ഇനിയുള്ള ജീവിതം കണ്ടവർക്ക് വേണ്ടി തലപുകയ്ക്കാതെ ജീവിക്കണം: മഞ്ജു പിള്ള പറയുന്നു
മഞ്ജു പിള്ള ഇന്ന് മലയാള സിനിമയിൽ ഏറെ വേർസറ്റൈൽ വേഷങ്ങൾ ചെയ്ത് തിളങ്ങി നിൽക്കുന്ന അഭിനേത്രികളിൽ ഒരാളാണ്. സിനിമയിൽ എത്തിയിട്ട് വളരെക്കാലമായെങ്കിലും, അണ്ടർറേറ്റഡ് പ്രതിഭകളുടെ പട്ടികയിൽ ഒതുങ്ങിയിരുന്ന മഞ്ജുവിന്, അർഹിക്കുന്ന അംഗീകാരങ്ങളും, നല്ല കഥാപാത്രങ്ങളും കിട്ടി തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു. എന്നാലിന്ന്, കെ.പി.എ.സി ലളിതയും, സുകുമാരിയും, കൽപ്പനയും ഒക്കെ ഉൾപ്പെടുന്ന പകരം വയ്ക്കാനില്ലാത്ത നടിമാരുടെ പട്ടികയിലേക്ക് മഞ്ജു പിള്ള ഉയർന്നു കഴിഞ്ഞു.
അടുത്തിടെ, വനിത യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, മഞ്ജു പിള്ളയും, മകളും മോഡലുമായ ദയ സുജിത്തും, തങ്ങളുടെ വ്യക്തി ജീവിതങ്ങളെ കുറിച്ചും, സോഷ്യൽ മീഡിയയിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും ഒക്കെ മനസ്സ് തുറന്നിരുന്നു. സിനിമാട്ടോഗ്രാഫർ സുജിത് വാസുദേവുമായുള്ള വിവാഹമോചനം കഴിഞ്ഞതോട് കൂടി, ഒരുപാട് ഗോസിപ്പുകൾ തന്നെ പറ്റി ഇറങ്ങുന്നുണ്ടെന്നും, അതൊന്നും കാര്യമാക്കാറില്ലെന്നും പ്രശസ്ത നടി പറഞ്ഞു.

"എന്തുവായിത്... ഇതാ ഞാൻ പറയാറുള്ളത്. ഇവന്മാർക്ക് ഇങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി ഇടാൻ അറിയാവൂ... പണി എടുത്ത് ജീവിക്കാൻ അറിയില്ലല്ലോ. ഇപ്പൊ ഈ പറഞ്ഞതിന്റെ പേരിൽ ഇനിയും എന്നെക്കുറിച്ചു പലതും എഴുതും ഇവര്," മഞ്ജു പിള്ള പറഞ്ഞു. "എടൊ... എന്റെ ജീവിതത്തിന്റെ മുക്കാൽ ഭാഗം കഴിഞ്ഞു. ജീവിതം പകുതിയിൽ കൂടുതൽ ഞാൻ ജീവിച്ചു തീർത്തു കഴിഞ്ഞു... ഇനി ആരെ പേടിക്കാൻ? എന്തിനെ പേടിക്കാൻ?" പ്രശസ്ത നടി തുറന്നടിച്ചു. ഗോസിപ്പുകൾ തന്നെ ബാധിക്കുന്ന കാലം കഴിഞ്ഞുവെന്നും അവർ പറഞ്ഞു.
"എനിക്ക് ഇപ്പോൾ ഒന്നിനെയും പേടിയില്ല... ഇനി പേടിക്കുന്നത് നാണക്കേടല്ലേ... ഇനി മാക്സിമം പോയാൽ, പണ്ടൊക്കെ ഉള്ള ആളുകൾ 80, 90 വയസ്സ് വരെയൊക്കെ ജീവിക്കുമായിരുന്നു. ഇപ്പോൾ അത് കുറഞ്ഞു വരികയാണ്. ശ്രദ്ധിച്ചാൽ മനസ്സിലാവും. നമ്മുട ഒക്കെ വയസ്സ് ആവുമ്പോൾ മാക്സിമം 75ൽ കഴിയും. അങ്ങനെ നോക്കിയാൽ, ഏറിപ്പോയാൽ ഇനി പത്ത് - ഇരുപത്തിയഞ്ചു വർഷമേയുള്ളു. അതിലും, ഇനി ഇപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ ഒരു വണ്ടി തട്ടിയാൽ തീരാവുന്ന കേസേയുള്ളു. അത് കൊണ്ട്, ഇനിയുള്ള ജീവിതം കണ്ടവർക്ക് വേണ്ടി തല പുകയ്ക്കാതെ, നമ്മുടെ ജീവിതം നമ്മൾ സന്തോഷമായിട്ട് ജീവിച്ചു തീർക്കുക എന്നേയുള്ളു," മഞ്ജു പിള്ള വിശദീകരിച്ചു.

"എന്റെ അച്ഛനെയും അമ്മയെയും മകളെയും അല്ലാതെ ആരെയും എനിക്ക് നോക്കേണ്ട കാര്യമില്ല. ഞാൻ ആരുടേയും ചിലവിൽ അല്ല ജീവിക്കുന്നത്. രാവും പകലും നല്ല കഷ്ടപ്പെട്ട് ജോലി ചെയ്ത് കാശുണ്ടാക്കിയാണ് ഞാൻ ജീവിക്കുന്നത്," മഞ്ജു പിള്ള കൂട്ടിച്ചേർത്തു. എന്നാൽ ഇങ്ങനെ അസഭ്യങ്ങൾ വന്ന് കമന്റ് ചെയ്യുന്നവർ മാത്രമല്ല, തന്നെ ഏറെ സ്നേഹിക്കുകയും, പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരുപാട് നല്ല സുഹൃത്തുക്കളും സൈബർ ഇടത്തിൽ തനിക്ക് ഉണ്ടെന്നും പ്രശസ്ത നടി കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയുടെ നല്ല വശങ്ങൾ തനിക്ക് ഇഷ്ടമാണെന്നും മഞ്ജു പറഞ്ഞു.
അമ്മ പുനർവിവാഹം ചെയ്‌തെന്ന് ഗോസിപ്പുകൾ വരുമ്പോൾ, താൻ അത് ചിരിച്ചു തള്ളാറാണ് പതിവ് എന്നാണ് മഞ്ജു പിള്ളയുടെ മകൾ ദയ സുജിത് പറഞ്ഞത്. അമ്മ തന്നെയാണ് തന്നെ ഇത് വിളിച്ചു പറയാറുള്ളത്. ഇന്ന് ഈ ആളെ കല്യാണം കഴിച്ചെന്ന് ഗോസിപ്പ് ഉണ്ടെന്ന് പറയുമ്പോൾ, "എന്നെ എന്താ ക്ഷണിക്കാഞ്ഞത്? എനിക്ക് സദ്യ കിട്ടാത്തതിൽ വിഷമം ഉണ്ട്," എന്നാണ് താൻ മറുപടി പറയാറ് എന്നാണ് ദയ വെളിപ്പെടുത്തിയത്.


Click it and Unblock the Notifications











