എത്രയോ തവണ ഞാനാ വീട്ടിൽ പോയിട്ടുണ്ട്; വേർപിരിഞ്ഞിട്ടും ഗൗതമിന്റെ അച്ഛനും അമ്മയും ഒരുമിച്ചെത്തി; മഞ്ജിമ
ബാലതാരമായെത്തി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ മഞ്ജിമ മോഹൻ നായികയായപ്പോൾ കൂടുതൽ ശ്രദ്ധ നേടിയത് തമിഴകത്താണ്. വളരെ പെട്ടെന്ന് തമിഴകത്ത് മഞ്ജിമ തരംഗമായി. ഭർത്താവ് ഗൗതം കാർത്തിക്കിനൊപ്പം ചെന്നെെയിലാണ് മഞ്ജിമ ഇപ്പോൾ കഴിയുന്നത്. 2022 ലാണ് മഞ്ജിമയും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. പഴയ കാല നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്.
മഞ്ജിമ-ഗൗതം വിവാഹം വലിയ തോതിൽ ചർച്ചയായി. ഗൗതമിന്റെ മാതാപിതാക്കൾ വേർപിരിഞ്ഞതാണ്. അമ്മയ്ക്കൊപ്പമാണ് ഗൗതം കാർത്തിക് വളർന്നത്. ഗൗതമിന്റെ വിവാഹ സമയത്ത് പല അഭ്യൂഹങ്ങളും ഉയർന്നു വന്നു. ഗൗതമും മഞ്ജിമയും തമ്മിലുള്ള വിവാഹത്തിന് കാർത്തിക്കിന് താൽപര്യമില്ലായിരുന്നെന്നും അച്ഛനെ വിവാഹത്തിന് കാര്യമായി ക്ഷണിക്കാൻ പോലും ഗൗതം തയ്യാറായില്ല, മഞ്ജിമയും ഭർതൃപിതാവും തമ്മിൽ അകൽച്ചയുണ്ട് എന്നൊക്കെ ഗോസിപ്പ് വന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് മഞ്ജിമ.

പ്രശ്നങ്ങൾ ഒന്നുമില്ല. അങ്കിൾ വളരെ ചിൽ ആണെന്ന് ഗൗതമിന്റെ അച്ഛനെ അടുത്തറിയുന്നവർക്ക് അറിയാം. ഞങ്ങൾ അദ്ദേഹത്തെ ക്ഷണിച്ചതാണ്. ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് അങ്കിൾ പറഞ്ഞു. അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ല. ഏത് കുട്ടികളാണ് അച്ഛനും അമ്മയ്ക്കും ക്ഷണക്കത്ത് കൊടുത്ത് വിവാഹത്തിന് വരാൻ പറയുക. ക്ഷണക്കത്ത് പ്രിന്റായി വന്നപ്പോൾ അദ്ദേഹത്തെയാണ് ആദ്യം കാണിച്ചത്. കല്യാണക്കാര്യം അദ്ദേഹത്തോട് പറഞ്ഞ ശേഷമാണ് തിയതി തീരുമാനിച്ചത്. ഇതെല്ലാം എല്ലാവരോടും വിശദീകരിക്കേണ്ട കാര്യം എനിക്കോ അദ്ദേഹത്തിനോ ഇല്ല.
ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കിൽ എന്തിന് വിവാഹത്തിന് വരണം. അദ്ദേഹത്തിന് അന്ന് ആരോഗ്യപ്രശ്നങ്ങളുണ്ട്. എന്നിട്ടും വന്നു. എപ്പോഴും അവരുടെ അനുഗ്രഹം ഞങ്ങൾക്കുണ്ട്. ഞാനും ഗൗതമും ഡേറ്റ് ചെയ്യുന്ന കാലം മുതൽ അങ്കിളിന് തന്നെ അറിയാം. എത്രയോ തവണ ആ വീട്ടിൽ പോയിട്ടുണ്ട്. അദ്ദേഹം രസികനാണ്. ഒരിക്കൽ അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു സിനിമയുടെ റീമേക്കിന്റെ ഓഫർ എനിക്ക് വന്നു.

അങ്കിളുമായി അത് സംസാരിക്കാനുള്ള പ്രിവിലേജ് എനിക്കുണ്ടായി. ഈ സിനിമ ചെയ്താൽ നന്നാകുമോ എന്ന് ഞാൻ ചോദിച്ചു. ചെയ്യേണ്ട എന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യമൊന്നും എല്ലാവരോടും പറയാനാകില്ല. എല്ലാ കുടുംബത്തിലും പ്രശ്നമുണ്ടാകും, വഴക്കുണ്ടാകും. പക്ഷെ കുടുംബം കുടുംബമാണ്. അദ്ദേഹം വലിയൊരു വിവാഹ ചടങ്ങായിരുന്നു ആഗ്രഹിച്ചത്. ഇൻഡസ്ട്രിയിലെ സുഹൃത്തുക്കളെയെല്ലാം വിളിച്ച് വലിയൊരു വിവാഹ ആഘോഷം.
പക്ഷെ ഞങ്ങൾക്കിതാണ് വേണ്ടതെന്ന് പറഞ്ഞു. അദ്ദേഹം അതിന് സമ്മതിച്ചു. അത്ര മാത്രമേയുള്ളൂ. ഗൗതമിന്റെ അച്ഛനും അമ്മയും ഒരുമിച്ചെത്തിയത് മനോഹര നിമിഷമായിരുന്നു. അവർ വേർപിരിഞ്ഞതാണെന്ന് പുറത്ത് അറിയാവുന്നതാണ്. പക്ഷെ വിവാഹത്തിന് അവർ ഒരുമിച്ചെത്തി. പ്രശ്നമുണ്ടായിരുന്നെങ്കിൽ അത് നടക്കില്ലായിരുന്നു. അവർ വ്യക്തിപരമായി എന്തിലൂടെയാണ് കടന്ന് പോയതെന്ന് ഞങ്ങൾക്കറിയാം. അങ്ങനെയുള്ള അവർ ഒരുമിച്ചെത്തി ഞങ്ങളെ പിന്തുണച്ചത് വലിയ അനുഗ്രഹമാണെന്നും മഞ്ജിമ മോഹൻ വ്യക്തമാക്കി. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.


Click it and Unblock the Notifications