അമ്മയുടെ മാല വിറ്റാണ് വിവാഹ മോചന കേസ് നടത്തിയത്; ആദ്യ വിവാഹത്തെക്കുറിച്ച് മഞ്ജു പിള്ള
മലയാള സിനിമയിൽ വർഷങ്ങളായി തുടരുന്ന നടി ആണ് മഞ്ജു പിള്ള. കോമഡി വേഷങ്ങളിലാണ് മഞ്ജു പിള്ള ആദ്യ കാലത്ത് കൂടുതലായും അഭിനയിച്ചത്. സിനിമകളിൽ നാളുകളായെങ്കിലും അടുത്ത കാലത്താണ് മഞ്ജു പിള്ളയിലെ അഭിനേത്രിയെ സിനിമയിൽ ഉപയോഗപ്പെടുത്തിയത്. അതിന് മുമ്പ് സീരിയലുകളിൽ ആയിരുന്നു മഞ്ജു പിള്ളയെ കൂടുതലും കണ്ടത്.
ഇക്കഴിഞ്ഞ വർഷങ്ങളിൽ സിനിമകളിൽ നല്ല അവസരങ്ങൾ മഞ്ജു പിള്ളയെ തേടി എത്തുന്നുണ്ട്. ഹോം, ടീച്ചർ, ജയ ജയ ഹേ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. മകളുടെ കാര്യങ്ങൾ നോക്കേണ്ടതിനാൽ തിരക്ക് പിടിച്ച് സിനിമകൾ ചെയ്യേണ്ട എന്ന തീരുമാനത്തിൽ ആയിരുന്നു മഞ്ജു പിള്ള. മകൾ വിദേശത്തേക്ക് പഠിക്കാൻ പോയതോടെ ആണ് നടി സിനിമകളിൽ സജീവമാവാൻ തുടങ്ങിയത്.

മഞ്ജു പിള്ളയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാർത്തകളിൽ നിറയാറുണ്ട്. നടൻ മുകുന്ദൻ മേനോൻ ആയിരുന്നു മഞ്ജു പിള്ളയുടെ ആദ്യ ഭർത്താവ്. ഇരുവരും തമ്മിൽ സീരിയലിൽ അഭിനയിക്കവെ ഉണ്ടായ പരിചയം വിവാഹത്തിൽ എത്തുകയായിരുന്നു. എന്നാൽ ഈ ബന്ധം അധിക കാലം നീണ്ടു നിന്നില്ല., ഇരുവരും വേർപിരിയുകയും ചെയ്തു.
ഛായഗ്രഹകൻ സുജിത് വാസുദേവിനെ ആണ് മഞ്ജു രണ്ടാം വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകളുമുണ്ട്, ഇപ്പോഴിതാ വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മഞ്ജു പിള്ള. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഡിവോഴ്സിന്റെ സമയത്ത് കേസ് നടത്താൻ കൈയിൽ ഒന്നും ഇല്ല. എന്റെ അമ്മയുടെ കഴുത്തിൽ കിടന്ന മാല വിറ്റിട്ടാണ് കേസ് നടത്തിയത്. എനിക്ക് യാതൊരു വിഷമവും ഇല്ലായിരുന്നു. കാരണം അതിന് ശേഷം ഞാൻ അമ്മയ്ക്ക് വാങ്ങിക്കൊടുത്തത് അമ്മ ആഗ്രഹിച്ചതെല്ലാം ആണ്. എന്നോട് ഒരു ദിവസം പറഞ്ഞു, എനിക്ക് പവിഴത്തിന്റെ മാല ഇട്ടാൻ കൊള്ളാമെന്നുണ്ടെന്ന്'

'പവിഴത്തിന്റെ മാല, തുളസിയുടെ മാല, ലളിതാമ്മയുടെ വീട്ടിൽ നിന്നും കിട്ടിയ രുദ്രാക്ഷം കൊണ്ടുള്ള മാല. അമ്മയ്ക്ക് എന്തൊക്കെ വേണം എന്ന് പറഞ്ഞോ അതൊക്കെ ഞാൻ സാധിച്ച് കൊടുത്തിട്ടുണ്ട്. അതിന്റെ കണക്ക് പറഞ്ഞതല്ല, ഞാൻ അവിടെ നിന്ന് ഇവിടെ എത്തി എന്ന് പറഞ്ഞതാണ്,' മഞ്ജു പിള്ള പറഞ്ഞു.
നിലവിൽ കരിയറിന്റെ തിരക്കുകളിൽ ആണ് മഞ്ജു പിള്ള. ടെലിവിഷനിലും ശ്രദ്ധേയ വേഷങ്ങൾ മഞ്ജു പിള്ളയെ തേടി വന്നിരുന്നു. തട്ടീം മുട്ടീം എന്ന പരമ്പരയിയിൽ മാത്രമാണ് ഒടുവിൽ മഞ്ജു പിള്ള ടെലിവിഷനിൽ അഭിനയിച്ചത്.
കൽപ്പന, കെപിഎസി ലളിത തുടങ്ങിയ കലാകാരികളുടെ വിയോഗം സിനിമാ ലോകത്തുണ്ടാക്കിയ വിടവ് നികത്താൻ പറ്റിയ നടി ആയാണ് മഞ്ജു പിള്ളയെ പ്രേക്ഷകർ കാണുന്നത്.
ഹോം എന്ന സിനിമയ്ക്ക് ശേഷമാണ് മഞ്ജു പിള്ളയുടെ കരിയർ ഗ്രാഫ് ഉയർന്നത്. ഇന്നും ഈ സിനിമയുടെ പേരിൽ മഞ്ജുവിനെ തേടി പ്രശംസകൾ എത്തുന്നു. ഇന്ദ്രൻസ് ആയിരുന്നു സിനിമയിലെ കേന്ദ്ര കഥപാത്രം ചെയ്തത്. ടീച്ചർ ആണ് മഞ്ജു പിള്ളയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അമല പോൾ ആയിരുന്നു സിനിമയിലെ നായിക. കെആർ ഗൗരിയമ്മയുമായി സാദൃശ്യമുള്ള കഥാപാത്രത്തെ ആണ് മഞ്ജു പിള്ള ഈ സിനിമയിൽ അവതരിപ്പിച്ചത്.


Click it and Unblock the Notifications











