പ്രണയം സഫലമാവുന്നു; മഞ്ജിമ-ഗൗതം കാർത്തിക് വിവാഹത്തിന്റെ വിവരങ്ങൾ പുറത്ത്
മലയാളത്തിൽ ബാലതാരമായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് മഞ്ജിമ മോഹൻ. പ്രിയം എന്ന സിനിമയിലുൾപ്പെടെ മഞ്ജിമ ചെയ്ത വേഷം പ്രേക്ഷകർ ഇന്നും ഓർമ്മിക്കുന്നു. വർഷങ്ങൾക്ക് ശേഷം ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെ ആണ് മഞ്ജിമ നായിക നടിയായി മലയാള സിനിമയിൽ എത്തുന്നത്.
ഇതിന് ശേഷം മലയാളത്തിൽ കാര്യമായി മഞ്ജിമയെ കണ്ടിട്ടില്ല. അതേസമയം തമിഴ്, തെലുങ്ക് ഭാഷകളിൽ മഞ്ജിമ തിരക്കുള്ള നായിക നടി ആയി. ഛായഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ.

ഏറെ നാളായി മഞ്ജിമയുടെ വിവാഹം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ പരക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞയാഴ്ച തന്റെ പ്രണയം മഞ്ജിമ വെളിപ്പെടുത്തുകയും ചെയ്തു. തമിഴ് നടൻ ഗൗതം കാർത്തിക് ആണ് മഞ്ജിമയുടെ കാമുകൻ. സോഷ്യൽ മീഡിയയിലൂടെ ആണ് മഞ്ജിമയും ഗൗതമും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. ഒരുമിച്ചുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിരുന്നു.

എല്ലാം നഷ്ടപ്പെട്ട തന്നിലേക്ക് വന്ന കാവൽ മാലാഖ ആണ് ഗൗതം കാർത്തിക് എന്നാണ് മഞ്ജിമ കുറിച്ചത്. എന്റെ കുറവുകൾ അംഗീകരിക്കാനും ഞാനായിരിക്കാനും നീ എന്നെ പഠിപ്പിച്ചു. ഞാൻ ആരാണോ അങ്ങനെ തന്നെ നീ എന്നെ സ്നേഹിക്കുന്നു. നീ എപ്പോഴും എനിക്ക് പ്രിയപ്പെട്ട ആളായിരിക്കും എന്നും മഞ്ജിമ കുറിച്ചു.

ഗൗതമും മഞ്ജിമയും പ്രണയത്തിലാണെന്ന് നേരത്തെ പല തവണ ഗോസിപ്പുകൾ പരന്നിരുന്നു. എന്നാൽ താരങ്ങൾ ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ മഞ്ജിമയുടെ വിവാഹം സംബന്ധിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. നവംബർ 28 ന് താരങ്ങൾ വിവാഹം കഴിക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് പേരുടെയും കുടുംബത്തിന്റെ സമ്മത പ്രകാരം ആണ് വിവാഹം. ചെന്നെെയിൽ വെച്ചാണത്രെ വിവാഹം നടക്കുക. റിസപ്ഷൻ ചെന്നെെയിലും ഊട്ടിയിലും നടത്തുമെന്നും വിവരമുണ്ട്. തമിഴ് സിനിമാ ലോകത്തെ പ്രമുഖർ വിവാഹത്തിനെത്തുമെന്നാണ് വിവരം.

പൊതുവെ സ്വകാര്യ കാര്യങ്ങൾ മഞ്ജിമ സംസാരിക്കാറില്ല. വിവാഹത്തിന് തീരുമാനമായ ശേഷമാണ് ഗൗതമുമായുള്ള പ്രണയത്തെക്കുറിച്ച് പോലും മഞ്ജിമ സംസാരിച്ചത്. അതേസമയം മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ ഗൗതം കാർത്തിക് തന്റെ അടുത്ത സുഹൃത്ത് ആണെന്ന് മഞ്ജിമ പറഞ്ഞിരുന്നു, തമിഴ് നടൻ കാർത്തിക്കിന്റെ മകൻ ആണ് ഗൗതം. മണിരത്നം സംവിധാനം ചെയ്ത കടൽ എന്ന സിനിമയിലൂടെയാണ് ഗൗതം സിനിമയിലേക്ക് എത്തുന്നത്.

വലിയ കുടുംബത്തിൽ നിന്നാണ് ഗൗതം വരുന്നതെങ്കിൽ പോലും ഇൻഡസ്ട്രിയെ പറ്റി അവന് അധികം അറിയില്ല. ജോലി ചെയ്യുമ്പോൾ ജോലിയെ പറ്റി സംസാരിക്കാൻ എനിക്കിഷ്ടമാണ്. ഓഫ് സ്ക്രീനിൽ സിനിമയെ പറ്റി സംസാരിക്കാൻ ഇഷ്ടമല്ല. സാധാരണ സംഭാഷണങ്ങളാണ് ഇഷ്ടം. ഗൗതമും അങ്ങനെ ആണെന്നും അതാണ് തനിക്ക് അവനിൽ ഇഷ്ടമായതെന്നും മഞ്ജിമ നേരത്തെ പറഞ്ഞിരുന്നു.
ഗൗതമിനോട് ഫിൽറ്റർ ഇല്ലാതെ സംസാരിക്കാം. എന്ത് കാര്യം സംസാരിച്ചാലും അവൻ എന്നെ ജഡ‍്ജ് ചെയ്യില്ല. ചില ആളുകൾക്ക് ഞാൻ സത്യസന്ധമായി സംസാരിക്കുമ്പോൾ വിഷമിക്കും, പക്ഷെ അവന് തന്നെ നല്ല പോലെ അറിയാമെന്നും മഞ്ജിമ നേരത്തെ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications