30 റേഡിയേഷനും അഞ്ച് കീമോയും; 12 ഇഎൻടി ഡോക്ടർമാരെ കണ്ടതാണ്; കാൻസർ സ്ഥിരീകരിച്ചതിങ്ങനെ: മണിയൻപിള്ള രാജു
അഭിനയ രംഗത്തും നിർമാണ രംഗത്തും വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള മണിയൻപിള്ള രാജു തിയറ്ററിൽ പ്രദർശനം തുടരുന്ന തുടരും എന്ന സിനിമയിൽ ശ്രദ്ധേയ വേഷമാണ് ചെയ്തത്. കുറച്ച് നാളുകൾക്ക് ശേഷമാണ് നടനെ വീണ്ടും ബിഗ് സ്ക്രീനിൽ കാണുന്നത്. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു മണിയൻപിള്ള രാജു. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടനിപ്പോൾ. ചികിത്സയിലൂടെ കാൻസറിനെ മറികടന്നെന്ന് മണിയൻപിള്ള രാജു പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം.
ഇപ്പോൾ ആരോഗ്യം ഓക്കെയായി. ക്യാൻസർ സർവെെവർ എന്ന് പറയാം. 30 റേഡിയേഷനും അഞ്ച് കീമോയും. അത് കഴിഞ്ഞപ്പോൾ ഓക്കെയായി. കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇപ്പോൾ ശരിയായി. ഇടയ്ക്ക് രണ്ട് മൂന്ന് പടങ്ങൾ വന്നത് ചെയ്യാൻ പറ്റിയില്ല. ഇനി സിനിമകൾ ചെയ്യാനാണ് തീരുമാനമെന്നും മണിയൻ പിള്ള രാജു വ്യക്തമാക്കി. ഇതൊന്നും പുറത്ത് പറയരുതെന്ന് ചിലർ പറയും. നമുക്ക് ഒരു അസുഖം വന്നാൽ പറയേണ്ടേ. എന്തുകൊണ്ട് ക്ഷീണിച്ചു എന്നെല്ലാം പറയേണ്ടതാണ്. എനിക്ക് 82 കിലോയുണ്ടായിരുന്നു. അസുഖം കഴിഞ്ഞപ്പോൾ 16 കിലോ കുറഞ്ഞിരുന്നെന്നും മണിയൻ പിള്ള വ്യക്തമാക്കി.

തുടരും സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തനിക്ക് കാൻസർ സ്ഥിരീകരിക്കുന്നതെന്നും മണിയൻ പിള്ള രാജു പറയുന്നു.
ഇൻസ്പെക്ടറുമായുള്ള മഴയത്തെ സീനിന്റെ ഷൂട്ട് നിർത്തിയത് വെളുപ്പിന് 5 45 ന് വെളിച്ചം വെച്ചപ്പോഴാണ്. ആ സമയത്തൊക്കെ എനിക്ക് ഇടത്തെ ചെവിയിൽ അടക്കം ആണി അടിച്ചത് പോലെ വേദനയുണ്ട്. ചെവി വേദനയ്ക്കായി 12 ഇഎൻടി ഡോക്ടർമാരെ കണ്ടിരുന്നു. പക്ഷെ ഒന്നും കണ്ടുപിടിക്കാൻ പറ്റിയില്ല. കൊട്ടിയത്ത് ഒരു ഡോക്ടറെ കണ്ടു. എക്സറേയിൽ ഒരു ഞരമ്പ് വല്ലാതിരിക്കുന്നെന്ന് പറഞ്ഞ അദ്ദേഹം ഒരു ഡെന്റിസ്റ്റിനെ കാണാൻ പറഞ്ഞെന്ന് മണിയൻ പിള്ള രാജു ഓർത്തു.
ചെവി വേദന ഒരു നല്ല ലക്ഷണമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതോടെ ഞാൻ പേടിച്ച് പോയി. ഡെന്റിസ്റ്റിനെ കണ്ട് മുൻപ് വെച്ചിരുന്ന രണ്ട് സ്റ്റീൽ പല്ലുകൾ മാറ്റി സെറാമിക് പല്ലുകൾ വെച്ചു. എന്നാൽ പിറ്റേന്ന് വീണ്ടും വേദന തുടങ്ങി. പിന്നീടുള്ള പരിശോധനയിൽ കാൻസർ കണ്ടെത്തി. തുടക്കത്തിലേ കണ്ടെത്തിയത് ഭാഗ്യമായെന്ന് മണിയൻ പിള്ള രാജു ചൂണ്ടിക്കാട്ടുന്നുണ്ട്. പിറ്റേന്ന് തന്നെ സർജറി ചെയ്തു. പിന്നാലെ 30 റേഡിയേഷനും 5 കീമോയും ചെയ്തു. പിന്നെ വേറെ മരുന്നില്ല. ജീവിത ശെെലി ശ്രദ്ധിച്ചാൽ മതിയെന്നും മണിയൻപിള്ള രാജു വ്യക്തമാക്കി.

തുടരും സിനിമയെക്കുറിച്ചും മണിയൻപിള്ള രാജു സംസാരിച്ചു. റിലീസിന് ഒരാഴ്ച മുമ്പ് പ്രൊഡ്യൂസർ എം രഞ്ജിത്തിന്റെ ഭാര്യ ചിപ്പിയെ കണ്ടപ്പോൾ ഈ സിനിമയോടെ രഞ്ജിത്ത് മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡ്യൂസറാകുമെന്ന് പറഞ്ഞു. ഡയരക്ടർ ഒന്നാം നിലയിലെത്തുമെന്നും പറഞ്ഞു.
അത് പോലെ തന്നെ സംഭവിച്ചെന്നും മണിയൻപിള്ള രാജു ചൂണ്ടിക്കാട്ടി. എന്റെ പേര് സജസ്റ്റ് ചെയ്തത് രഞ്ജിത്താണ്. മേക്കപ്പ് ഇട്ട് ചെന്നപ്പോൾ ഡയരക്ടർ ഹാപ്പിയല്ല. എന്റെ മനസിലെ കുട്ടിച്ചനായില്ലെന്ന് പറഞ്ഞു. വ്യത്യസ്തമായ ലുക്ക് വേണമല്ലേ, അര മണിക്കൂർ സമയം തരാൻ പറഞ്ഞു. പട്ടണം റഷീദായിരുന്നു മേക്കപ്പ് മാൻ. പുതിയ ലുക്കിൽ ചെന്നപ്പോൾ സംവിധായകനുൾപ്പെടെ എല്ലാവരും കെെയടിച്ചെന്നും മണിയൻപിള്ള രാജു ഓർത്തു.


Click it and Unblock the Notifications











