ഇനിയൊരു വിവാഹത്തിന് തയ്യാറാണോ, ഭാവി പ്ലാൻ എന്ത്?; ഡിവോഴ്സിന് ശേഷം മഞ്ജു പിള്ള പറയുന്നു
കഴിഞ്ഞ വർഷമാണ് നടി മഞ്ജു പിള്ളയും സിനിമോട്ടോഗ്രാഫർ സുജിത്ത് വാസുദേവും വേർപിരിഞ്ഞത്. കുറച്ച് വർഷങ്ങളായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നെന്ന് സുജിത്ത് വാസുദേവാണ് ആദ്യം തുറന്ന് പറഞ്ഞത്. 24 വർഷം നീണ്ട വിവാഹ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. മകൾ ദയ സുജിത്ത് മാതാപിതാക്കളുടെ തീരുമാനത്തെ ഉൾക്കൊണ്ട് ഒപ്പം നിൽക്കുന്നു. ബന്ധം പിരിഞ്ഞെങ്കിലും തന്റെ മകളുടെ അച്ഛനായ സുജിത്തിനോട് ഇന്നും സൗഹൃദമുണ്ടെന്ന് മഞ്ജു പിള്ള കഴിഞ്ഞ ദിവസം പറയുകയുണ്ടായി.
സുജിത്തിനെ വിളിക്കാറും സംസാരിക്കാറുമുണ്ട്. രണ്ട് പേരുടെ കുടുംബങ്ങൾ തമ്മിലും അകൽച്ചയില്ല. എന്നിട്ടും എന്ത് കൊണ്ട് പിരിഞ്ഞെന്ന് ചോദിച്ചാൽ അത് ഞങ്ങളുടെ സ്വകാര്യതയാണെന്നും മഞ്ജു പിള്ള വ്യക്തമാക്കി. ഇപ്പോഴിതാ രണ്ടാമതൊരു വിവാഹത്തിന് തയ്യാറാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് നടി.

നമ്മുടെ ഭാവി നമ്മുടെ കയ്യിലല്ല. പക്ഷെ ഞാൻ ഫോക്കസ്‍ഡ് ആണ്. പ്രൊഫഷണലി ഞാൻ എന്ത് ചെയ്യണം, പ്രൊഫഷണലി ഞാൻ എവിടെ കൊണ്ട് ചെന്നെത്തിക്കണം എന്ന് പ്ലാൻ ചെയ്ത് മുന്നോട്ട് പോകുന്ന ആളാണ്. കുറച്ച് കൂടെ കഴിഞ്ഞാൽ എനിക്ക് കടങ്ങളൊന്നും ഉണ്ടാകാൻ പാടില്ല. ഇപ്പോൾ അത്യാവശ്യം കുറച്ച് കടങ്ങളുണ്ട്. ലോണുകളാണ്.
അത് തീർത്ത് സ്വസ്ഥമായി ജീവിക്കാനുള്ളത് ഉണ്ടാക്കിയിട്ടിട്ട് ഞാൻ ട്രാവൽ ചെയ്യും. മകൾ ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞാലേ അവളെ കെട്ടിക്കൂ. ഞാനൊരാളെ കണ്ട് പിടിച്ച് അവളെ കെട്ടിക്കില്ല. അവളുടെ ഇഷ്ടമാണ്. അഞ്ചാറ് വർഷം അവൾ വിവാഹത്തെക്കുറിച്ച് പറയുമെന്ന് തോന്നുന്നില്ലെന്നും മഞ്ജു പിള്ള വ്യക്തമാക്കി. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
രമ്യമായാണ് താനും സുജിത്ത് വാസുദേവും പിരിഞ്ഞതെന്ന് നേരത്തെ മഞ്ജു പിള്ള വ്യക്തമാക്കിയിരുന്നു. ഒരിക്കലും ഞങ്ങൾ അടിച്ച് പിരിഞ്ഞതല്ല. ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നു.. കോമൺ ഫ്രണ്ട്സ് ഇപ്പോഴുമുണ്ട്. ഞങ്ങളുടെ ഫാമിലി തമ്മിൽ വളരെ അടുപ്പമാണ്. എന്റെ അമ്മയും സുജിത്തിന്റെ അമ്മയും ഇപ്പോഴും ആഴ്ചയിൽ ഒരിക്കൽ ഫോൺ ചെയ്യും. താൻ ദിവസേനയെന്നോണം വിളിക്കാറുണ്ടെന്നും മഞ്ജു പിള്ള വ്യക്തമാക്കി.
