ട്രെയിനില്‍ നിന്ന് ചാടട്ടെ എന്നാണ് ചാക്കോച്ചനോട് മോന്‍ ചോദിച്ചത്! പിള്ളേരെ പോലും ആ സീന്‍ സ്വാധീനിച്ചു; മഞ്ജു
വേറിട്ട അമ്മ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടി മഞ്ജു പിള്ള. ഹോം എന്ന സിനിമയ്ക്ക് ശേഷം ഫാലിമി എന്ന സിനിമയിലാണ് വ്യത്യസ്തമായ കഥാപാത്രവുമായി നടി എത്തിയത്. ചിത്രത്തില്‍ നടന്‍ ബേസില്‍ ജോസഫിന്റെ അമ്മയായിട്ടും ജഗദീഷിന്റെ ഭാര്യയായിട്ടും ഒക്കെയാണ് അഭിനയിച്ചത്.
വളരെ ശക്തമായ കഥാപാത്രം എന്നതിനൊപ്പം മഞ്ജുവിന്റെ ചില സീനുകളും വൈറലായിരുന്നു. അതിലൊന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് എടുത്തുചാടുന്ന രംഗമാണ്. ഈ സീന്‍ ഷൂട്ട് ചെയ്തതിനെ പറ്റിയും ലൊക്കേഷനിലെ പിന്നാമ്പുറ കഥകളും മുന്‍പ് നടി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഫാമിലിയിലെ ട്രെയിന്‍ സീന്‍ ചെറിയ കുട്ടികളെ പോലും സ്വാധീനിച്ചിരുന്നുവെന്ന് പറയുകയാണ് നടി. ആ സിനിമ കണ്ടതിനുശേഷം കുഞ്ചാക്കോ ബോബന്റെ മകന്‍ പറഞ്ഞ കമന്റിനെക്കുറിച്ചും മഞ്ജു പറയുന്നു.
'ഫാലിമി എന്ന സിനിമയില്‍ ഞാന്‍ ട്രെയിനില്‍ നിന്ന് ചാടുന്ന സീന്‍ ഇന്റര്‍വെല്ല് പഞ്ച് പോലെയായിരുന്നു. അതുകൊണ്ട് അത് ഒരുപാട് ആളുകളുടെ മനസ്സില്‍ നില നില്‍ക്കാനും സാധിച്ചു. ഫാലിമി കണ്ടതിനു ശേഷം നടന്മാരായ ആസിഫ് അലിയും കുഞ്ചാക്കോ ബോബനുമൊക്കെ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞത് ട്രെയിനില്‍ നിന്ന് ചാടി പറന്നു നില്‍ക്കുന്ന ആ സീനിനെ കുറിച്ചാണ്. അതുപോലെ കൊച്ചു പിള്ളേര്‍ക്ക് പോലും ആ സീനാണ് ഇഷ്ട്ടപെട്ടത്.
സിനിമ കണ്ടതിന്റെ പിറ്റേന്ന് കുഞ്ചാക്കോ ബോബനും ഭാര്യയും മകനും കൂടി തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ പോവുകയാണ്. പെട്ടെന്ന് ചാക്കോച്ചന്റെ മകന്‍ 'പപ്പാ, നമ്മള്‍ പോകുമ്പോള്‍ ഞാനും അതുപോലെ ട്രെയിനില്‍ നിന്ന് ചാടട്ടെ' എന്ന് ചോദിച്ചിരുന്നു. അങ്ങനെ പിള്ളേരുടെ മനസ്സില്‍ പോലും ആ സീന്‍ നിറഞ്ഞു നിന്നുവെന്നാണ് മഞ്ജു പറയുന്നത്.

നിധീഷ് സഹദേവ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമയാണ് ഫാലിമി. 2023 നവംബർ 17,നാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിയത്. കോമഡി ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ ബേസിൽ ജോസഫും ജഗദീഷും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ കഥാപാത്രങ്ങൾ വാരണാസിയിലേക്ക് ട്രെയിനിൽ യാത്ര നടത്തുന്നുണ്ട്. ഇടയ്ക്ക് ജഗദീഷിന്റെ കഥാപാത്രം ചായ കുടിക്കാനായി ട്രെയിനിൽ നിന്ന് പുറത്തിറങ്ങും. ആ സമയത്ത് ട്രെയിൻ മുന്നോട്ടു പോവുകയും ഭർത്താവിനെ രക്ഷിക്കാനായി വരുന്ന മഞ്ജുവിന്റെ കഥാപാത്രം അബദ്ധത്തിൽ ട്രെയിനിനുള്ളിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീഴുകയും ചെയ്യും.
ഈ സീൻ ചിത്രീകരിച്ചത് വളരെ കഷ്ടപ്പെട്ടിട്ടാണെന്ന് മുൻപ് ചില അഭിമുഖങ്ങളിൽ മഞ്ജു പറഞ്ഞിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് തന്നെ ഈ സീൻ ഷൂട്ട് ചെയ്യേണ്ടതിനാൽ ഒരുതവണ മുന്നോട്ടുപോയ ട്രെയിൻ പിന്നെ മണിക്കൂറുകൾക്കു ശേഷം കറങ്ങി വന്നിട്ടാണ് വീണ്ടും എടുത്തിരുന്നത്. അങ്ങനെ കഷ്ടപ്പെട്ട് എടുത്തതാണെങ്കിലും അതിന്റെ ഗുണമുണ്ടായി.


Click it and Unblock the Notifications