വർഷങ്ങൾക്ക് ശേഷം ആ ഗാനത്തിന് നൃത്തം ചെയ്ത് മഞ്ജു! കണ്ണാടിക്കൂടും കൂട്ടി...
മലയാളത്തിലെ എവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് പ്രണയവർണ്ണങ്ങൾ. ബിജു മേനോൻ, ദിവ്യ ഉണ്ണി, സുരേഷ് ഗോപി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തെ പോലെ തന്നെ അതിലെ ഗാനങ്ങളും പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടി. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഗാനങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ ഇടയിലെ സൂപ്പർ ഹിറ്റാണ്.

പ്രണയവർണങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ ഒന്നാണ് 'കണ്ണാടി കൂടും കൂട്ടി...' എന്ന ഗാനം. മഞ്ജുവാര്യരും സുരേഷ് ഗോപിയും മനോഹരമാക്കിയ ഗാനത്തിന് വർഷങ്ങൾക്ക് ശേഷം മഞ്ജു ഒരിക്കൽ കൂടി ചുവട് വയ്ക്കുകയാണ്. വിദ്യാർഥികൾക്കൊപ്പം നടി ഡാൻസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. തേവര സേക്രഡ് ഹാർട്ട് കോളേജിൽ യൂണിയൻ ആഘോഷത്തിന്റെ ഭാഗമായി എത്തിയതായിരുന്നു താരം.
പരിപാടിക്കിടെ മഞ്ജുവിനോടൊപ്പം വിദ്യാർഥിനികളും വേദിയിൽ കയറി നൃത്തം ചെയ്യുകയായിരുന്നു. ഇപ്പോഴും ഏറെ ആരാധകരുള്ള ഗാനമാണിത്. ഇന്നും കോളേജുകളിലും മറ്റ് പരിപാടികൾക്കും ഈ ഗാനം പതിവായി കേൾക്കാം. 1998 സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസും ചിത്രയും ചേർന്നാണ്. ഗിരീഷ് പുത്തഞ്ചോരി, സച്ചിദാനന്ദൻ പുഴങ്കര എന്നിവർ ചേർന്നാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സംഗീത സംവിധാനം വിദ്യാസാഗറാണ്.


Click it and Unblock the Notifications