സുജിത്തിന് കരിയറിനോടുള്ള പാഷനെ താൻ മനസിലാക്കുന്നെന്നും മഞ്ജു പിള്ള വ്യക്തമാക്കി. ആദ്യം ക്യാമറമാൻ, പിന്നെ ഭർത്താവ്, പിന്നെ അച്ഛൻ എന്നാണ് സുജിത്തിനെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നത്. ക്യാമറ എന്നത് പുള്ളിയുടെ ശ്വാസമാണെന്നും മഞ്ജു പിള്ള പറഞ്ഞു. വലിയ ക്യാമറമാനായി സുജിത്ത് മാറണമെന്ന് ഒരു കലാകാരിയെന്ന നിലയിൽ നേരത്തെ ആഗ്രഹിച്ചതാണ്. സപ്പോർട്ട് ചെയ്തിട്ടുമുണ്ട്. മകൾക്ക് വേർപിരിയൽ പ്രശ്നമായിരുന്നില്ല. ഞങ്ങളുടെ മകളെക്കുറിച്ച് വളരെ അഭിമാനമാണ്. തന്നെയും സുജിത്തിനെയും ഒന്നിപ്പിക്കുന്ന ഘടകമാണ് മകളാണെന്നും മഞ്ജു പിള്ള വ്യക്തമാക്കി.

സുജിത്തുമായുള്ള വിവാഹ ശേഷം മകൾ പിറന്നതോടെ കരിയറിലെ തിരക്കുകളിൽ നിന്ന് മഞ്ജു പിള്ള മാറി നിന്നു. വർഷങ്ങളോളം നടി സിനിമകൾ ചെയ്തില്ല. ഈ ഇടവേള കൊണ്ട് മകളെ നന്നായി വളർത്താൻ തനിക്ക് സാധിച്ചെന്നാണ് മഞ്ജു പിള്ള പറയുന്നത്. മകൾ വിദേശത്തേക്ക് പഠിക്കാൻ പോയതോടെയാണ് നടി വീണ്ടും സിനിമകളിലേക്ക് ശ്രദ്ധ കൊടുത്തത്. ഹോം, ഫാലിമി തുടങ്ങിയ സിനിമകൾ ഏറെ ശ്രദ്ധ നേടി. മറുവശത്ത് സുജിത്തും കരിയറിലെ തിരക്കുകളിലാണ്. ഇദ്ദേഹം സിനിമോട്ടോഗ്രാഫി ചെയ്ത എമ്പുരാൻ തിയറ്ററിൽ പ്രദർശനം തുടരുകയാണ്.
സുജിത്ത് സംവിധാനം ചെയ്ത സിനിമയാണ് ജെയിംസ് ആന്റ് ആലീസ്. ദമ്പതികൾ തമ്മിലുണ്ടായ പ്രശ്നം വിവാഹമോചനത്തിന്റെ വക്കിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. ഈ സിനിമയിൽ സംഭവിച്ചത് തന്നെയാണോ ജീവിതത്തിലും സംഭവിച്ചതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സുജിത്തിനോട് ചോദ്യം വന്നിരുന്നു. അല്ലെന്നായിരുന്നു സുജിത്തിന്റെ മറുപടി. സിനിമ സിനിമ മാത്രമാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
പിരിഞ്ഞതിന് കാരണം എന്തെന്ന് രണ്ട് പേരും ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. മകൾ ദയ സുജിത്ത് വിദേശത്ത് പഠിക്കുകയാണ്. മകളാണ് തന്റെ ആത്മവിശ്വാസവും ശക്തിയുമെന്നാണ് മഞ്ജു പിള്ള പറയുന്നത്. വിവാഹിതയായിരുന്ന കാലത്ത് സുജിത്തിനെക്കുറിച്ച് ഒരിക്കൽ മഞ്ജു പിള്ള സംസാരിക്കുകയുണ്ടായി. സുജിത്തിൽ തനിക്ക് ഇഷ്ടമല്ലാത്ത കാര്യത്തെക്കുറിച്ചാണ് മഞ്ജു സംസാരിച്ചത്. ഒരു സ്ഥലത്ത് പോകണമെന്ന് പറഞ്ഞാൽ കൃത്യ സമയത്ത് ഇറങ്ങില്ല. ഒരുങ്ങാനൊന്നുമല്ല, അങ്ങനെ നിൽക്കും. വണ്ടിയുടെ സ്പീഡാണ് പിന്നെ ഏറ്റവും സഹിക്കാൻ പറ്റാത്തതെന്നും മഞ്ജു പിള്ള വ്യക്തമാക്കി.
