ഭയങ്കര വിഷമത്തിലും ഡിപ്രഷനിലുമായിരുന്നെന്ന് മീര, കേട്ടത് പോലെയല്ല അവരുടെ പെരുമാറ്റം: മഞ്ജു പത്രോസ്
ടെലിവിഷനിലും ബിഗ് സ്ക്രീനിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മഞ്ജു പത്രോസ് ഇതിനോടകം നിരവധി താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സഹനടി വേഷങ്ങളിൽ മികവ് പുലർത്തിയ മഞ്ജുവിനി് മുഴുനീള വേഷങ്ങൾ ടെലിവിഷനിലാണ് ലഭിച്ചത്. മീര ജാസ്മിനും നരേനും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് ക്യൂൻ എലിസബത്ത്. 2023 ലാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. എം പദ്മകുമാർ സംവിധാനം ചെയ്ത സിനിമയിൽ മഞ്ജു പത്രോസും അഭിനയിച്ചിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് മീര നായികയായ ചക്രം എന്ന സിനിമയിലും മഞ്ജു പത്രോസ് നായികയായിരുന്നു. ക്യൂൻ എലിസബത്തിൽ മീരയ്ക്കൊപ്പം അഭിനയിച്ച അനുഭവങ്ങൾ പങ്കുവെക്കുകയാണ് മഞ്ജു പത്രോസ്. വളരെ നല്ല വ്യക്തിയാണ് മീര ജാസ്മിനെന്ന് മഞ്ജു പത്രോസ് പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം. നമ്മൾ ചക്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അയ്യോ, ആ ആളാണോ മനസിലാകുന്നില്ല, ഭയങ്കരമായി മാറിപ്പോയെന്ന് മീര പറഞ്ഞു. മീര എന്നേക്കാൾ മൂത്തയാളാണ്. പക്ഷെ കണ്ടാൽ പറയില്ല, എന്റെ മോളെപ്പോലിരിക്കും.

അത് ഓരോരുത്തരുടെ ജെനിറ്റിക്കും ജീവിത ശെെലിയുമാണ്. നല്ല കുട്ടിയാണ് മീര. പണ്ടൊക്കെ ഞാൻ കേട്ടിട്ടുള്ളത് മീര ഇമോഷണലി വീക്കാണ്, അവരുടെ കൊണ്ടുപോകാൻ പാടാണ് എന്നൊക്കെയാണ്. പക്ഷെ അങ്ങനെയല്ല. അവർ നമ്മുടെ കഥകൾ കേൾക്കും. എന്നെ കുറേ ആശ്വസിപ്പിച്ചു. സാരമില്ല, അതൊക്കെ ശരിയാകും, ഞാൻ ഭയങ്കര പ്രശ്നത്തിലോട്ടും ഡിപ്രഷനിലോട്ടും പോയതാണ്, ഞാൻ എന്റെ ലെെഫ് സ്റ്റെെലാെക്കെ മാറ്റി ഇപ്പോൾ ഭയങ്കര സന്തോഷവും സമാധാനവുമാണെന്ന് പറഞ്ഞു. അങ്ങനെയൊക്കെ പറയുമ്പോൾ നമുക്കൊരു ധെെര്യമല്ലേ. നല്ല കൊച്ചാണ് മീരയെന്നും മഞ്ജു പത്രോസ് പറഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് സജീവമാകുകയാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയിലൂടെയായിരുന്നു മീരയുടെ തിരിച്ച് വരവ്. ടെസ്റ്റ് ആണ് മീരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നയൻതാര നായികയായ ഈ തമിഴ് ചിത്രത്തിൽ മീരയ്ക്കും ശ്രദ്ധേയ വേഷമാണ് ലഭിച്ചത്. സിദ്ധാർത്ഥ്, മാധവൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.
മീര ജാസ്മിൻ സിനിമാ രംഗത്ത് തിളങ്ങി നിന്ന കാലത്ത് നടിയെക്കുറിച്ച് പല അഭ്യൂഹങ്ങളും സിനിമാ രംഗത്ത് പ്രചരിച്ചിരുന്നു. സെറ്റിൽ കൃത്യസമയത്ത് എത്തില്ല, ദേഷ്യപ്പെടുന്നു, തോന്നുന്ന സമയത്ത് ഇറങ്ങിപ്പോകുന്നു തുടങ്ങിയ വിമർശനങ്ങളാണ് മീര ജാസ്മിന് കേൾക്കേണ്ടി വന്നത്. സംവിധായകൻ കമൽ മീരയെ പരസ്യമായി വിമർശിക്കുക പോലുമുണ്ടായി.
എന്നാൽ ആരോപണങ്ങൾ മീര കാര്യമാക്കിയില്ല. സെറ്റിൽ അച്ചടക്കം പാലിക്കാത്ത ആളല്ല താനെന്നും തന്നോട് മോശമായി പെരുമാറാൻ ശ്രമിച്ചാൽ പ്രതികരിക്കുമെന്നും മീര ജാസ്മിൻ പിന്നീടൊരിക്കൽ വ്യക്തമാക്കി. ആർക്കും തട്ടിക്കളിക്കാനുള്ള പന്ത് അല്ല ഞാൻ. തന്നോട് നല്ല രീതിയിൽ പെരുമാറിയാൽ അങ്ങനെയേ തിരിച്ചും പെരുമാറൂയെന്നും മീര ജാസ്മിൻ പറഞ്ഞിട്ടുണ്ട്.
ഒരു ഘട്ടത്തിൽ സിനിമാ ലോകത്ത് നിന്നും അകന്ന മീര ദുബായിലേക്ക് മാറി. പിന്നീട് ഏറെക്കാലം ലെെം ലെെറ്റിൽ നിന്നും പൂർണമായും മാറി നിന്നു. ഇന്ന് വീണ്ടും നടി കരിയറിൽ സജീവമാണ്. തമിഴിലും തെലുങ്കിലും മലയാളത്തിലും സിനിമകൾ ചെയ്യുന്നു. തിരിച്ച് വരവിൽ പഴയത് പോലൊരു ഹിറ്റ് സിനിമ മീര ജാസ്മിന് ലഭിച്ചിട്ടില്ല. പ്രിയ നടി വീണ്ടും ശ്രദ്ധേയ വേഷങ്ങൾ ചെയ്യുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


Click it and Unblock the Notifications











