അച്ഛന് ഗുരുതരമായിരുന്നു; മമ്മൂക്കയുടെ ആ മെസേജ് മറക്കില്ല; ലാൽ അങ്കിളേക്കാളും അടുപ്പം അദ്ദഹവുമായെന്ന് നിരഞ്ജ്
സഹനടനായി സിനിമകളിലെത്തി പിന്നീട് നിർമാതാവായി ഉയർന്ന് വന്ന താരമാണ് മണിയൻ പിള്ള രാജു, കോമഡി വേഷങ്ങളിൽ തിളങ്ങിയ മണിയൻ പിള്ള രാജു ഇപ്പോഴും സിനിമാ ലോകത്ത് സജീവമാണ്. അച്ഛന്റെ വഴിയേ മകൻ നിരഞ്ജും സിനിമയിൽ എത്തി. 2013 ൽ പുറത്തിറങ്ങിയ ബ്ലാക്ക് ബട്ടർ ഫ്ലെെ ആയിരുന്നു നിരഞ്ജിന്റെ ആദ്യ സിനിമ.

പിന്നീട് ബോബി, ഡ്രാമ, സകലകലാശാല, സൂത്രക്കാരൻ, ഫൈനൽസ്, ഒരു ത്വാതിക അവലോകനം തുടങ്ങിയ സിനിമകളിൽ നിരഞ്ജ് അഭിനയിച്ചു. നിർമാതാവിന്റെ മകൻ ആണെങ്കിലും ആ ലേബലിൽ തനിക്ക് കരിയറിൽ സിനിമകൾ ലഭിച്ചിട്ടില്ലെന്ന് നിരഞ്ജ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് പുതുമുഖങ്ങളെ പോലെ തന്നെയാണ് നിരഞ്ജും കരിയറിൽ മുന്നേറുന്നത്.

സിനിമാ ലോകത്തെ പ്രധാന സാന്നിധ്യങ്ങളിൽ ഒരാളാണ് മണിയൻ പിള്ള രാജു. ആദ്യ കാലം മുതലുള്ള താരങ്ങൾ മുതൽ പുതുമുഖങ്ങളായും വരെ സൗഹൃദം ഉണ്ട്. ആദ്യ കാലത്ത് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾക്കൊപ്പെ നിരവധി സിനിമകളിൽ മണിയൻ പിള്ള രാജു അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയുമായും മോഹൻലാലുമായും മണിയൻ പിള്ള രാജുവിനുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നിരഞ്ജ്. മോഹൻലാലിനേക്കാളും മമ്മൂട്ടിയോടാണ് അച്ഛന് സൗഹൃദം എന്ന് നിരഞ്ജ് പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം.

'അച്ഛനും ലാൽ അങ്കിളും അഞ്ച് സിനിമകളിലെങ്ങാൻ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷെ അവർ എപ്പോഴും ഒത്തു ചേരുന്ന സുഹൃത്തുക്കൾ അല്ല. പണ്ട് ഇവിടെ വന്നിട്ടുണ്ടെന്ന് തോന്നുന്നു. പിന്നെ സെറ്റുകളിലുള്ള സംസാരവും അല്ലാതെ എവിടെയെങ്കിലും വെച്ച് കാണുമ്പോഴൊക്കെയാണ് സംസാരം'
'എനിക്ക് തോന്നുന്നു അച്ഛന് കുറച്ച് കൂടി മമ്മൂട്ടി അങ്കിളുമായാണ് സൗഹൃദമെന്ന്. എപ്പോഴും കാണുന്നതും വീട്ടിൽ പോവുന്നതും ഒക്കെ. അച്ഛൻ എല്ലാവരുമായും സൗഹൃദത്തിലാണ്. എല്ലാവർക്കും അച്ഛനെ ഇഷ്ടമാണ്'

'എനിക്ക് വ്യക്തിപരമായി വളരെ ഇഷ്ടമുള്ള വ്യക്തിയാണ് മമ്മൂക്ക. എപ്പോഴും റി ഇൻവെന്റ് ചെയ്യുന്ന ആക്ടറാണ്. വളരെ അപ്ഡേറ്റഡ് ആണ്. പേഴ്സണലി ഇഷ്ടം തോന്നാൻ കാരണം അച്ഛൻ വയ്യാതെ ആശുപത്രിയിൽ കിടന്ന സമയത്ത് പ്രത്യേകിച്ച് സിനിമാ രംഗത്തുള്ളവർ ഒരു മെസേജ് പോലും അയച്ചിട്ടില്ല'
'കാരണം അച്ഛന് ന്യൂമോണിയ കൂടി സീരിയസ് ആയിരുന്നു. അച്ഛന് ചെക്കപ്പിൽ നെഗറ്റീവ് ആയപ്പോൾ പുള്ളിയുടെ മെസേജ് ഞാൻ കണ്ടു. അച്ഛൻ കണ്ടില്ല, അൽഹംദുല്ലാ ഞാനെന്നും പ്രാർത്ഥിച്ചിരുന്നു എന്ന്. അതെന്നെ ഭയങ്കരമായി സ്പർശിച്ചു. അത് ഞാൻ മറക്കാത്ത സംഭവമാണ്,' നിരഞ്ജ് പറഞ്ഞു.

'കുട്ടിക്കാലം മുതൽ അഭിനയം ഇഷ്ടമാണ്. അച്ഛൻ സിനിമകളിൽ കാണുന്ന പോലെ തന്നെ കോമഡി ആണ് വീട്ടിലും എന്തുണ്ടെങ്കിലും തുറന്നടിച്ച് പറയും. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം അച്ഛനോട് നേരത്തെ പറഞ്ഞിരുന്നു'
ചോട്ടാ മുംബൈയിൽ അവസരം ചോദിച്ചപ്പോൾ വേറെ നല്ല പിള്ളേരുണ്ട് നിന്നെയൊക്കെ വെച്ച് എന്തിനാണ് സിനിമ ചെയ്യുന്നതെന്നാണ് അച്ഛൻ ചോദിച്ചതെന്നും നിരഞ്ജ് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കാക്കിപ്പട ആണ് നിരഞ്ജിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. അപ്പാനി ശരത്തും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.


Click it and Unblock the Notifications