സച്ചിയുടെ വേര്‍പാടില്‍ തകര്‍ന്ന് സിനിമാലോകം! ദിലീപും, മഞ്ജു വാര്യരുമടക്കം അനുശോചനവുമായി താരങ്ങള്‍
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ അപ്രതീക്ഷിത വിട പറയിലില്‍ പകച്ച് സിനിമാലോകം. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇന്ന് ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി വന്നിരുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിനാല്‍ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
മലയാള സിനിമയില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച അതുല്യ പ്രതിഭകളിലൊരാളായിരുന്നു സച്ചി. പ്രിയപ്പെട്ടവന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ട് സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. നിവിന്‍ പോളി, ദിലീപ് മഞ്ജു വാര്യര്‍ തുടങ്ങി നിരവധി താരങ്ങളാണ് സച്ചിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുന്നത്.

നിവിന്‍ പോളി
സച്ചിയേട്ടന്റെ പെട്ടെന്നുള്ള മരണ വാര്‍ത്ത കേട്ട ഷോക്കിലാണ്. മലയാള സിനിമയ്ക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. എന്നാണ് നടന്‍ നിവിന്‍ പോളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

വിനയന്‍
മലയാള സിനിമയുടെ വരദാനമെന്നു വിശേഷിപ്പിക്കാവുന്ന കലാകാരന്‍ സച്ചിയുടെ വിടവാങ്ങല്‍ ഞെട്ടിപ്പിക്കുന്നതാണ്... ആദരാഞ്ജലികള്‍ നേരുന്നു. സംവിധായകന്‍ വിനയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സച്ചിയ്ക്ക് അനുശോചനം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ്.

മഞ്ജു വാര്യര്‍
നഷ്ടങ്ങളുടെ വര്‍ഷത്തില്‍ നികത്താനാവാത്ത ഒരു നഷ്ടം കൂടി... പ്രിയപ്പെട്ട സച്ചിക്ക് ആദരാഞ്ജലികള്‍ എന്നാണ് സച്ചിയുടെ മരണ വാര്‍ത്ത അറിഞ്ഞ ഉടന്‍ നടി മഞ്ജു വാര്യര്‍ പറയുന്നത്.

ഷാജി കൈലാസ്
നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച, പ്രാര്‍ത്ഥിച്ച ഒരു നഷ്ടം കൂടി. ഒരുപാട് നേരത്തെയാണ് ഈ യാത്ര. കാതലും കഴമ്പുമുള്ള ഒരു എഴുത്തുകാരന്‍. പ്രതിഭയാര്‍ന്ന സംവിധായകന്‍. അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത്. അതായിരുന്നു സച്ചി. നഷ്ടമായത് ഒരു സഹപ്രവര്‍ത്തകനെ മാത്രമല്ല, നല്ലൊരു സുഹൃത്തിനെയും സഹോദരനെയുമാണ്. നഷ്ടങ്ങളുടെ നിരയിലേക്ക് ഇപ്പോഴൊന്നും ഇടം പിടിക്കരുതായിരുന്ന വിജയങ്ങളുടെ തോഴന്‍. പകരം വെക്കാനില്ലാത്ത ഈ പ്രതിഭയുടെ കഥാപാത്രങ്ങളിലൂടെ തന്നെ സച്ചി ഇനിയും ജീവിക്കും. എന്ന് സംവിധായകന്‍ ഷാജി കൈലാസ് പറയുന്നു.

അജു വര്‍ഗീസ്
വലിയ നഷ്ടം സംഭവിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേ എന്ന് നടന്‍ അജു വര്‍ഗീസ് പറയുന്നു.

ദിലീപ്
പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെ എനിക്ക് ജീവിതം തിരിച്ച് തന്ന നീ വിടപറയുമ്പോൾ വാക്കുകൾ മുറിയുന്നു, എന്ത് പറയാൻ. ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേർ പാടിൽ കണ്ണീർ അഞ്ജലികൾ

പൃഥ്വിരാജ്
പൃഥ്വിരാജിനൊപ്പമായിരുന്നു സച്ചി ഏറ്റവുമധികം സിനിമകളൊരുക്കിയത്. തിരക്കഥ ഒരുക്കിയ ആദ്യ സിനിമയും അവസാന ചിത്രവും പൃഥ്വിരാജിന് വേണ്ടിയായിരുന്നു. അതിനാൽ സച്ചിയുടെ മരണം പൃഥ്വിയ്ക്കും വലിയ ആഘാതമായി. 'പോയി' എന്ന് മാത്രമാണ് പൃഥ്വിരാജ് സമൂഹ മാധ്യമത്തിലൂടെ എഴുതിയിരിക്കുന്നത്.


Click it and Unblock the Notifications