വഴക്കുകളുണ്ടാകുന്ന ഭാര്യയും ഭർത്താവുമാണ് താനും സുജിത്തുമെന്നും മഞ്ജു പിള്ള അന്ന് പറഞ്ഞു. വഴക്കുണ്ടാക്കാറില്ല എന്ന് പറയുന്നത് കള്ളമാണ്. അങ്ങനെ ഒരു ഭാര്യയും ഭർത്താവുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരു പത്ത് ശതമാനമുണ്ടാകുമെന്നും മഞ്ജു പിള്ള പറഞ്ഞു. കല്യാണം കഴിഞ്ഞ് അമ്മായിയമ്മ ആദ്യം തന്ന ഉപദേശം അവൻ മുൻകോപക്കാരനാണ്, എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുക, കുറച്ച് കഴിഞ്ഞ് ചെന്ന് പറയുക എന്നാണ്. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമായിരുന്നു പണ്ട്. ഇപ്പോൾ ഒരുപാട് കൺട്രോൾഡ് ആണെന്നും മഞ്ജു പിള്ള വ്യക്തമാക്കി. ജെയിംസ് ആന്റ് ആലീസ് എന്ന സിനിമയെടുത്തപ്പോൾ ആദ്യം എന്നോട് ചോദിച്ചത് എന്താണ് നിനക്ക് എന്നിൽ ഇഷ്ടപ്പെടാത്തത് എന്നാണ്.
ആ സിനിമയിൽ ആലീസ് പറഞ്ഞ വാക്കുകളിൽ പലതും താൻ വീട്ടിൽ പറഞ്ഞിട്ടുണ്ടെന്നും മഞ്ജു പിള്ള വ്യക്തമാക്കി. മകൾ ദയ അധികം സംസാരിക്കാറില്ല. സുജിത്തിന്റെ സ്വഭാവം കിട്ടിയിട്ടുണ്ടെന്നും മഞ്ജു പിള്ള അന്ന് പറഞ്ഞു. ഞാനും ഏട്ടനും (സുജിത്ത്) വഴക്കുണ്ടാക്കും, ചിലപ്പോൾ മിണ്ടാതിരിക്കും. പക്ഷെ അദ്ദേഹത്തിന്റെ അച്ഛനെയും അമ്മയെയും ജീവിതാവസാനം വരെ ഞാൻ നോക്കും. ഏട്ടനെ എനിക്ക് കിട്ടിയതിനേക്കാൾ ഭാഗ്യം ഇത്രയും നല്ല അമ്മായിയപ്പനെയും അമ്മായിയമ്മയെയും കിട്ടിയതാണ്. തെറ്റ് കണ്ടാൽ വഴക്ക് പറയും. പക്ഷെ എന്റെ അമ്മ കഴിഞ്ഞാൽ എന്റെ അമ്മായിയമ്മയാണ് ഏറ്റവും എന്നെ സപ്പോർട്ട് ചെയ്തത്.
മഞ്ജു പിള്ളയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. പ്രണയകാലത്തെക്കുറിച്ച് സുജിത്തും സംസാരിച്ചിട്ടുണ്ട്. മഞ്ജു അഭിനയിക്കുന്ന സീരിയലിൽ ക്യാമറ അസിസ്റ്റന്റായിരുന്നു. ആ പരിചയം വളർന്ന് വന്നെന്നും സുജിത്ത് വ്യക്തമാക്കി. വിവാഹ ശേഷം കരിയറിൽ സ്ട്രഗിൾ ചെയ്യുന്ന സമയത്ത് മഞ്ജു പിള്ള തന്നെ പിന്തുണച്ചിരുന്നെന്നും സുജിത്ത് വ്യക്തമാക്കി. മൂന്ന് മാസം കൊണ്ടാണ് അടുത്തത്. പ്രേമമാണെന്നല്ല പറഞ്ഞത്. കല്യാണം കഴിക്കാൻ ഇഷ്ടമാണ് എന്നാണ്. പുള്ളിയുടെ വീട്ടിൽ ചോദിക്കാൻ ഞാൻ പറഞ്ഞു. എന്റെ രണ്ടാം വിവാഹമാണിത്. ഏട്ടന്റെ ആദ്യ വിവാഹവും. അതിനാൽ വീട്ടുകാർക്ക് ഈ ബന്ധത്തിൽ എതിർപ്പുണ്ടോ എന്നറിയണമായിരുന്നെന്നും മഞ്ജു പിള്ള അന്ന് പറഞ്ഞു.
സിനിമകളിലേത് പോലെ ടെലിവിഷൻ രംഗത്തും വലിയ സാന്നിധ്യമാണ് മഞ്ജു പിള്ള. കോമഡിയും വൈകാരികതയും ഒരേ പോലെ തിളങ്ങുന്ന നടിയാണ് മഞ്ജു പിള്ള. ഇന്ന് ക്യാരക്ടർ റോളുകളിലൂടെ ജനപ്രീതി നടി നേടുന്നു. ഫാലിമി ഉൾപ്പെടെയുള്ള സിനിമകളിൽ നായികാ വേഷത്തിന് തുല്യമായ റോളാണ് മഞ്ജു പിള്ളയ്ക്ക് ലഭിച്ചത്. വെറുതെ വന്ന് പോകുന്ന കഥാപാത്രങ്ങൾ ചെയ്യാൻ താൽപര്യമില്ലെന്നാണ് മഞ്ജു പിള്ള പറയുന്നത്.


Click it and Unblock the Notifications











