ആരോടും വഴക്കിടാറില്ല! ശത്രുക്കളുമില്ല! കുറ്റം പറയാറുമില്ല! മോഹന്‍ലാല്‍ ദൈവത്തെ പോലെ: മണിയന്‍പിള്ള രാജു
മലയാളികളുടെ അഭിമാന താരമാണ് മോഹന്‍ലാല്‍. വില്ലത്തരത്തിലൂടെയായിരുന്നു തുടക്കം. സ്‌കൂള്‍ കാലഘട്ടം മുതല്‍ അദ്ദേഹം അഭിനയ മേഖലയില്‍ താല്‍പര്യം കാണിച്ചിരുന്നു. നാടകത്തിലൂടെ മികച്ച നടനായി തിളങ്ങിയിരുന്നു. എല്ലായ്‌പ്പോളും പത്താം ക്ലാസുകാരായിരുന്നു നാടകത്തില്‍ ഒന്നാം സ്ഥാനം മേടിച്ചിരുന്നത്. അതിനിടയിലായിരുന്നു ആറാം ക്ലാസുകാരനായ മോഹന്‍ലാല്‍ മികച്ച നടനായത്. പത്താം ക്ലാസ് കഴിഞ്ഞ് ഇറങ്ങിയ മണിയന്‍പിള്ള രാജുവായിരുന്നു അന്ന് ലാലിന് നാടകം പഠിപ്പ് കൊടുത്തത്. മോഹന്‍ലാലിന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി നമ്പര്‍ 20 മദ്രാ്‌സ് മെയില്‍ താരങ്ങള്‍ ഒത്തുചേര്‍ന്നപ്പോഴായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.
നാടകം പഠിപ്പിക്കണമെന്ന ആവശ്യവുമായാണ് ആദ്യം മോഹന്‍ലാലിനെ കാണുന്നത്. എന്റെ വീട്ടില്‍ വെച്ചായിരുന്നു റിഹേഴ്‌സല്‍. ആ നാടകം സംവിധാനം ചെയ്തത് ഞാനായിരുന്നു. അതുപോലെ അവര്‍ക്ക് മേക്കപ്പിട്ട് കൊടുത്തതും ഞാനായിരുന്നു. നാടകത്തിന് ഒന്നാം സ്ഥാനവും, മോഹന്‍ലാലിനെ മികച്ച നടനായും തിരഞ്ഞെടുത്തു. ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടി തൊണ്ണൂറ് വയസുകാരനായാണ് അഭിനയിച്ചത്. അന്ന് ഞാന്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. നാടകത്തിന് സ്ഥിരമായി പ്രൈസ് കിട്ടിയിരുന്നത് പത്താം ക്ലാസുകാര്‍ക്കായിരുന്നു. ആറാം ക്ലാസുകാരന്‍ മികച്ച നടനായി എന്ന് കേട്ടപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. അങ്ങനെ തുടങ്ങിയ സൗഹൃദമാണ് ലാലുവുമായി.

മോഹന്‍ലാലിന്റെ വീടിനടുത്ത് എന്റെയൊരു റിലേറ്റീവ് താമസിക്കുന്നുണ്ടായിരുന്നു. ഒരു എക്‌സ് മിലിട്ടറിക്കാരന്‍. അദ്ദേഹത്തിന് സുന്ദരിയായൊരു മകളുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ഞാന്‍ അവിടെ പോവാറുണ്ടായിരുന്നു. മോഹന്‍ലാലിനെയും കണ്ടാണ് മടക്കം. ഇടയ്ക്ക് ക്യാമറയൊക്കെ കൊണ്ടുപോയി അവളുടെ ഫോട്ടോ എടുത്തിരുന്നു. ഫോട്ടോ പ്രിന്റെടുത്ത് വന്നപ്പോള്‍ വഴിയില്‍ കളഞ്ഞുപോയി. അതാരോ എടുത്ത് മോഹന്‍ലാലിന്റെ വീട്ടില്‍ കൊണ്ടുകൊടുത്തു. അതിനിടയിലാണ് അവളുടെ അച്ഛന്‍ എന്നോട് അവിടെയിങ്ങനെ കയറിങ്ങരുതെന്ന് പറയരുത്. ഇത് മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. ഏതെങ്കിലും കല്യാണത്തിനൊക്കെ പോവുന്ന സമയത്ത് ലാല്‍ ഈ ഡയലോഗ് പറയാറുണ്ട് എന്നോട്. അദ്ദേഹത്തിന് അത്രയും ഓര്‍മ്മശക്തിയാണ്.
ലാലിനൊരു ഓറയുണ്ട്. വേറൊന്നുമല്ല, നമ്മള്‍ അടുത്ത് ചെന്നിരുന്നാല്‍ ഒരു പോസിറ്റീവ് എനര്‍ജി നമ്മളിലേക്ക് വരും. ഞാനൊക്കെ ആളുകളെക്കുറിച്ച് കുറ്റമൊക്കെ പറയാറുണ്ട്. വഴക്ക് പറയേണ്ട സിറ്റുവേഷനാണെങ്കില്‍ അങ്ങനെയും പെരുമാറും. ലാല്‍ ഇന്നുവരെ ആരെയെങ്കിലും കുറ്റം പറയുന്നതോ, വഴക്ക് പറയുന്നതോ കേട്ടിട്ടില്ല. ഇത്രയും കാലത്തിനിടയില്‍ എന്നെ ഇന്നുവരെ വഴക്ക് പറഞ്ഞിട്ടില്ല. പുള്ളി അങ്ങനെയാണ്, അതാണ് പ്രകൃതം. സിനിമയില്‍ കാണുന്നത് പോലെയേ അല്ല. മോഹന്‍ലാല്‍ എന്ന വ്യക്തിക്ക് എവിടെയെങ്കിലുമൊരു ശത്രു ഉള്ളതായി എനിക്ക് തോന്നുന്നില്ല. പൊതുവെ ഒരാള്‍ വളര്‍ന്ന് പന്തലിക്കുമ്പോള്‍ ചില അസൂയാലുക്കളും, ശത്രുക്കളുമുണ്ടാവും. അദ്ദേഹത്തിന് അങ്ങനെ ശത്രുക്കളൊന്നുമില്ല.
അദ്ദേഹത്തിന്റെ പിറന്നാള്‍ ടൈമില്‍ അദ്ദേഹത്തിനൊപ്പം ഇരിക്കാന്‍ പറ്റാറുണ്ട്. ചിലപ്പോള്‍ ലൊക്കേഷനിലൊക്കെ ഒന്നിച്ചിരിക്കാന്‍ പറ്റാറുണ്ട്. കുറേ സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കാനും കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാലിനെപ്പോലെയൊരാളെ നമുക്ക് കിട്ടിയത് തന്നെ എത്രയോ വലിയ ഭാഗ്യമാണെന്നുമായിരുന്നു മണിയന്‍പിള്ള രാജു പറഞ്ഞത്.


Click it and Unblock the Notifications