് പകരം ബൽദേവ് എന്നാക്കി. കാണാനില്ല എന്ന പത്രവാര്‍ത്തിയിലെ പേരും ബല്‍ദേവ് എന്ന് മാറ്റിയിട്ടുണ്ട്. മതകേന്ദ്രത്തിന് മുന്നിലൂടെ ട്രാക്ടറും വാഹനങ്ങളും പോകുന്ന ദൃശ്യങ്ങള്‍ മുറിച്ചുനീക്കി. അക്രമങ്ങളുടെയും മൃതദേഹങ്ങളുടെയും സീനുകള്‍ ഒഴിവാക്കി.
ബെല്‍രാജ്, പീതാംബരന്‍ എന്നീ കഥാപാത്രങ്ങളുടെ ചില സീനുകള്‍ നീക്കം ചെയ്തു. കാറിന്റെ നെയിം ബോര്‍ഡ് മാറ്റുകയും എന്‍ഐഎ എന്ന വാക്ക് മ്യൂട്ട് ചെയ്യുകയും ചെയ്തു. ടിവി ന്യൂസ് ദൃശ്യങ്ങളും മാറ്റി. മസൂദും സയീദ് മസൂദും തമ്മിലുള്ളതും ബല്‍രാജും മുന്നയും തമ്മിലുള്ളതുമായ ചില സംഭാഷണങ്ങളും മാറ്റി. കൂടാതെ സ്ത്രീ കഥാപാത്രത്തിന്റെ തല തുടര്‍ച്ചയായി ഭിത്തിയില്‍ ഇടിപ്പിക്കുന്ന സീനും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം കാണിക്കുന്ന സീനുകളും മുറിച്ചുമാറ്റി. ദേശീയ പതാകയുടെ നിറം സംബന്ധിച്ചുള്ള സംഭാഷണം ഒഴിവാക്കി. ഒരു കാലഘട്ടം വ്യക്തമാക്കിയിരുന്ന കാര്‍ഡ് മാറ്റി കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് എന്നാക്കി തിരുത്തി.


Click it and Unblock the Notifications











