ജയഭാരതി മേക്കപ്പ് ചെയ്യുന്ന തിരക്കിൽ, എന്ത് കെയർ ലെസ് ആണെന്ന് തോന്നി പക്ഷെ പിന്നീടുണ്ടായത്: മണിയൻപിള്ള രാജു
സിനിമാ ലോകത്ത് നിന്നും അകന്നിട്ട് വർഷങ്ങളായെങ്കിലും ജയ ഭാരതിയെ പ്രേക്ഷകർ മറന്നിട്ടില്ല. ഒരു കാലത്ത് മലയാള സിനിമാ ലോകത്തെ താര റാണിയായിരുന്നു ജയഭാരതി. ശ്രദ്ധേയമായ റോളുകൾ ഒന്നിന് പിറകെ ഒന്നായി ലഭിച്ച നടി. ഷീല, ശാരദ എന്നിവർ പേരെടുത്ത ശേഷമാണ് ജയഭാരതി നായികയായി ശ്രദ്ധിക്കപ്പെടുന്നത്. അക്കാലത്ത് അതീവ ഗ്ലാമറസായി അഭിനയിച്ച ജയഭാരതി പ്രേക്ഷകർക്ക് പ്രിയങ്കരിയായി. ജയഭാരതിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടൻ മണിയൻപിള്ള രാജു. തന്നെ അത്ഭുതപ്പെടുത്തിയ നടിയാണ് ജയഭാരതിയെന്ന് മണിയൻ പിള്ള രാജു പറയുന്നു.
എന്നെ അത്ഭുതപ്പെടുത്തിയ നടി ജയഭാരതിയാണ്. അവർ ഒരു ദിവസം മൂന്ന് പടം അഭിനയിക്കും. 8. 30 മുതൽ 1 മണി വരെ, 2 മണി മുതൽ 5 മണി വരെ, 6 മണി മുതൽ 12 മണി വരെ എന്നിങ്ങനെ സിനിമകൾ ചെയ്യും. ഒരു പടത്തിന് 10-12 ദിവസമാണ് മൊത്തത്തിൽ എടുക്കുന്നത്. ഞാൻ സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ ജയഭാരതി വന്നു. അസിസ്റ്റന്റ് ഡയരക്ടറോട് ഡയലോഗ് വായിക്കാൻ പറഞ്ഞു. അവർക്ക് അന്നും ഇന്നും മലയാളം എഴുതാനും വായിക്കാനും അറിയില്ല.

അവർ തമിഴാണ്. ഡയലോഗ് വായിക്കുന്നതിനിടയിൽ ജയഭാരതി ആ സ്ലെെഡ് താ എന്നാെക്കെ പറയും. ഇതിനിടെ ഡയലോഗ് പറയുന്നത് നിർത്തിയാൽ നീ നിർത്തേണ്ട. വായിച്ച് കൊണ്ടേയിരിക്ക് എന്ന് പറയും. ഇതിനിടെ മേക്കപ്പ് ചെയ്യുകയായിരിക്കും. ഇവരെന്തൊരു കെയർ ലെസ് ആണ്, ആക്ടിംഗിൽ പാഷനില്ലേ എന്ന് ഞാൻ വിചാരിച്ചു. ശശികുമാർ സർ വന്ന് റിഹേഴ്സൽ നോക്കാമെന്ന് പറഞ്ഞു. ടെെമില്ല സർ, നമുക്ക് ടേക്ക് എടുക്കാം ജയഭാരതി. സ്റ്റാർട്ട് ക്യാമറ ആക്ഷൻ. അവൻ പറഞ്ഞ ഒന്നര പേജ് ഡയലോഗ് കരയേണ്ടിടത്ത് കരഞ്ഞ് പുല്ലു പോലെ അഭിനയിച്ച് അവർ പോയെന്നും മണിയൻപിള്ള രാജു ഓർത്തു.
നടൻ ജഗതി ശ്രീകുമാറിനെക്കുറിച്ചും മണിയൻ പിള്ള രാജു സംസാരിക്കുന്നുണ്ട്. ജഗതി ശ്രീകുമാറിന്റെ നാടകങ്ങൾ കണ്ടിട്ടാണ് ഞാൻ നടനാകുന്നത്. എന്നേക്കാൾ അഞ്ചാറ് വർഷം സീനിയറാണ്. സ്കൂളിൽ സെലിബ്രേഷന് ഡ്രാമ അവതരിപ്പിക്കാൻ ജഗതി വന്നിരുന്നു. അത് കണ്ട് ആൾക്കാരുടെ ചിരിയും ബഹളവും കയ്യടിയും. എന്തൊരു ആരാധനയാണ്. എനിക്കും ഇത് പോലെ ആകണമെന്ന് തോന്നി. പിന്നെ ഞങ്ങൾ എത്രയോ സിനിമകൾ അഭിനയിച്ചു. ഇപ്പോൾ വയ്യാതായി. എന്ത് ചെയ്യാൻ പറ്റും. അസുഖം ആർക്കും വരാമെന്നും മണിയൻപിള്ള രാജു പറഞ്ഞു.

നടൻ മോഹൻലാലിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. മോഹൻലാൽ കരിയറിന് വേണ്ടി ഏറെ ത്യജിച്ചിട്ടുണ്ട്. കുടുംബമെന്ന ചിന്ത മാറ്റി വെച്ച് സിനിമയ്ക്ക് വേണ്ടി നിന്നു. സ്വന്തം മക്കൾ വളരുന്നത് പോലും അദ്ദേഹം കണ്ടിട്ടില്ല. കരിയറിൽ ഒരു സ്ഥാനത്തേക്ക് എത്തിയപ്പോഴേക്കും മക്കൾ വിദേശത്തേക്ക് പഠിക്കാൻ പോയിരുന്നെന്നും മണിയൻപിള്ള രാജു പറഞ്ഞു. അതേസമയം മമ്മൂട്ടി ഷൂട്ട് കഴിഞ്ഞാൽ വീട്ടിലേക്ക് പോകുമായിരുന്നന്നും മണിയൻപിള്ള രാജു പറഞ്ഞു.
സിനിമാ ലോകത്ത് നടനായും നിർമാതാവായും പേരെടുത്ത മണിയൻപിള്ള രാജു അവസരങ്ങൾ തേടി നടന്ന ഒരു കാലഘട്ടമുണ്ട്. ഏറെ പ്രയത്നിച്ചാണ് സിനിമാ ലോകത്ത് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈയടുത്താണ് തനിക്ക് കാൻസർ ബാധിച്ചതിനെക്കുറിച്ച് മണിയൻപിള്ള രാജു തുറന്ന് സംസാരിച്ചത്. ചികിത്സ കഴിഞ്ഞ താനിപ്പോൾ ആരോഗ്യവാനാണെന്നും കാൻസറിനെ ഭയപ്പെടാതെ പൊരുതുകയാണ് വേണ്ടതെന്നും മണിയൻപിള്ള രാജു പറഞ്ഞു.


Click it and Unblock the Notifications











